2019, ഫെബ്രുവരി 10, ഞായറാഴ്‌ച

മേഘസ്വപ്നം


മേഘസ്വപ്നം

രാത്രി വൈകിയാണ് അവധിയെടുക്കണമെന്നുള്ള ആഗ്രഹം തീവ്രമായത്. മുഷിപ്പ് വല്ലാതെ ബാധിച്ചിക്കുന്നു. ചെയ്യാൻ പ്രത്യേകിച്ച് ഒന്നുമുണ്ടായിട്ടല്ല. വെറുതെ നഗരത്തിലൂടെ നടക്കണം , പുതിയ വസ്ത്രം വാങ്ങണം, സിനിമ കാണണം,  പറ്റിയാൽ എലിഫ്ന്സ്ടോൺ സ്റ്റേഷനിൽ ഒന്നിറങ്ങണം.  ഒൻപത്  മാസത്തിലേറേയായ് പുതിയ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചിട്ട്. ഞായറെന്നോ സ്വാതന്ത്രദിനമെന്നോ ഗാന്ധിജയന്തിയെന്നോ  പരിഗണിച്ച് ഒരു ദിവസം പോലും അവധി എടുക്കാന്‍ കഴിഞ്ഞിട്ടില്ല.  ഇടക്ക് രണ്ട് മൂന്ന് തവണ അവധിക്ക് ശ്രമിച്ചതാണു , പക്ഷേ സൗമ്യതവും കാർശ്യവും അളന്ന് മുറിച്ച് അവസരോചിതമായ് ഉപയോഗിക്കുന്ന പ്രൊജക്റ്റ് മാനേജറുടെ മുന്നിൽ ഒന്നും വിലപ്പോയില്ല. കൂടെ ജോലിചെയ്യുന്നവർ കളിയാകുന്നുണ്ട്,  അടിമയാണെന്നെല്ലാം വിളിച്ച്. ചിലർ പഴിക്കും. അവധി ചോദിക്കുമ്പോൾ മാനേജര്‍ ഫ്രെഡി ജോണിന്റെ ഉദാഹരണം എടുത്തിടുമെന്നാണു അവർ പറയുന്നത്.  

കാരണങ്ങൾ ഒന്നുമില്ലാതെ എങ്ങനെയാണു അവധിയെടുക്കുക. സുഖമില്ലന്നും മറ്റെന്തെങ്കിലും അത്യാവശ്യവുമുണ്ടെന്നെല്ലാം നുണ പറഞ്ഞാൽ  മുഖത്ത് നിന്നു തന്നെ വായിക്കാം. ചിലനേരങ്ങളിൽ സത്യം പറയുന്നതിനേക്കാൾ ആത്മവിശ്വാസം വേണം  നുണപറയാൻ. പഴിയും പരിഹാസവും ഇഴചേര്‍ത്ത് സഹപ്രവർത്തകർ പറയും. 'പെണ്ണും കുടുമ്പവുമൊന്നും ഇല്ലാത്തോണ്ടാണു '.

സമയം പകുത്തു കൊടുക്കാന്‍ ആരും ഇല്ലാത്തവര്‍ക്ക് എന്തിനാണ് അവധികള്‍ ?


ഇഷ്ടമില്ലാത്ത ജോലിക്ക്  പോകാൻ  നിത്യവും അടിക്കുന്ന  അലാറം  വച്ചില്ല.  കട്ടി കൂടിയ ചില്ലുള്ള കണ്ണട ഊരി കൈയെത്തും ദൂരെ വച്ച് ഇരുട്ടുനെ നോക്കി പറയേണ്ട നുണയെ പറ്റി ഓർത്ത് കിടന്നു. എന്ത് തന്നെ സംഭവിച്ചാലും നാളെ  അവധിയെടുക്കണം. എന്നത്തേയും പോലെ നിദ്ര നേർത്ത തരിപ്പോടെ തളവിരലിൽ നിന്നും നെറ്റിയിലേക്ക്  പുതക്കവേ ഇരുട്ട് മേഘങ്ങളായ് കനച്ചു നിന്നു.   

രാവിലെ അലാറം പതിവായ്‌ അടിക്കുന്നതിനും ഏറനേരം മുൻപേ ഫ്രെഡി ഉണര്ന്നുപോയി.  വല്ലാത്ത ഒരു ഭീതി പിടിപ്പെട്ടപോലെ. നുണകളൊന്നും പറ്റുന്നില്ല, ദഹിക്കാത്ത ഭക്ഷണം തികട്ടി വരുന്നു. ശരീരമാസകലം വിറക്കുന്നു. അവധി  മറ്റൊരു ദിവസമാകാം, സാഹചര്യമുണ്ടാകട്ടെ.

ഇങ്ങനെ ആദ്യമായിറ്റൊന്നുമല്ല. രാത്രി അവധിയെടുക്കണമെന്ന് തീരുമാനിച്ച് ഉറങ്ങുകയും പുലർച്ചേ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വേണ്ടന്ന് വയ്ക്കുന്നതും ശീലം പോലെയായിട്ടുണ്ട്.

അയാള്‍ കുളിച്ചൊരുങ്ങി പുറപ്പെട്ടു. സാധാരണയുള്ളതിനേക്കാളും  നേരത്തേയായതിനാലാകും വഴികാഴ്ച്ചകളിലും   ശബ്ദത്തിലും ഇളവെയിൽ തീവ്രതയിലുമെല്ലാം പുതുമതോന്നി. ലോക്കൽ ട്രയിനിൽ ഒട്ടി ഒട്ടി നില്ക്കാനുള്ള തിരക്കേ ഉണ്ടായിരുന്നുളൂ.  ലിഫ്റ്റിലെ ചതുരകട്ടകൾ പ്രകാരം ഇരുപത്തി രണ്ട് നിലകളുള്ള പടുകൂറ്റൻ ബിള്ഡിങിലെ പതിനാലാം നിലയിലാണു ഓഫീസ്. ഗ്രൌണ്ട് ഫ്ലോറിലെ ലിഫ്റ്റിനും ഓഫീസിനും ഇടയില്‍ സമയം ആവശ്യത്തിലധികം നീണ്ടു കിടന്നതിനാൽ പടികൾ കയറിയാണു പോയത്. ഉള്ളിലേക്ക് കയറിയാൽ ആകാശത്ത് നിന്നും കിണർ കുഴിച്ച പോലെ കാണപ്പെടുന്ന ബിൾഡിങ്ങിന്റെ ഓരം ചുറ്റിയാണു പടികൾ . അവിടെ നിന്നാൽ  ലിഫ്റ്റുകള്‍  വിശേഷപ്പെട്ടതെന്തോ കോരിയെടുത്ത് കൊണ്ട്  മുകളിലേക്ക് പോവുന്നതും  താഴേക്ക് വീഴുന്നതും കാണാം.

പതിനാലാം നിലയിലെ ഓഫീസിന്റെ വാതിലിനു മുൻപിൽ എത്തിയപ്പോൾ നിരാശതോന്നി. ആത്മവിശ്വാസത്തോടെ , സംശയങ്ങള്ക്കൊന്നും ഇടകൊടുക്കാതെ എന്തു നുണയാണു പറയാനാകുക. അമ്മച്ചി  മരിച്ച് പോയെന്ന് പറഞ്ഞാലോ ? ന്യായമായും അഞ്ച് ദിവസമെങ്കിലും കിട്ടണം.  അങ്ങനെ ഒരു ദിനം സമാഗതമായാൽ എങ്ങനെ പ്രതികരിക്കണമെന്നതിനും ഉപയോഗിക്കേണ്ട വാക്കുകളെ കുറിച്ചുമെല്ലാ  ഫ്രെഡിക്ക്  വ്യക്തമായ ധാരണയുണ്ട്. പക്ഷേ  അന്നേരവും കിഴവൻ മാനേജറ് എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞു തളർത്തികളയുമോയെന്നോർത്ത്  ഭീതിയും  തോന്നാറുണ്ട്. പുലര്‍ക്കാലത്തുണ്ടായതിനു സമാനമായ്‌ അകാരണമായ ഭയം അയാളെ അലട്ടി. കയറി വന്ന പടികളില്‍ കൂടെ തന്നെ ഇറങ്ങിയോടിയാലോ. ?

ഭീരുവിന്‍ മേല്‍ എപ്പോഴും ജയിക്കുക ഭയമായിരിക്കും. അയാള്‍ പുറം ചൂടില്‍ നിന്നും തണുപ്പിന്റെ തടവറയിലേക്ക് കയറി. നാലാം നിരയിലെ ജലജ കുൽക്കറ്ണിയുടെ ടേബിൾ പാക്ക് ചെയ്തിരുന്നു. അവളുടെ മേക്ക് അപ്പ് സാധനങ്ങളോ ഉയരം കൂടീയ ടീ കപ്പോ ഒന്നും കാണാനില്ല. അവസാനമായ് ഓഫീസിൽ വന്ന ദിവസം  ജലജ നീല സാരിയാണു ഉടുത്തിരുന്നത്. അന്ന് കോഫീ ടേബിളിൽ ഇരിക്കവേ കുറേയധികം  പിന്നുകൾ കൊണ്ട്  ശരീരം മറച്ച് വച്ചിട്ടും  സ്ഥാനം തെറ്റിയ വിടവിൽ നോട്ടം  പൊക്കിളിലേക്ക് പാഞ്ഞു പോയിരുന്നു. രൂപ ഭാവങ്ങളിൽ സ്വാഭാവികത അഭിനയിച്ചിട്ടും ദുർനോട്ടം മനസ്സിലായിട്ടുണ്ടാകണം. നീരസം ആരോടെന്നില്ലാതെ കാട്ടികൊണ്ടാണു  അവൾ   കടന്നു പോയത്. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ മെസ്സേജ് കണ്ടു. ദീപാവലി ആഘോഷങ്ങളുടെ ചടങ്ങ് പ്രകാരം  പിറ്റേന്ന്  മഞ്ഞ സാരിയായിരുന്നു ഉടുക്കെണ്ടിയിരുന്നത്. അല്ലെങ്കിലും പ്രണയത്തിനു ചുവപ്പിനെക്കാള്‍ ചേരുന്നത് മഞ്ഞയാണ്. മരണത്തിനും കറുപ്പിനെക്കാളും ചേരുക മഞ്ഞ തന്നെയാണ്.

നദിയിൽ മുങ്ങി മരണം വരിച്ചാൽ ജലസമാധിയാണെങ്കിൽ മനുഷ്യർക്കിടയിൽ ശ്വാസം മുട്ടി മരിക്കുന്നതിനെ എന്ത് വിളിക്കും.?  ആത്മഹത്യയെന്നോ ! അതോ മനുഷ്യസമാധിയെന്നോ ! പ്ലാറ്റ് ഫോമിലെ തിക്കിലും തിരക്കിലും പെട്ട് അവൾ മരിച്ചിട്ട്   ഇന്നു നാല്- അഞ്ച് - അതെ അഞ്ചാമത്തെ ദിവസമാണു. അപ്പോഴേക്കും കമ്പനി മറ്റൊരാളെ നിയമിച്ചിരിക്കുന്നു. കമ്പനിക്ക് മനുഷ്യനെന്നാൽ  നഗരമധ്യത്തിൽ ചെലവാക്കുന്ന ഈ ടേബിളിന്റേയും കസേരയുടേയും കമ്പ്യൂട്ടറിന്റേയുമെല്ലാം മുടക്ക് മുതലിന്റെ വരുമാനം എത്രയെന്നത് മാത്രമാണു.

മാസങ്ങളായെങ്കിലും ആ സ്ഥലത്തോട് ഫ്രെഡിക്ക് അപരിചിതത്വം അനുഭവപ്പെട്ടു.  കാലദേശ ബന്ധമില്ലാത്ത എതോ ദുസ്വപ്നത്തിന്റെ ചുഴിയിൽ പെട്ടവനെ പോലെ അനേകം നിരകളിലും വരികളിലും അടുക്കി വച്ചിരിക്കുന്ന കമ്പ്യൂട്ടറകളുടെ നടുവിലൂടെ നടന്ന് നേരെ വാഷ് റൂമിലേക്ക് കയറി. സഹപ്രവര്ത്തകർ പഴിക്കുന്നത് ശരിയാണു. 'അവധി ചോദിച്ച് വാങ്ങാൻ പോലുമാകാത്തവൻ'.  അയാൾ ദേഷ്യം സഹിക്കവയ്യാതെ പവർ കൂടിയ കണ്ണട ഫ്ലോറിലിട്ട് ചവിട്ട് പൊട്ടിച്ചു.  ആഞ്ഞു ചവിട്ടിയും ഞെരിച്ചും പലകക്ഷണങ്ങളാക്കി. ഇനി ആത്മവിശ്വാസത്തോടെ പറയാം കാഴ്ച്ച തന്നിരുന്ന കണ്ണടൾ ഉടഞ്ഞുപോയി. കാഴ്ച്ചയില്ലെന്നാൽ അമ്മച്ചിയില്ലന്നു തന്നെയാണല്ലോ.

വാഷ്റൂമിലെ ആൾകണ്ണാടിയിൽ  ഫോക്കസ് പാടെ തെറ്റിയ ക്യാമറയിലെന്ന പോലെ ഒരു രൂപം പടർന്നു.   ആൾകണ്ണാടിയിൽ ബന്ധനസ്ഥനായ മേഘരൂപന്‍ ചില്ലുകള്‍ പൊട്ടുമാറു ഉച്ചത്തിൽ അലറി.

കുര്യാച്ചന്റെ അല്ഫോണ്സാമ്മ ഒപ്റ്റിക്കല്സിൽ നിന്നാണു  ആദ്യത്തെ കണ്ണട വാങ്ങിയത്.  അമ്മച്ചി  മാതാവിനെ വാഴ്ത്തികൊണ്ട്  കണ്ണട മുഖത്തേക്ക്  വച്ചുതന്നപ്പോള്‍  മേഘത്തിലാരോ ഉളിയും ചുറ്റികയും ഒഴുക്കി ഉറപ്പുള്ള  ശില്പം കൊത്തിയെടുത്തപോലെ ലോകം മുഴുവനും വക്കുകളോടെയും അതിരുകളോടെയും ആദ്യമായ് മുൻപിൽ  പ്രത്യക്ഷപ്പെട്ടു.ബോർഡിന്ന് പകർത്തിയത് തെറ്റീന്ന് പറഞ്ഞ് 'തച്ചല്ലോ എന്റെ കുഞ്ഞിനേ.  അമ്മച്ചിക്ക് സങ്കടം അടക്കാനായില്ല. കുര്യാച്ചൻ അമ്മച്ചിയോട് ചോദിച്ചു " കുടുംബത്താര്ക്കാ ഈ സൂക്കേട് "

ആര്ക്കും ഇല്ല- അമ്മച്ചിയുടെ തല താഴ്ന്നിരുന്നുവോ ?

കുര്യാച്ചൻ   അപ്പച്ചന്റെ കുടുമ്പക്കാരൻ കൂടിയാണു. കവലയിൽ വച്ച് അയാൾ  അപ്പച്ചനോട്  ചോദിച്ചു. ' കുഞ്ഞിന്റെ ദീനം പാരമ്പര്യമാണെല്ലോ ജോണേച്ചോ... ഏലീയാമേടെ കുടുമ്പത്തും ഇല്ല. നമ്മടേലും ഇല്ല. പിന്നെന്നാ കേസുകെട്ട് ? . അപ്പച്ചനും ധൈര്യമില്ലാത്തവനായിരുന്നു. അപ്പച്ചന്റെ കുടികൂടി. കുടിച്ചാൽ പിന്നെ പാരമ്പര്യത്തെയും അസുഖത്തെയും   പറ്റിയെല്ലാം പുലമ്പിക്കൊണ്ടേ ഇരിക്കും.  അമ്മച്ചി പറയുമായിരുന്നു 'ദൈവദോഷം പറയല്ലേ ഇച്ചായാ. ദൈവദോഷത്തിനു ഭയപ്പെടുത്താനാവുന്നതിലുമധികമായി  അപ്പച്ചൻ വെറുക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാകും  പിന്നെ പിന്നെ മറുപടിയും സ്നേഹവും ദേഷ്യവുമെല്ലാം അമ്മച്ചി മൗനത്തിലൊതുക്കി. ചിലപ്പോഴൊക്കെ  അപ്പച്ചനെ കൂടുതൽ വിറളി പിടിപ്പിച്ചത് ആ മൗനമായിരുന്നെന്ന് തോന്നും. ഒരു ദിവസം ഉച്ചക്ക് മൂക്കറ്റം കുടിച്ചിട്ടാണു വന്നത്. നീണ്ട കലഹത്തിനു ശേഷം അപ്പച്ചൻ ചര്ദ്ദിച്ചുകൊണ്ട്  മലര്‍ന്നു വീഴുന്ന ശബ്ദവും പുറകെ കനമുള്ള നിശബ്ദതയും പടര്‍ന്നു.

വെയിലുകൊണ്ട് വിണ്ടു കീറിയ വാതിലിന്‍റെ പൊട്ടലിലൂടെയാണ് കണ്ടത്. അപ്പൻ കാലു രണ്ടും കട്ടിലിനു പുറത്തിട്ട് ബോധം കെട്ടപൊലെ കിടക്കുകയാണ്. വായിൽ നിന്നും നുരയും പതയുമെല്ലാം. അമ്മച്ചി മുട്ടുകുത്തിയിരുന്നു  ചര്ദ്ദിൽ കോരിയെടുത്ത് വായിലിട്ട് ചവക്കുന്നു.

 ചർദ്ദി  രുചിച്ച് അമ്മച്ചി അലറി. ' വെഷം വെഷം.....

തണുപ്പിന്റെ ഗുഹയില്‍ ഇരുന്നു അറിയാതെ ഓക്കാനിച്ചു പോയീ ഒരു നിമിഷം.

വർഷങ്ങള്ക്ക് ശേഷം  ഡോക്ടർ പതിവ് ചോദ്യങ്ങൾക്കൊപ്പം ചോദിച്ചു

എത്രനാളായി  തുടങ്ങിയിട്ടു ?

'കുറച്ചു വർഷങ്ങളായി.

'വീട്ടിൽ , രക്തബന്ധമുള്ള ആർക്കെങ്കിലും ഈ പ്രശ്നമുണ്ടോ .

അപ്പനെ ഓർത്തു.

വികാരിയച്ചന്‍ പറഞ്ഞത്  സത്യമാടാ, സ്നേഹമെന്നത് പൊറുക്കാനുള്ള ശക്തിയാ ... അപ്പച്ചനത് അറിഞ്ഞില്ല.

വശം തളർന്ന് കിടപ്പായ  അപ്പന്റെ നരയേക്കാൾ പ്രായംചെന്ന ദേഹത്ത്  സൂര്യോദയം മാത്രമുള്ള   വേമ്പനാട്ട് കായലിന്റെ പരപ്പിനെയറിഞ്ഞു  തൂവെള്ളയായ  പ്രകാശം വീണുകിടപ്പുണ്ടായിരുന്നു.  കുമ്പസാരം എന്നത് ചിലര്‍ക്കെങ്കിലും ആത്മാവ് സ്വയം പാടുകയും സ്വയം കേള്‍ക്കുകയും ചെയ്യുന്ന കവിതകളാണ്.  

ഡോക്ടർ പറഞ്ഞു

" മരുന്ന് ക്രിത്യമായ് കഴിക്കണം, സ്ട്രെസ്സ് ഉണ്ടാക്കുന്നതൊന്നും, കൂടുതൽ ടിവി കാണുക, പുസ്തകം വായിക്കുക, കമ്പ്യൂട്ടറിലെ ജോലി, ഇതൊല്ലാം ഒഴിവാക്കണം '

തൂവാലയിൽ പൊതിഞ്ഞെടുത്ത കണ്ണടയുടെ ചീളുകളുമായാണു മാനേജറുടെ ക്യാബിനിൽ ചെന്നത്. കണ്ണട ഇല്ലെങ്കിൽ ഒരാളൂടെ അവസ്ഥ ഇത്രയേറേ ദയനീയമാകുമോ ?

'അതെ സർ. കാഴ്ച്ച ഇല്ലാത്തവര്ക്ക് ഉള്ക്കാഴ്ച്ചയുണ്ടാകുമെന്ന് പറയുന്നു, പക്ഷേ  പകുതി കാഴ്ച്ച നഷ്ടപ്പെട്ടവനു ഒന്നുമുണ്ടാകില്ല. ഇരുട്ടും വെളിച്ചവും വരെ അന്യമായ് പോകും. എന്തിലും ഏതിലും മഞ്ഞ നിറം മാത്രമാണുണ്ടാകുക. ഓര്‍മകള്‍ക്ക് മറവിക്ക് സ്വപ്നങ്ങള്‍ക്ക് ... അങ്ങനെ .

കാല്‍പനികമായി സംസാരിക്കുക വിഡ്ഢികളും അത് കേട്ടിരിക്കുക , അതും ഓഫീസ് സമയത്ത്,  ഉത്തരവാദിത്തമുള്ള ഒരു മാനേജര്‍ക്ക് ചേര്‍ന്ന കാര്യമല്ലന്നു വിശ്വസിച്ചിരുന്ന അയാള്‍ നീണ്ട മൗനത്തിലേക്ക് വീണു. ആറുമാസത്തെ പ്രൊജകറ്റ് ഒൻപത് മാസമായിട്ടും തീരാത്തതിന്റെ വെപ്രാളം അവർക്കിടയിൽ ഒരു യവനികപോലെ വീണുകിടന്നിരുന്നു.

 'എനിക്കറിയാം ഒന്പത് മാസത്തോളമായി ഞായറാഴ്ച്ചക്കോ പബ്ലിക്ക് ഹോളിഡേക്കോ പോലും അവധിയെടുക്കാതെ നിങ്ങൾ ഈ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നു. ഇത്തരം ഒരു വിഷമാവസ്ഥയിൽ ആവശ്യമുള്ളത്ര അവധി താങ്കള്ക്കെടുക്കാം. നിങ്ങളെ പറ്റി പല പരാതികളും വരുന്നുണ്ട്. തനിയെ ഇരുന്ന് സംസാരിക്കുന്നുവെന്നും, താങ്കളിരിക്കുന്നിടത്ത് വല്ലാത്ത ദുർഗന്ധം വരുന്നു എന്നെല്ലം. അതിലൊന്നും കഴമ്പില്ല. ഫ്രെഡി  ഈ കമ്പനിയുടെ പ്രീമിയം സ്റ്റാഫുകളിൽ ഒരാളാണു. ഫോറിൻ ക്ലൈന്റ്സ് എല്ലാം തുടര്ച്ചയായി  ഫ്രെഡിയുടെ പേരാണു സജസ്റ്റ് ചെയ്യുന്നത്. ഹെഡ് ഓഫീസിലുള്ളവര്ക്കും ഇക്കാര്യമറിയാം. എങ്കിലും സൂക്ഷിക്കണം , താങ്കൾക്ക് ശത്രുക്കളേറേയാണിവിടെ.

പുകഴ്ത്തലുകള്‍ മാനേജര്‍ പ്രതീക്ഷിച്ചത്ര പ്രതികരണങ്ങൾ  ഫ്രെഡിയിൽനിന്നും ഉണ്ടായില്ല.  മാനേജർ അല്പം ചിന്താധീനനായി.

'ജോലി എന്നതെല്ലാം മറ്റെന്തെങ്കിലും ചെയ്യാനുള്ളവർക്കല്ലേ. ഈ ജോലി ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ  ഞാൻ  ആത്മഹത്യ ചെയ്തു പോയേനെ.  വിശപ്പുക്കൊണ്ടല്ല. മറ്റെന്തോ കൊണ്ട്.  മനസ്സിലാകുമോ എന്നറിയില്ല. എങ്കിലും പറയാം എന്തിനെങ്കിലും അടിമപ്പെട്ട്  പോകുന്നതും ഒരു തരം സുഖമാണു സർ '

ഒൻപത് മാസത്തിന്റേതല്ലാത്ത മറ്റൊരു  മൗനം അവർക്കിടയിൽ സംവദിച്ചു.

ജലജ കുൽക്കര്ണിക്ക് പകരം വന്നതാരാണു സർ...

ഓ..നീരജ്. മിടുക്കനാണു. വലിയ ഓഫർ കൊടുത്തിട്ടാണു മറ്റൊരു കമ്പനിയിൽ നിന്നും ഇവിടെ എത്തിച്ചത്  

കിഴവൻ മാനേജർ വീണ്ടും ചിന്താധീനനായി.  

നിദ്ര മൂടിയ ഇരുട്ടിലെവിടെയോ നേർത്ത പ്രകാശം പരക്കുന്നു. സ്വപ്നത്തിലെ ഉദയമായിരിക്കുമോ‌? മഞ്ഞ നിറമുള്ള ഉദയം. !

കാഴ്ച്ച മങ്ങിയപ്പോൾ കിട്ടിയ  അവധി ദിനം ഭാരമായത് പോലെ. ആകാശ കിണറിന്റെ ചുറ്റുപടികൾ വഴിയാണു ഇറങ്ങി പോയത് . അടിത്തട്ടിലെ കിളിവാതിൽ തുറന്നത്   ഒന്നാം നിലയിൽ റയിൽ പാളവും ഗ്രൗണ്ട് ഫ്ലോറിൽ  ബര്ഗറും പിസയും ചൈനീസ് ഭക്ഷണവുമെല്ലാം   കിട്ടുന്ന ലോക്കൽ ട്രൈൻ  സ്റ്റേഷനിലേക്കായിരുന്നു. വിവിധ നിറങ്ങളിൽ മേഘരൂപം പൂണ്ട മനുഷ്യർ തലങ്ങനെയും വിലങ്ങനെയും പാറിപോകുന്നു. ചില മേഘരൂപം മ്രിഗങ്ങളെപോലെയുണ്ട്. വെള്ള പെൺകുതിര. തവിട്ട് കുറൂക്കൻ. തടിയനായ ഒരു കച്ചവടക്കാരനാണെന്ന് തോന്നുന്നു തള്ള പുലിയെ പോലെയുണ്ട്. . മറ്റൊന്ന് സിംഹം. നീണ്ട താടിയുള്ള കാവി സന്യാസിയായിരിക്കണം. എങ്കിലും കൂടുതൽ ആളുകൾക്കും കുതിരയയോടാണു സാദ്രിശ്യം. ദില്ലിയിലെ കാഴ്ച്ച ബംഗ്ലാവിലെ തള്ള കടുവക്ക് മുൻപിലേക്ക് കാൽ വഴുതി വീണു അതിന്റെ ഭക്ഷണമായി തീർന്ന മസൂദിനെ ഓർത്തു. അവന്റെ ഉമ്മിയെ ഓർത്തു.

പരസ്പ്പര ബന്ധമില്ലാത്തതിനെല്ലാം  കൂട്ടിയിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന  മാന്ത്രികത  ജീവിതത്തിനു മാത്രമല്ല സ്വപ്നങ്ങൾക്കുമുണ്ട്. 

തപ്പി തടഞ്ഞ് ലോക്കൽ പിടിച്ചു. പാര്ക്കുകളിൽ കാണുന്ന തരത്തിലുള്ള മരബെഞ്ചുകളുള്ള ലോക്കൽ ട്രൈയിനായിരുന്നു അത്. ഓഫീസ് ടൈം കഴിഞ്ഞതിനാലാകം തിരക്കില്ല.പതിവിലില്ലാത്ത തണുത്ത് കനമുള്ള കാറ്റ് വീശുന്നു.  ഗുഡ്കക്കറ പറ്റിയുണങ്ങിയ വിൻഡോവിൽ ചാരി അല്പം മയങ്ങി. എതോ കുലുക്കത്തിൽ കണ്ണുതുറന്നപ്പോൾ കണ്ടത് തൊട്ടു മുന്പിലിരിക്കുന്ന യുനിതയെ പോലൊരു സ്ത്രീയെയാണു. കാഴ്ച വ്യക്തമല്ലെങ്കിലും അവളുടെ വക്കുകളും അരികുകളും എത്ര വികലമാനങ്കിലും തിരിച്ചറിയാതാകില്ല. എങ്കിലും കൈകൾ നീണ്ടു. നിലാവ് വീണ തടാകത്തിൽ നിന്നും കോരിയെടുത്ത ജലം ചോർന്ന് പോകും മുൻപേയുള്ള ദാഹിച്ചലഞ്ഞവന്റെ ആസക്തികൾ എത്ര വന്യമായിരിക്കുമെന്ന് അവളറിഞ്ഞു. ദാഹം , ദാഹമല്ലത്. കുറ്റബോധം ആത്മാവില്‍ അവശേഷിപ്പിക്കാതെ യാത്രപ്പറഞ്ഞു പോയവളോടുള്ള അടിമപ്പെടലാണത്. ബോഗിയിൽ അവളല്ലാതെ നാലഞ്ചു പേർ കൂടെയുണ്ടായിരുന്നു. മുഖത്താണ് ആദ്യം അടിച്ചത്. അൽഫോൺസാമ്മ ഒപ്റ്റിക്കല്സിലെ കുര്യാച്ചനെ ഓർത്തു. യുനിതയെ ഓർത്തു.

ഒരോരോ ചവിട്ടിനും ഇടിക്കും ശ്വാസം തെറിക്കുന്നുണ്ടായിരുന്നു. വേദനയെക്കാള്‍ അപ്പോള്‍ ഭയപ്പെടുത്തിയത്  ഉള്ളില്ലേക്ക് കയറുന്ന ശ്വാസം ചവിട്ടിന്റെ ആക്കത്തിനൊപ്പം പുറത്തേക്ക് തെറിക്കുന്നതായിരുന്നു. വല്ലപാടും മരബെഞ്ചിനടിയിളെക്ക് നൂണ്ട് കയറി ശ്വാസമെടുത്തു. ദേഹമാകെ നീറുന്നു,  ചോരയുടെ നനവ്, വായിൽ രുചി.

കാഴ്ച മങ്ങിയാലും സ്റ്റേഷനുകളും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവുകയില്ല. ഒരോ ഇടങ്ങളുടേയും പ്രതിധ്വനികളിൽ നിന്നും തിരിച്ചറിയാം സ്ഥലമേതാണന്നു. കുർളക്ക് അല്പം നീണ്ടതും അലസവുമായത്. ഇടുങ്ങിയതായത് കൊണ്ടാകും   ജിറ്റിബി നഗർ  സ്ടേഷനിലെ പ്രതിധ്വനികൾ അനേകം വേരുകളുള്ള മിന്നലിന്റെ മുഴക്കം പോലെയിരിക്കും. അങ്ങനെ  ഒരോരോ സ്ഥലങ്ങൾക്കുമുണ്ട് കാഴ്ച ഇല്ലാതെ തിരിച്ചറിയാനുള്ള അടയാളങ്ങൾ. ഒട്ടനവധി പേർക്കൊപ്പം ജലജ മരിച്ചുപോയ സ്റ്റേഷനായിരുന്നു അടുത്തത് .

നാലഞ്ചുപേരുടെ ചവിട്ടും കുത്തും കിട്ടി കീറിയ വേഷവും ചോര ഒലിച്ച ദേഹവും കണ്ടിട്ടാകണം ആ നഗരത്തിൽ ഇതിനു മുൻപൊരിക്കലും ഇത്രയും ശ്രദ്ധ ലഭിച്ചിട്ടില്ല.  ആളുകൾ തനിയെ വകഞ്ഞുമാറി വഴിയൊരുക്കി തന്നു. ഭിക്ഷക്കാർ നിരന്നിരിക്കുന്ന ഓവർബ്രിഡ്ജിന്റെ തുരുമ്പിച്ച മേൽക്കൂരയിൽ മഞ്ഞ കിളിയെ പോലെ എന്തോ തൂങ്ങികിടന്നിരുന്നു. 

വൈവിധ്യങ്ങൾ കൂടുതൽ സ്വപ്നത്തിലാണോ ഉണർന്നിരിക്കുമ്പോഴാണോ ?   ഒരു ലോകത്ത് നിന്നു മറ്റൊരു ലോകത്തേക്ക് സാന്ദ്രമായ്  ഒഴുകിപോകാവുന്ന വീഥിയിലെന്നപോലെ  മേഘങ്ങൾ തോളൊപ്പം ഇറങ്ങിവന്ന്  ഓവര്‍ ബ്രിഡ്ജ് ആകെ നിറഞ്ഞു.

ഏറേ നേരം ചൂണ്ടയിട്ടിട്ടും മീനൊന്നും കൊരുക്കാതെ വരുമ്പോൾ അപ്പച്ചൻ പറയുമായിരുനു.

ചൂണ്ടയിൽ കുരുങ്ങുന്ന ഓരോ മീനും നമ്മടെ ഭാവിലെ ഒരോ ഭാഗ്യങ്ങളാ... , ഒരോരോ മീൻ കിട്ടുമ്പോഴും ഒരോരോ ഭാഗ്യങ്ങൾ ദൈവം ഇല്ലാണ്ടാക്കും. ഫ്രെഡിമോനു വേണ്ടി എന്തോ ദൈവം കാത്ത് വച്ചിട്ടുണ്ട് അതാ ഇന്ന് മീൻ കിട്ടാത്തത്"

വേമ്പനാട്ട് കായൽ ചെറുങ്ങനെ ഇളകി.

യുനിത സബ്രീന ഹാലിദ. അതായിരുന്നു അവളുടെ പേരു. പാലി ഭാഷ സംസാരിക്കുന്ന സുമാത്രയിലെ അനേകം കുഞ്ഞു ദ്വീപുകളിലായി വസിക്കുന്ന  വെളുത്തനിറമുള്ള ഗോത്രക്കാരി.  അവൾ അവളെ പറ്റി വിശദീകരിച്ചതങ്ങനെയാണു.  ജക്കാർത്ത എയർപോർട്ടിന്റെ ലോഗിൽ ആൽക്കഹോൾ ഫ്ളേവറുള്ള പേസ്ട്രീകൾ കിട്ടുന്ന ലബനീസ് ഷോപ്പുണ്ട്. അവിടെ വച്ചാണു യാത്രപറഞ്ഞത് . സന്ദർഭങ്ങൾ ഏറേ ഉണ്ടായിരുന്നിട്ടും  ആദ്യത്തെ കാമുകനെ പറ്റിയും രണ്ടാമത്തെ കാമുകനെ പറ്റിയും ഉപേക്ഷിച്ച് പോയ ഭര്ത്താവിനെയും ഇപ്പോഴുള്ള വിവാഹിതനയ കാമുകനെ പറ്റിയുമെല്ലാം പറയാൻ അവൾ തെരഞ്ഞെടുത്ത സമയം  വിടപറയാൻ ആ  ഷോപ്പിൽ ഒന്നിച്ചിരുന്നപ്പോഴായിരുന്നു. വിവാഹിതനായ  കാമുകൻ കത്തോലിക്കനാണു.
ഹീ ഇസ് റ്റൂ ഗൂഡ് ഇൻ ബെഡ്.  അയാളെ പറ്റി അവള്‍ സംസാരിച്ചു തുടങ്ങിയത് അങ്ങനെ തന്നെയാണ്. ഞായറാഴ്ച്ചകളിൽ ചര്ച്ചിലേക്കെന്നു  ഭാര്യയോട് നുണപറഞ്ഞു ഇറങ്ങുന്നത്   അവളുടെ അടുത്തേക്കാണു.

എന്റെ പ്രിയപ്പെട്ട സണ്‍‌ഡേ ലയര്‍ !!! അവള്‍ മന്ദഹസിച്ചു.   

യുരിയുടെ പള്ളിയും കർത്താവും മെല്ലാം ഞാനാണു. കുംമ്പസാരം പോലെ അയാൾ എല്ലാം പാപങ്ങളും പങ്കിടുന്നിടം  ? പുതിയ കാമുകനു അവസാനത്തെ കാമുകനെ പറ്റിയാകും എപ്പോഴും വ്യസനം. ഫ്രെഡിക്ക് അങ്ങനെയൊന്നും തോന്നുന്നില്ലേ. ?

മറുപടിയൊന്നും പറയാതെ ദൂരേക്ക് നോക്കി.

ആണും പെണ്ണും എയർപോർട്ടും  യാത്രപറയലുമല്ലാതെ  മറ്റൊരു സമാനതയും  ഇല്ലാതിരുന്നെങ്കിലും വെറുതെ ലോലയെ പറ്റി ഓര്ത്തു. താമരകളുടെ രാജാവിനെ പറ്റി ഓര്ത്തു. ലോലയെപോലെ അവൾ കന്യകയായിരുന്നില്ല. ചുമ്പിച്ച് ചുണ്ടുകള്ക്ക് വിടയെന്ന് ചൊല്ലി ആശ്വസിക്കാനുള്ള കരുത്ത് അവനും കൈമോശം വന്നിരുന്നു. എങ്കിലും  അയാൾ  തോന്നലുകളെ സ്വാശീകരിച്ചു.

ഒറ്റയാക്കപ്പെടുമ്പോഴല്ലേ വ്രിത്തിരോഗവും അവിഹിതബന്ധവും ഉണ്ടാകുന്നത് .  'നീയും യുരിയും  ശുദ്ധിയുള്ളവരും പ്രണയമുള്ളവരും ആണു.

മേഘരാജ്യത്തുനിന്നു മഴ ഇറങ്ങി കായൽ പരപ്പിൽ പടരുന്ന നേരത്ത് ചൂണ്ടയിൽ കുരുങ്ങിയ പരൽ മീനിന്റെ പിടച്ചിൽ ഓർത്തു.  മാംസം തിന്ന് എല്ലു തുപ്പികളഞ്ഞ ആ  മീനിന്റെ കടം തീർത്ത ഭാഗ്യമെന്തായിരുന്നു ?. 

അപ്പച്ചൻ പറയുന്നു " പരൽ മീനുകൾ പെണ്ണുങ്ങളാണു, ചെമ്പല്ലി ആണും "

സ്വബോധത്തോടെ  ജീവിച്ചിരിക്കവേ ഏറ്റവും ഇഷ്ടപ്പെടുന്നയാൾ മരണപ്പെട്ട് പോകണം. വീര്യമേറിയ ലഹരികൾക്കും  ദഹിപ്പിച്ച് കളയാനാകാത്തത്ര ആഴമുള്ള ദുഖത്തിൽ ശിഷ്ടകാലം ജീവിക്കണം. അർത്ഥമുള്ള കാലം നിർമ്മിക്കപ്പെടുന്നത് അങ്ങനെയാണു.

'നീ മരിച്ചു പോയന്ന് ഞാൻ കരുതട്ടെ.

ഒന്നിനു പിറകേ ഒന്നായി കാണുന്ന വൈവിധ്യങ്ങൾക്ക് അതിരുകളുണ്ടാകുമോ ? സമയം ഒട്ടും എടുത്തില്ലെങ്കിലും ദില്ലിയിലെ മസൂദിന്റെ വീട്ടിലെത്തിയപ്പോൾ രണ്ടു ദിവസത്തിന്റെ വിശപ്പിന്റേയും  അലച്ചിലിന്റേയും തളർച്ചയുണ്ടായിരുന്നു.  മരണപ്പെട്ട് പോയ മക്കൾക്ക് മാതാവ് നിത്യവും മാറ്റിവയ്ക്കുന്ന ഒരു പിടി അന്നമുണ്ടാകും.  പ്രത്യേകിച്ച് അവിവാഹിതനാണെങ്കിൽ. മഞ്ഞു വീണു പാതി മറഞ്ഞ മസൂദിന്റെ കിളിവാതിൽ പടിപ്പുരക്കു വെളിയിൽ  അയാൾ ഭിക്ഷാടകനായ് ഇരുന്നു. കീറി ചോര പറ്റിയ വസ്ത്രം കണ്ടിട്ടാകണം മസൂദിന്റെ  ഉമ്മി നീളം കൂടിയ കുർത്ത് ദാനമായ് കൊടുത്തു. കഥകളിൽ കേട്ട മുഗൾ രാജാക്കൻമാർ ധരിക്കുന്നത്  തരത്തിലുള്ള  കുർത്തയായിരുന്നു അത്.  

ഉണങ്ങിയ ഗോതമ്പ് ചെടിയോളം ചുളിഞ്ഞുണങ്ങിയാടുന്ന ദേഹത്തെ ആയാസപ്പെടുത്തി,  മണ്ണുകുഴച്ചുണ്ടാക്കിയ തണ്ടുരി അടുപ്പിൽ നിന്നും ഉമ്മി  റൊട്ടിയുണ്ടാക്കി കിഴങ്ങ് കറിക്കൊപ്പം വിളമ്പി തന്നു.

മ്രിഗങ്ങൾ തിന്ന ദുഖം എത്ര വിളമ്പിയാലാണു തീരുക. എത്ര ലഹരിയാണു അതിൽ ചേര്ക്കുക. !

കായൽ  പരപ്പിലെ മഞ്ഞിൽ നീന്തിയൊളിച്ച  അപ്പച്ചൻ  നീട്ടത്തിൽ  വിളിക്കുന്നു. ഈ കളി ഒട്ടും ഇഷ്ടമല്ല. ഭയമാണ്. അപ്പച്ചന്‍ പൊങ്ങി വരാന്‍ മറന്നു പോയാലോ.! അത് അപ്പച്ചനറിയാഞ്ഞിട്ടല്ല. അപ്പച്ചന്‍ എന്തോ പറഞ്ഞു തരികയായിരുന്നു.  

വീണ്ടും അവിടെ നിന്നും മുങ്ങാം കുഴിയിട്ട് അപ്പച്ചൻ മറ്റൊരു ദിക്കിലേക്ക് ചെന്നു നീട്ടത്തിൽ വിളിച്ചു. അയാള്‍ വിളിക്കേട്ടൂ.

കുമ്പസാരമെന്നത് സത്യസന്ധതമായ കവിതകളാണ് ;- സെമിനാരിയുടെ ഭിത്തികളിലെവിടെയോ എഴുതിയിട്ടിരിക്കുന്നു.

മാനേജർ ആക്രോശിക്കുകയാണു.

ഫ്രെഡിയെ പിരിച്ച് വിട്ടിരിക്കുന്നു, ഒരു ദിവസമെന്ന് പറഞ്ഞ് അവധിയെടുത്തത് ആറു ദിവസമാണു.

അമ്മച്ചി മരിച്ചു പോയെന്ന സത്യം അയാൾ വിശ്വസിക്കുന്നതേ ഇല്ല. പതിനാലാം നിലയിലെ ലിഫ്റ്റിൽ അപ്പച്ചൻ ചോര ചർദ്ദിച്ച് പാതി വെളിയിലും അകത്തുമായ് കിടക്കുന്നു. ലിഫ്റ്റിന്റെ വാതിൽ അടയാൻ വരുകയും അപ്പച്ചന്റെ ദേഹത്ത് തട്ടി ഒരു ശബ്ദത്തോടെ തുറക്കുകയും ചെയ്യുന്നുണ്ടായിരുന്നു.തയ്യാറാക്കി വച്ചിരുന്ന വാക്കുളും വാചകങ്ങളും  ഓർമ വന്നില്ല.   ഫ്രെഡി യാചിച്ചു. "അമ്മച്ചി മരിച്ചിട്ടാണു. പൊറുക്കണം. ഒരു തവണത്തേക്ക് എന്നോട് പൊറുക്കണം..

ട്രൈയിനിലെന്ന പോലെ ആരൊക്കയോ ചേർന്ന്  മര്ദ്ദിച്ച് തള്ളി പുറത്താക്കി.

മഞ്ഞ വെളിച്ചത്തിന്റെ ചൂട് അസഹ്യമായി. അതിന്റെ മൂര്‍ദ്ധന്യത്തില്‍ സെമിനാരിയുടെ ആരുമില്ലാത്ത പ്രയര്‍ റൂമുകള്‍ക്ക് സമാനമായ നിശബ്ദത വന്നു. ശേഷം അതില്‍ ഇരുട്ടിന്റെ സ്ഖലനം പോലെ ടൈം-പീസ്‌  ശബ്ദം വിസര്‍ജ്ജിച്ചു.

ശീലങ്ങൾ അങ്ങനെയാണു എല്ലാത്തിനേയും സ്വാധീനിച്ചു കളയും . സ്വപ്നങ്ങളെ വരെ.

പറയേണ്ട നുണയെ പറ്റി ഏറെ നേരം ഓര്‍ത്ത് കിടന്നു. പിന്നെ ധ്രിതിയിൽ  പുറപ്പെട്ടു. ലോക്കൽ  ട്രെയിനിൽ പതിവ് തിരക്ക്. ബ്രഷ് ചെയ്യാനും  ടോയ്ലേറ്റില്‍ പോയശേഷം കഴുകാനും കുളിക്കാനുമൊക്കെ മറന്നു പോയോ ?. ആരുടേയൊക്കെയോ വിയർപ്പും ദുർഗന്ധവും ദേഹത്ത് പറ്റി. ഓര്‍മ്മകള്‍ ഹ്രസ്വമായാതെ പോലെ.

ഗ്രൗണ്ട് ഫ്ലോറിലെ ചൈനീസ് ഫൂഡ് കിട്ടുന്ന ഷോപ്പിൽ വച്ച് നീരജിനെ പരിജയപ്പെട്ടു. ഒപ്പം സിഗരറ്റിനു തിരികൊളുത്തി. പുക ഉള്ളിലേക്കെടുക്കാതെ വെറുതെ വായില്‍ നിന്നു തന്നെ ചുരുളുകള്‍ പുറത്ത് വിട്ടു. കിഴവൻ മാനേജറും അവർക്കൊപ്പം കൂടിയിരുന്നു. ജലജയുടെ മരണമുണ്ടാക്കിയ ഞെട്ടൽ പങ്കുവച്ചുകൊണ്ട്  അവർ ഒരുമിച്ച് ലിഫ്റ്റിൽ കയറി.

അപ്പച്ചന്റെ ചർദ്ദി കാർപറ്റിൽ പറ്റിപ്പിടിച്ച് കിടന്നിരുന്നുവോ ?

മുഖത്തെ വെപ്രാളം കണ്ടിട്ടാകണം കോങ്കണും പോളീയോയും ബാധിച്ച ലിഫ്റ്റ് ഓപറേറ്റർ അനുവാദം  ചോദിച്ചു.

സബ് ടീക്ക് ഹേ നാ സാബ് ? ചലേ , ഹം

അതെ. പ്രശ്നങ്ങളൊന്നുമില്ല. നമ്മുക്ക് ചലിക്കാം ഉയരങ്ങളിലേക്ക്.

പുതുമകളൊന്നുമില്ലാതെ ആകാശകിണറിൽ നിന്നും നിറയെ സ്വപ്നങ്ങളുടെ ശേഷിപ്പുകൾ കോരിയെടുത്ത് തൊട്ടി മുകളിലേക്ക് കുതിച്ചു.


******************************************************************************************************






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ