2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

മീസാൻ കല്ലുകൾ

പണിസാധനങ്ങൾ താഴെവെച്ച് നബീസുമ്മയുടേയും അബൂക്കയുടേയും കബറിടങ്ങൾക്കിടയിൽ അയാൾ ദീർഘ ചതുരാകൃതിയിൽ ചുണ്ണാമ്പ് പൊടി വിതറി. വെളുപ്പാൻ കാലത്തെപ്പോഴോ പെയ്ത ചാറ്റൽമഴയിൽ മണ്ണും മീസാൻ കല്ലുകളും നനഞ്ഞിട്ടുണ്ട്. ഞെരിയാണിയോളം വളർന്ന പച്ചപുല്ലിൽ കലാപത്തിൽ മരിച്ചവരെപോലെ അങ്ങിങ്ങായി തുള്ളികൾ പടർന്നു കിടക്കുന്നു.

അബൂക്കയുടെ ആഗ്രഹമായിരുന്നു നബീസുമ്മയുടെ അരികിൽ കബറിടം വേണമെന്നുള്ളത്. മരിക്കുന്നതിനു മുമ്പുതന്നെ അബൂക്ക അക്കാര്യം ഖാദറിനെ പറഞ്ഞേൽപ്പിച്ചിരുന്നു. ശ്വാസംപോലെ കൂടെയുണ്ടായിരുന്നിട്ടും ജീവനോടെ ചേരാൻ പറ്റാതെപോയ പ്രണയത്തിന്റെ മരണാനന്തര പ്രായശ്ചിത്തമായിരുന്നു അത്.

അന്ന് മയ്യത്തുകുഴി വെട്ടിവെട്ടികൊണ്ടിരുന്നപ്പോൾ അബൂക്കയുടെ മൂത്ത മകൻ തടസ്സം നിന്നു.

"ലീ തേവിടിശീടെയടുത്ത് ബാപ്പാക്ക് സ്ഥലം വേണ്ടാ...".

കാര്യം കേട്ടപ്പോൾ അവനു വാശികൂടിയതേയുളൂ. മരിച്ചവന്റെ ജീവിതത്തെ പറ്റി വിശകലനം ചെയ്യാൻ മാത്രമായി മയ്യത്തു പറമ്പിൽ കയറിയവർ വശം ചേർന്നു. പിന്നെ ഉന്തും തള്ളുമായി. കുഴിമറ്റണമെന്ന് മകൻ ശഠിച്ചുനിന്നപ്പോൾ മയ്യത്തു പറമ്പിൽ കയറാതെ മുള്ളു വേലിക്കപ്പുറം കരഞ്ഞുകൊണ്ട് നിന്ന അബൂക്കയുടെ ബീവിയാണ് തീർപ്പു പറഞ്ഞത്.

"വേണ്ട മക്കളേ...കുഴി മാറ്റണ്ടാ... ബാപ്പാന്റെ ആഗ്രഹം നടക്കട്ടെ"

അതും ഒരു പ്രായശ്ചിത്തമായിരുന്നു. മരണപ്പെടുമ്പോൾ മാത്രം ചെയ്യാൻ തോന്നുന്ന തിരുത്ത്. മക്കൾക്ക് ആദ്യമായി കുനിഞ്ഞമുഖത്തോടെ ഉമ്മയെ അനുസരിക്കേണ്ടിവന്നു.!

അങ്ങനെ മരിക്കാത്ത പ്രണയത്തിന്റെ പ്രതീകമായ് നബീസുമ്മയുടെ കബറിടത്തിനരികത്ത് അബൂക്കയുടെ മാർബിളിൽ തീർത്ത മീസാൻകല്ലുയർന്നു. ഒറ്റക്കു ജീവിച്ച് ഒറ്റക്കുതന്നെ മരിച്ചുപോയ നബീസുമ്മ മണ്ണിനടിയിൽ സനാഥയായി. പക്ഷേ ഇന്ന് അല്പ സമയത്തിനു ശേഷം ആ നിശബ്ദ പ്രണയത്തിനിടയിലേക്ക് മറ്റൊരൾ കൂടെ വരും. മണ്ണിനടിയിലെ പ്രണയത്തോട് അസൂയതോന്നിയിട്ടല്ല. കുഴികുത്താൻ ഇതല്ലാതെ അനുയോജ്യമായ മറ്റിടമില്ല. ഉള്ളസ്ഥലത്തണെങ്കിൽ കാട് വെട്ടിതെളിച്ചെടുക്കൻ പോലും സമയം തികയില്ല. മയ്യത്തു കുഴി ഉടനെ വേണം.

പാത്തു വന്നു വിളിക്കുമ്പോൾ നേരം പുലർന്നിട്ടേയുണ്ടായിരുന്നുള്ളൂ.

“പഞ്ഞി കുത്തികേറ്റി ഓൾടെ ദേഹം തിണേ കെടക്കണത് കാണാൻ വയ്യ. പെട്ടന്നു കുഴിവട്ടണം... സഹിക്കാൻ വയ്യ റബ്ബേ...”

കൈകൾ ചേർത്തുപിടിച്ചു പറഞ്ഞപ്പോൾ മുഖത്തുനോക്കിയില്ലായിരുന്നു. കൈപത്തിയിൽ തുള്ളികൾ വീണപ്പോഴാണ് പാത്തു കരയുകയായിരുന്നു എന്നറിഞ്ഞത്. ഉടനെ പണിസാധനങ്ങളുമായി പുറപ്പെട്ടു.

ഖാദറിന്റെ ഉയരത്തോളമാണ് കുഴിയുടെ ആഴം വേണ്ടത്. അതാണ് കണക്ക്. മണ്ണിന്റെ ആദ്യത്തെ പാളി അല്പം നനവുള്ളതും കറുത്തതുമായിരിക്കും. പിന്നെ ഇളം ചുവപ്പു നിറമുള്ള രണ്ടാമത്തെ പാളി. അതിനും തഴെ മാർബിളുകൾക്ക് സമാനമായി വിവിധനിറങ്ങളിലുള്ള ഉറപ്പുള്ള മണ്ണിന്റെ പ്രതലമെത്തിയാൽ ആഴത്തിന്റെ അതിരായി. ഒരോരോ മയ്യത്തു പറമ്പിനും അതിന്റേതായ ഭൂമിശാസ്ത്രമുണ്ട്. കുഴിവെട്ടുമ്പോൾ മണ്ണിന്റെ സവിശേഷതകൾ മനസ്സിൽ വേണം. ഇല്ലെങ്കിൽ കുഴിയിടിയാം. ഗർഭപാത്രത്തിൽ നിന്ന് ഈ ലോകത്തിലേക്കു വന്നതു പോലെതന്നെ സങ്കീർണ്ണമാണ് ജീവൻപോയ ശരീരം മണ്ണിൽ മറഞ്ഞുപോകുന്നതും. പക്ഷേ അതിന്റെ വേദനയും പ്രയാസങ്ങളും കുഴിവെട്ടി മാത്രമേ അനുഭവിക്കാറുളൂ.

ഖാദർ ബിസ്മിചൊല്ലി, ചുണ്ണമ്പ് അതിരുകൾക്കുള്ളിൽ മയങ്ങി കിടന്ന മണ്ണിനെ കൂർത്ത പിക്കാസ്സുകൊണ്ട് വിളിച്ചുണർത്തി. ആ ഉണർത്തുപാട്ടിന്റെ ശബ്ദം മീസാൻ കല്ലുകൾക്കു മേലെ പടർന്നു. മണ്ണിളക്കത്തിൽ പിക്കാസിന്റെ വെട്ടുകൊണ്ട് മുറിഞ്ഞു രണ്ടു ശരീരമായ മണ്ണിര ജീവനുവേണ്ടി വിപരീത ദിശകളിലേക്കു പാഞ്ഞു പോകുന്നത് നോക്കിനിൽക്കവേ മയ്യത്തു പറമ്പിന്റെ വിശാലതയിലെവിടെയോ അയാൾക്ക് ഒരു സാനിധ്യം അനുഭവപ്പെട്ടു.

ശരീരം വിട്ടുവരുന്ന റൂഹ് മരകൊമ്പിലും മറയത്തും കുറ്റിക്കാടിന്റെ ഇരുളിലുമിരുന്ന് മയ്യത്തുകുഴിവെട്ടുന്നത് നോക്കുന്നതായി ഖാദറിനു മുൻപും അനുഭവപ്പെട്ടിട്ടുണ്ട്. തിരിഞ്ഞു നോക്കിയാൽ കാണില്ല. മറഞ്ഞു കളയും. പക്ഷേ അവരുടെ സാനിധ്യത്തിന്റെ തെളിവിനായി എന്തെങ്കിലും അടയാളങ്ങൾ ശേഷിപ്പിക്കാറുണ്ട്.ചിലപ്പോൾ ഒരു തൂവലോ ദ്രവിച്ചു ഞരമ്പുകൾ മാത്രമായ ഇലയോ പൂക്കളോ എന്തു വേണമെങ്കിലുമാകാം. അത് മയ്യത്തുപറമ്പിനും ഖാദറിനുമിടയിൽ നിയമങ്ങളില്ലാതെ പരിപാലിക്കപ്പെട്ടുപോന്ന ഒരു രഹസ്യമാണ്. ഇങ്ങനെ കിട്ടുന്ന അടയാളങ്ങളുടേതായ ഒരു ശേഖരം തന്നെയുണ്ട് അയാളുടെ പക്കൽ.

ഖാദർ സാനിധ്യമനുഭവപ്പെട്ടിടത്തേക്കു തിരിഞ്ഞു നോക്കി.

ഒരിറ്റ് നേരത്തെ നിശബ്ദക്കു ശേഷം മരത്തിന്റെ മറവിൽനിന്ന് ഒരു പെൺകുട്ടി മുന്നോട്ടു വന്നു.

ഇളകിയ മണ്ണും ഖാദറും ഒന്നു വിറച്ചു. ആരാണ് മയ്യത്ത് പറമ്പിൽ, അതും ഈ സമയത്ത് ?

പുലർക്കാലത്തെ മഴയിൽ അവൾ ആകെ നനഞ്ഞിരുന്നു.മുഖവും കൈകളും മാത്രം വെളിയിൽ കാണാവുന്ന കറുത്ത പർദ്ദയാണ് വേഷം. കൗമാരത്തിന്റെ പ്രസരിപ്പ് മുഖത്തും നിന്നും മാഞ്ഞിട്ടില്ല.

വിറയൽ മാറും മുൻപേ അവൾ ചോദിച്ചു.

"താഴേത്തുവീട്ടിൽ ഐശാ ബീഗം. കബറിടം എവിടെയാണ്.ഏറെ നേരമായി തിരയുന്നു. മീസാൻ കല്ലുകളിലെ പേരെല്ലാം മാഞ്ഞു പോയിരിക്കുന്നു."

'കബറിടം' എന്ന വാക്ക് ശബ്ദം താഴ്ത്തിയാണ് ഉച്ചരിച്ചത്.

ആരുടെയെല്ലാം കബറിടങ്ങൾ എവിടെ എപ്പോൾ ഏതു മൂലയിൽ , ഇതെല്ലാം ഖാദറിന്റെ ഓർമകളിൽ വ്യക്തവും ദൃഡവുമാണ്.

അയാൾ വിരൽചൂണ്ടി - " പൂവരശ്ശിന്റെ പിറകിൽ മൂന്നാമത്തെ... "

അവൾ ഐശാബിയുടെ മീസാൻകല്ലിലെ മാഞ്ഞു തുടങ്ങിയ പേര് തൂത്ത്തുടച്ചു ഒന്നുറപ്പിച്ചു. പിന്നെസാമ്പ്രാണിത്തിരി കത്തിച്ചുവച്ച് കബറിടത്തിനരികിലിരുന്ന് യാസീനോതാൻ തുടങ്ങി.

ശ്വാസം മുട്ടിനിന്ന കബറിന്റെ നിശ്വാസം പോലെ തിരിത്തുമ്പിൽ നിന്നും പുകയുയർന്നു.

‘പതിരുപതു കൊല്ലത്തോളമായി ഐശാബീ മരിച്ചിട്ട്. നാട് വിട്ടു ഓടിപോയ ഒരു മകൻ മാത്രമേ ആ സ്ത്രീക്കുളൂ. മകനാകട്ടേ ഒരു തവണപോലും ഇവടേക്കു തിരിഞ്ഞു നോക്കിയിട്ടില്ല. അവൻ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഉറപ്പില്ല. ആരെങ്കിലും ഐശാബിയുടെ കബറിടത്തിലിരുന്ന് യാസീനോതുന്നത് ഇതുവരെ കണ്ടിട്ടില്ല. ഐശാബിയുടെ ആരാണീ പെൺകുട്ടി.?

ഐശാബിയുടേത് പോലെ വേറെയുമുണ്ട് കുറേ അനാഥ കൂടീരങ്ങൾ ഈ മയ്യത്തു പറമ്പിൽ. അത് കാണുമ്പോൾ മയ്യത്തു പറമ്പുകളുടെ ആവശ്യകതയിൽ പോലും സംശയം തോന്നും. ജീവനില്ലാത്ത ശരീരത്തിനു മുകളിൽ മീസാൻ കല്ലുകളുയർത്തി അനശ്വരത സൃഷ്ടിക്കുന്നത് ആരുടെ മനോരോഗമാണ്?. സ്മാരകങ്ങൾ ഉയരേണ്ടത് മനസ്സിലല്ലേ. ജീവൻ പോയ ശരീരങ്ങൾ കത്തിച്ചുകളയുകയോ കടലിലെറിയുകയോ ആണ് വേണ്ടത്.’

മണ്ണിരയുടെ മുറിഞ്ഞ ശരീരങ്ങൾ പോലെ വൈരുധ്യമുള്ളതായിരുന്നു ഖാദറിന്റെ തൊഴിലും ചിന്തകളും.

മഴപെയ്തു നനഞ്ഞ മണ്ണിന്റെ കനത്തിനു താഴെ കുഴിയെത്തിയപ്പോൾ അവൾ വന്നു ചോദിച്ചു.

"ആരാണ് മരിച്ചത് ?"

മയ്യത്തു പറമ്പിൽ ഒരു പ്രായം തികഞ്ഞ പെൺകുട്ടിയുമായുള്ള സംസാരം അയാൾ ആഗ്രഹിച്ചിരുന്നില്ല.

ഖാദർ അനിഷ്ടത്തോടെ പറഞ്ഞു :- "പെൺവർഗത്തിൽ പെട്ടൊരാളാണ്."

ഗൗനിക്കാതെ കുഴികുത്തുന്നത് തുടർന്നപ്പോൾ അവൾ പിന്നെയും ചോദിച്ചു:-

"എങ്ങനെയാണ് മരിച്ചത് ?"

സംഭാഷണം തുടരുന്നതിലെ താല്പര്യകുറവ് വ്യക്തമാക്കുന്ന ഭാവത്തോടെ അയാൾ പറഞ്ഞു.:-

"അറിയില്ല...!"

‘ മരണപ്പെട്ടത് ആരുടേയെങ്കിലും മകളോ ഭാര്യയോ സഹോദരിയോ ആകാം. കണ്ണുനീരിന്റെ അളവു നോക്കി മരിച്ചവനോടുള്ള ബന്ധത്തിന്റെ ആഴം നിശ്ചയിക്കുന്നവരുടെ ലോകത്ത് ഈ ചോദ്യങ്ങൾക്ക് മറ്റെന്തുത്തരമാണ് നൽകുക. അല്ലെങ്കിലും മരണം വന്നെത്തിയ കഥയും കഥാ സന്ദർഭവും വിവരിക്കുന്നത് ആവർത്തനത്താൽ വിരസത സൃഷ്ടിച്ചിരിക്കുന്നു. മണ്ണ് പുതച്ചു കിടക്കുന്നതാണ് ഏകസത്യമെന്നറിഞ്ഞാൽ പിന്നെ ആകസ്മികതയും ചരിത്രവും അപ്രസക്തമാണ്.’

പെൺകുട്ടി മറിഞ്ഞുകിടന്ന ഒരു മരത്തിന്മേലിരുന്ന്, പറമ്പിന്റെ അറ്റത്തേക്ക് കണ്ണുകൾ നാട്ടി ആരെയോ കാത്തിരുന്നു. മയ്യത്തു പറമ്പിന്റെ നിശബ്ദതയിൽ കറുത്ത നിറമുള്ള മീസാൻ കല്ലിനെ പോലെ അവൾ ഉയർന്നു കാണപ്പെട്ടു.

സ്ത്രീസാനിധ്യം അകാരണമായ അസ്വസ്തഥയുണ്ടാക്കിയതിനാൽ ജോലി നിർത്തി ഖാദർ ചോദിച്ചു:-

"പതിനൊന്നു തവണ യാസീനോതി, ഒരു കൂട് സാമ്പ്രാണിത്തിരി പുകഞ്ഞു തീർന്നു. ഇനിയും നിനകെന്താണ് ഈ മയ്യത്തു പറമ്പിൽ ചെയ്യാനുള്ളത്. നീ ആരെയാണ് കാത്തിരിക്കുന്നത് ?"

എന്തു പറയും! അവൾ സംശയിച്ചു.

‘ആരാണ് മരിച്ചതെന്നറിയാതെ എങ്ങനെയാണ് ഇവിടം വിട്ടു പോവുക. ചിലപ്പോൾ പരിചയമുള്ള ആരെങ്കിലുമാണെങ്കിലോ ? മനസ്സ് പറയുന്നു ആ പെൺവർഗത്തിലെ അംഗം എന്നെപോലെ തന്നെയുള്ള ഒരുവളായിരിക്കുമെന്നു.’

പക്ഷേ പറഞ്ഞത് മറ്റൊന്നായിരുന്നു :-

"മയ്യത്തു കുഴികളുണ്ടാകുന്നത് ഇതുവരെ കണ്ടിട്ടില്ല. അതുകാണണമെന്നുണ്ടെനിക്ക് "

കോപം വന്നെങ്കിലും അയാൾ അത് പ്രകടിപ്പിച്ചില്ല.

‘മണ്ണിൽനിന്നും വന്നവൻ മണ്ണിലേക്ക് മടങ്ങുന്നു. അതിനപ്പുറം ഒരു കാഴച്ചയും ഈ മയ്യത്തു പറമ്പിൽ കാണാൻ പറ്റിയതില്ല. അത്രതന്നെ!’

ആരോടെങ്കിലും വാഗ്വാദത്തിലേർപ്പെട്ട് കളയാൻ സമയം ബാക്കിയില്ല. മഞ്ചം ഏപ്പോൾ വേണമെങ്കിലും എത്താം. പോരാത്തതിനു മണ്ണിനു സാധാരണയുള്ള ഉറപ്പില്ല. ഒപ്പം നനവും. സൂക്ഷിച്ചു വെട്ടിയില്ലെങ്കിൽ കുഴിയിടിയും. അതുണ്ടായികൂടാ. കുഴിയിടിഞ്ഞാൽ അത് പരാജയമാണ്.

അയാൾ കുഴിവെട്ടുന്നതിലേക്കു ശ്രദ്ധതിരിച്ചു.

അന്തരീക്ഷത്തിലെ നിശബ്ദതയാണ് സ്മശാനങ്ങളെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തവും ഭീതിജനകവുമാക്കുന്നത്. മയ്യത്തു പറമ്പിലെ ആ നിശബ്ദതക്കു മുകളിൽ പിക്കാസ് ഉയർന്നു താഴുന്നതിന്റേയും ഒപ്പം ഊക്കോടെ വിടുന്ന ഖാദറിന്റെ ശ്വാസത്തിന്റേയും ശബ്ദം അപരിചിതരെപോലെ തങ്ങിനിന്നു.

ആരുമില്ലാത്ത ഐശാബിയെ തേടിവന്നയീ പെൺകുട്ടി ആരാണ്? ശരീരം വിട്ടുവന്ന റൂഹ് ഇത്തവണ അടയാളമായ് ഇട്ടു തന്നത് ഇവളെയാണോ? ആഴങ്ങളിലെ മണ്ണിളക്കി മാറ്റികൊണ്ടിരുന്നപ്പോൾ ഖാദറിനു പിന്നെയും സംശയം തോന്നി. 

അയാൾ പ്രതീക്ഷയോടെ ചോദിച്ചു:-

" താഴേത്തുവീട്ടിൽ ഐശാബീയുടെ ആരാണ് ?"

ആ ചോദ്യത്തിനു ഉത്തരമില്ലയിരുന്നു.

‘കബറിടത്തിൽ വന്ന് പതിനൊന്നു തവണ യാസീനോതുവൻ മറ്റാരും ജീവിചിരിപ്പില്ല എന്ന് ഉറപ്പുള്ളതിനാലാകും അയാൾ കരഞ്ഞപേക്ഷിച്ചത്. അയാൾ ഐശാബീയുടെ മകനോ സഹോദരനോ ഭർത്താവോ ആകാം. അതു ചോദിക്കും മുൻപേ അയാൾ മരണപ്പെട്ടുപോയി. ആകെ രക്തമൊലിച്ചിരുന്നതിനാൽ മുഖം പോലും കണ്ടില്ല . നിലാവിൽ തിളങ്ങിയ അയാളുടെ കണ്ണുകൾ മാത്രമാണ് വ്യക്തമായി കണ്ടത്. ജീവനെടുക്കുവാൻ തക്ക തീവ്രമായി പരിശീലിച്ചു മനസ്സിനെ ദൃഡപ്പെടുത്തിയിട്ടും മരണം തിരിഞ്ഞു നോക്കിയപ്പോൾ തോറ്റു പോയവന്റെ ദുഃഖമുണ്ടായിരുന്നു ആ കണ്ണുകളിൽ. അയാൾ കൊലപാതകിയോ തീവ്രവാദിയോ നക്സലേറ്റോ ആയിരിക്കാം. വിശ്വാസത്തിന്റെ പുറകേപോയവനോട് വെറുപ്പാണ് തോന്നുന്നത്. പക്ഷേ തോറ്റവന്റെ അന്ത്യാഭിലാഷത്തിനു ജയിച്ചവന്റേതിനേക്കാൾ പ്രസക്തിയുണ്ട്. തോറ്റുമരിച്ചുപോയവനോടുള്ള ആ സഹതാപമാണ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഉറക്കം തരാതെ മയ്യത്തുപറമ്പുവരെ കൂട്ടികൊണ്ട് വന്നിരിക്കുന്നത്. ഖുർ-ആനോ യാസീനോ ഓതാൻ അറിയില്ലായിരുന്നു. മാസങ്ങളെടുത്തു അതൊന്നു ഹൃദ്യസ്ഥമാക്കാൻ!’

"ഐശാബിയെ ഇഷ്ടപ്പെടുന്ന ഒരാൾ ഏല്പിച്ച ജോലിയാണ്. മരിച്ചുപോയതാരാണന്നു നിങ്ങൾക്കറിയാത്തതു പോലെ അയാൾ ആരാണെന്ന് എനിക്കും അറിയില്ല "

രഹസ്യങ്ങൾ പങ്കുവക്കാൻ അവളും ഇഷ്ടപ്പെട്ടിരുന്നില്ല.

ഉത്തരം അപൂർണ്ണമായിരുന്നെങ്കിലും ബാക്കിയറിയാൻ താല്പര്യമില്ലാതെ ഖാദർ ജോലി തുടർന്നു.

"ഒരു കുഴികുഴിക്കാൻ എത്രയാണ് കൂലി" സംഭാഷണത്തിലുണ്ടായ അകലം കുറക്കാൻ വേണ്ടി അവൾ ചോദിച്ചു.

അതൊരു വിശ്വാസമാണ്. വിശ്വാസങ്ങൾ സത്യമാവണമെന്നില്ല.!

ഖാദർ:- "കൂലി പടച്ചവൻ തരുന്നതല്ലേ.അവന്റെ കണക്കു പുസ്തകത്തിൽ തെറ്റ് കടന്നുകൂടാറില്ല"

അധ്വാനത്താൽ വിയർത്തൊലിച്ചു കിതക്കുന്ന തൊഴിലാളികളോടും അവൾക്ക് സഹതാപം തോന്നി.
മയ്യത്തുകളുടെ ഭൂമിയും കൂലിയും പൂന്തോട്ടങ്ങൾക്കായി വീതിച്ചു നൽകുന്ന നീതി എന്നാണ് വരിക!

പുലർക്കാലത്തെ മഴയിൽ നനഞ്ഞ പർദ്ദ അപ്പോഴും ഉണങ്ങിയിട്ടുണ്ടായിരുന്നില്ല.ചെറിയ കാറ്റുംകൂടെ വീശിയപ്പോൾ ആകെ തണുത്ത് വിറയൽ വന്നു. അവൾ പർദ്ദയൂരി മരകൊമ്പിൽ തൂക്കി. പർദ്ദക്കു താഴെ നീല ജീൻസും ഇറക്കമുള്ള ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. ആ വേഷത്തിൽ കൂടുതൽ അഴകുള്ളവളായിരുന്നെങ്കിലും മയ്യത്തുപറമ്പിന്റെ ഏകാവകാശിയെപോലെ ഖാദർ കുപിതനായി.

"എന്താണിത് ? ഈ വേഷമോ.. അതും മയ്യത്ത് പറമ്പിൽ..! മറ്റാരെങ്കിലും കാണും മുൻപേ തിരികേ ധരികൂ.."
"അത് നനഞ്ഞതാണ്... ഈ കാറ്റിൽ വല്ലാത്ത തണ്ണുപ്പും വിറയലും വരുന്നു"

അയാൾ അത് കേട്ടതായി ഭാവിച്ചില്ല.

"പർദ്ദ തിരികെ ധരികൂ... അല്ലെങ്കിൽ ഈ കുഴി പൂർത്തിയാക്കാതെ എനിക്കിവിടം വിട്ടു പോകേണ്ടീവരും "

തോറ്റ് കൊടുക്കുകയല്ലാതെ അവൾക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

പെൺകുട്ടി നനഞ്ഞ പർദ്ദ തിരികെ ധരിച്ച് മീസാൻ കല്ലുപോലെ പഴയിടത്തു പോയിരിരുന്നു. പിന്നെ തുടർസംഭാഷണത്തിനു മുതിരാതെ ബാഗിൽനിന്നെടുത്ത ഒരു കവിതാ പുസ്തകം ശ്രദ്ധയോടെ വായിച്ച് സമയം നീക്കി.
ഖലീൽ ജിബ്രാന്റെ മരണത്തെ പറ്റിയുള്ള ഇംഗ്ലീഷ് കവിതകളായിരുന്നു അത്.

പർദ്ദയിലെ ഈർപ്പം വറ്റിയപ്പോഴേക്കും മയ്യത്തു കുഴി അയാൾ പൊക്കത്തിൽ താഴ്ന്നിരുന്നു. 

കുഴിയാഴത്തിന്റെ അതിരിൽ വല്ലാത്ത നനവ്. ആരാണ് മണ്ണിനടിയിൽ കരയുന്നത് !. ആരുടെ ദുഃഖമാണ് ഈ മണ്ണിനെ നനയിക്കുന്നത്. ?

ഖാദർ ആകാശത്തേക്ക് നോക്കി സമയം ഗണിച്ചു.

ഇനി കുറച്ചു മിനുക്ക് പണികൾ മാത്രമേ ബാക്കിയുള്ളൂ. മൂലകൾ കൂർപ്പിക്കണം. നീളവുംവീതിയും അളന്നുതിട്ടപ്പെടുത്തണം. മൺഭിത്തികൾ ചെത്തി മിനുക്കണം. പ്രതലത്തിലെ കൂർത്തകല്ലുകൾ പെറുക്കികളഞ്ഞ് നേർത്ത മണ്ണിന്റെ വിരിപ്പയുണ്ടാക്കണം. അത്രയും കൂടെ ചെയ്താൽ ഉടമസ്ഥനെ സ്വീകരിക്കാൻ ഈ ഗൃഹം തയ്യാറാണ്.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജോലിചെയ്തു തീർത്തപോലെ ആഹ്ലാദം അയാളിൽ തിങ്ങിനിറഞ്ഞു. ആ സന്തോഷം പങ്കുവക്കാൻ പെൺകുട്ടിയെ വിളിച്ചു വിറക്കുന്ന ശബ്ദത്തോടെ പറഞ്ഞു.

"കബറിടങ്ങൾക്കിടയിലിരുന്ന് കവിത വായിക്കുന്ന പെൺകുട്ടി.., ഇങ്ങനെയാണ് മയ്യത്തു കുഴികളുണ്ടാകുന്നത് "

അവൾ അതുവരെയില്ലാത്ത അർത്ഥ ഭാവങ്ങളോടെ ഖാദറിനെ നോക്കി.

കണ്ണുകളിലെ നനവ് മറക്കുവാനാകാതെ അയാൾ പറഞ്ഞു:-

"മഞ്ചം എത്താൻ സമയമായി”

മൺഭിത്തികളിൽ കണ്ണുനാട്ടി, മയ്യത്തു കുഴിയുടെ മൂലയിലേക്കു കുറ്റം ചെയ്തവനെ പോലെ ഖാദർ ചുരുണ്ടുകൂടി. 

അജ്ഞാതന്റെ അന്ത്യാഭിലാഷം നിറവേറ്റാൻ വന്നവൾ മറ്റൊരജ്ഞാതന്റെ നിത്യദുഃഖം കണ്ട് നിസ്സഹായയായി നിന്നു. പിന്നെ മഞ്ചത്തിനെ കാത്തുനിൽക്കാതെ മയ്യത്തു പറമ്പിൽ നിന്നും മടങ്ങി. മയ്യത്ത് പറമ്പ് ജീവിക്കാന്‍ അധികാരമില്ലാത്തവര്‍ക്കുള്ളതാണ്. ജീവനുള്ളവര്‍ അവിടെ നിന്നും മടങ്ങി പോകേണ്ടിയിരിക്കുന്നു. പെണ്‍കുട്ടി ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ യാത്ര തുടര്‍ന്നു. 


പതിനൊന്നു വർഷം മാത്രം പ്രായമായ പെൺശരീരവും പേറി മയ്യത്തു പറമ്പിലേക്കുള്ള യാത്രയിലായിരുന്നു മഞ്ചം. 

മഞ്ചത്തിനു തൊട്ടുപിറകിൽ ആണുങ്ങളുടെ വരിയാണ്. വരിയിൽ എറ്റവും പിറകിലുള്ളവർ മരണകാരണത്തെ പറ്റിയും കൊലപാതകികളുടെ ക്രൂരതകളെ പറ്റിയും ശബ്ദം താഴ്ത്തി സംസാരിക്കുന്നുണ്ടായിരുന്നു. പതിനൊന്നു വയസ്സ് തന്നെയുള്ള പെൺകുട്ടിയുടെ ആൺസുഹൃത്ത് മുഖം കൊടുക്കാതെ ചെവി കൂർപ്പിച്ചു ആ സംഭാഷണം ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. ആണുങ്ങളുടെ വരിക്കു പിറകിൽ നിശ്ചിത അകലത്തിൽ പാത്തുവിനു ചുറ്റും ഒരു വലയമായി സ്ത്രീകളും മഞ്ചത്തെ അനുഗമിച്ചു. ആണുങ്ങളിൽ നിന്നും വ്യത്യസ്തമായി അച്ചടക്കമില്ലാത്ത ഒരു കൂട്ടമായിരുന്നു സ്ത്രീകളുടേത്.


മിനിക്കുപണികൾ അവസാനിപ്പിച്ചുകൊണ്ട് കുഴിയുടെ പരുത്ത പ്രതലത്തിൽ ഖാദർ നേർത്ത മണ്ണുപാകി. പിന്നെ മെല്ലെ മണ്ണിൽ വിരലോടിച്ചുകൊണ്ട് ആ പ്രതലത്തിൽ മലർന്നു കിടന്നു.

ദീർഘ ചതുരത്തിൽ കാണപ്പെട്ട നീലാകശത്തിലൂടെ പക്ഷികൾ പറന്നു പോകുന്നു. മുഴുവൻ പ്രപഞ്ചവും ആ കുഴിയിലേക്ക് ഉറ്റുനോക്കുന്നത് പോലെ. അയാൾ പേശികളയച്ച് മണ്ണിനോട് കൂടുതൽ ചേർന്നു കിടന്നു. കണ്ണുകളടച്ച് മണ്ണിന്റെ നനവിനെ ഉൾകൊണ്ടു. മരണത്തെ അറിയാൻ ശ്രമിച്ചു.

ശ്രമിച്ചു തോറ്റയാൾ തോളുകളും നെഞ്ചാം കൂടും കുലുക്കി കരഞ്ഞു. മണ്ണിടിഞ്ഞു വീണ് മൂടപ്പെട്ട് പോയിരുന്നെങ്കിലെന്ന് ആ നിമിഷം ആശിച്ചിപോയിരുന്നു.

നീളത്തിൽ ചെരിഞ്ഞു കിടക്കുന്ന കുന്നു കയറി ഇളം കാറ്റും പിന്നാലെ മഞ്ചവും വന്നു. 

മഞ്ചം മണ്ണിലേക്കിറങ്ങി.

വിറക്കുന്ന കൈകളോടെ വെള്ളതുണിയിൽ പൊതിഞ്ഞ ശരീരം അയാൾ കുഴിലേക്ക് ഏറ്റുവാങ്ങി. കാഴ്ച്ചക്കാരുടെ മുൻപിൽ കണ്ണുനനക്കാതെ കരുത്തനെ പോലെ നിന്നുവെങ്കിലും ഒരു നിമിഷം നിയന്ത്രണംവിട്ട് ഖാദർ വിളിച്ചു:-

"...ന്റെ.. മുത്തേ..... "

അതുകേട്ട് പറമ്പിൽ കയറാതെ മുള്ളുവേലിക്കപ്പുറം നിന്ന പെണ്ണുങ്ങൾ കൂട്ടമായി കൂടുതൽ ഉച്ചത്തിൽ കരയാൻ തുടങ്ങി.

മയ്യത്തു മറവു ചെയ്യുന്നതിനു ചില ചിട്ടകളുണ്ട്. കുഴിയുടെ മുകളിൽ പച്ചനിറമുള്ള തുണി വിടർത്തി പിടിക്കണം, ശരീരം 'മക്ക'യിലെ കബറിടത്തിനു നേരെ ചരിച്ചു കിടത്തണം. മണ്ണിട്ടു മൂടുന്നതിനു മുൻപായി ഒരുരുള മണ്ണ് കുഴച്ച് ചുണ്ടിനോട് ചേർത്തു വയ്ക്കണം. വർഷങ്ങളായി ചെയ്യുന്ന തൊഴിലിന്റെ ഭാഗമാണതെല്ലാം. എങ്കിലും ചിലർ ‘അങ്ങനെയല്ല’ 'ഇങ്ങനെ' എന്നു പറഞ്ഞുകൊണ്ട് തിരുത്താൻ ശ്രമിക്കും.

അത്തരത്തിൽ സംസ്ക്കാര ചടങ്ങുകളുടെ ക്രമങ്ങൾ കുഴിയുടെ മുകളിൽ നിന്നു ഉപദേശിച്ച കാഴ്ച്ചക്കാരോട് ഖാദർ കയർത്തു:-

“മുള്ളു കാട്ടിൽ ചോരയൊലിച്ചു കിടന്നപ്പോൾ എവിടെയായിരുന്നു നിങ്ങൾ ? ആരുടേയും ഉപദേശം വേണ്ടാ... എന്റെ ശരീരം തന്നെയാണിത്."

വിശകലനം ചെയ്യാൻ കൂടിയവർക്ക് ഒന്നും മനസ്സിലായില്ല. അവരുടെ ചർച്ചകളിൽ അതുവരെ അങ്ങനെയൊരു കാര്യം കടന്നു വന്നിരുന്നില്ല. അവർ പരസ്പ്പരം മുഖത്തോടെ മുഖം നോക്കി, നിശബ്ദരായി.

ഖാദർ സൂക്ഷ്മതയോടെ ശരീരം പടിഞ്ഞാറോട്ട് ചരിച്ചു കിടത്തി,വായിൽ മണ്ണുരുള ചേർത്തു വച്ചു. സഹായിക്കാൻ മുതിർന്നവരെയെല്ലാം വിലക്കി, അയാൾ തനിയെയാണ് കബറിടം മൂടിയത്.

അങ്ങനെ നബീസുമ്മയുടേയും അബൂക്കയുടേയും പ്രണയങ്ങൾക്കിടയിലേക്കു ദത്തുപുത്രിയെ പോലെ ഇറങ്ങിയ ശരീരത്തിനു മുകളിൽ മണ്ണും അതിനു മുകളിൽ പുതിയൊരു മീസാൻ കല്ലുമുയർന്നു. ഖാദർ ഇരുട്ടുവോളം അവിടെയിരുന്ന് യാസീനോതി.

മടക്കത്തിൽ ഖാദർ ഒരിക്കൽക്കൂടി പറമ്പിലേക്ക് തിരിഞ്ഞു നോക്കി. റൂഹായിവന്നവൾ മയ്യത്തു പറമ്പിലെവിടെയെങ്കിലും ഒളിച്ചിരുന്ന് നോക്കുന്നുണ്ടാകുമെന്ന തോന്നലിൽ ചുറ്റുപാടുകളിലൂടെ കണ്ണോടിക്കവേ ഐശാബിയെ തേടിവന്ന പെൺകുട്ടി വായിച്ചു മുഴുമിപ്പിക്കാതെ തുറന്നു വച്ചുപോയ കവിതാ പുസ്തകം അയാൾ കണ്ടു. കവിതയുടെ ഭാഷ ഖാദറിനു അജ്ഞാതമായിരുന്നു. എങ്കിലും മിനുസമുള്ള താളുകളിലൂടെ അയാൾ ഏറെനേരം വിരലോടിച്ചു. ഒരോരോ താളുകളിലും കവിതക്കൊപ്പം ചിത്രങ്ങളുമുണ്ടായിരുന്നു. ഖാദർ ചിത്രങ്ങളിലൂടെ കവിതയെ ഗ്രഹിക്കാൻ ശ്രമിച്ചു. പിന്നെ അവ്യക്തതയിൽ വിശ്വസിക്കുന്ന മനുഷ്യന്റെ ജന്മവാസനയുടെ പ്രേരണയിൽ അയാൾ അത് അടയാളങ്ങളുടെ ശേഖരത്തിലേക്ക് ചേർത്തു പിടിച്ചു.

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ആണ്‍ ദൂരം

ആന്റണി: "മരിക്കാനുള്ള സന്നദ്ധതയാണ് എല്ലാ രക്തസാക്ഷികളേയും ഇതിഹാസങ്ങളാക്കി മാറ്റുന്നത്. ഭയമില്ലാതെ, സ്വാർത്ഥതയില്ലാതെ ഉറച്ച ചുവടുകളുമായി മരണത്തിലേക്കു നടന്നടുത്തവരാണവർ.ഒരുതരത്തിൽ രക്തസാക്ഷിത്വം ആത്മഹത്യാപരമാണ്.എല്ലാ രക്തസാക്ഷികളും ആത്മഹത്യ ചെയ്തവരാണ്"

മദ്യം അകത്തു ചെന്നാൽ തത്വശാസ്ത്രം ശർദ്ദിക്കുക അയാളുടെ ശീലമാണ്. പക്ഷേ മരണത്തേയും ആത്മഹത്യയേയും പറ്റി പറയുന്നത് ആദ്യമായിട്ടാണ്.ബട്ടർഫ്ളൈ കോളറുള്ള വയസ്സർ വെയ്റ്റർ വിഷണ്ണനായി. ആത്മഹത്യയെ പറ്റി സംസാരിക്കുന്ന കസ്റ്റമേർസിനു മദ്യമൊഴിച്ചുകൊടുക്കുമ്പോൾ കൈകൾ വിറക്കും.

വയസ്സൻ വെയ്റ്റർ പറഞ്ഞു:- " സാറിനിന്ന് അധികമായി... "

വയസ്സന്റെ അനുഭവങ്ങളുടെ പുകമറ വീണ കണ്ണുകളിലെ തീക്ഷ്ണത കണ്ടിട്ടാകണം ആന്റണി മറ്റൊന്നും പറഞ്ഞില്ല. ചില സന്ദർഭങ്ങളിലെങ്കിലും പറയാതെ പോയ വാക്കുകളിലൂടെയാകും മറ്റുള്ളവർ നമ്മളെ സ്മരിക്കുക.  അല്ലെങ്കിലും വിശദീകരിക്കനും പറഞ്ഞു മനസ്സിലാക്കാനുമുള്ള കഴിവിന്റെ അഭാവമാണല്ലോ അയാളെ മദ്യശാലയിലെ എച്ചിലുകൾ നിറഞ്ഞ മേശപ്പുറത്തെത്തിച്ചത്. 

ദിവസങ്ങളായി ഉറക്കത്തിന്റെ രാസപ്രവർത്തനങ്ങൾ ഘനീഭവിച്ചുപോയ ശരീരമാണയളുടേത്. നീറി തടിച്ചുവീർത്ത് ചലം ഒഴുകുന്നത് കണ്ണുകളിൽ നിന്നുമാത്രമല്ല. മനസ്സിൽ നിന്നും കൂടിയാണ്.ഒരു പതിഞ്ഞ മൂളലോടെ പാതി തീർന്ന മദ്യകുപ്പി കക്ഷത്തിൽവച്ച്  യാത്ര പറഞ്ഞിറങ്ങി. 

ആന്റണി വർഷങ്ങളായി ആ വയസ്സന്റെ കസ്റ്റമറാണ്. അയാൾ ഇതിനു മുൻപൊരിക്കൽ പോലും യാത്രപറഞ്ഞിറങ്ങിയിട്ടില്ല.

വൃദ്ധന്റെ ഹൃദയം തേങ്ങി. 

അർത്ഥഗർഭമായ മൗനത്തോടെ, ആന്റണി ആടിയാടി അരണ്ട വെളിച്ചത്തിലൂടെ നടന്നുപോകുന്നതു അയാൾ നോക്കി നിന്നു. 

മദ്യശാലക്കു പുറത്ത് വേശ്യകൾക്കായി ഒരു തെരുവുണ്ട്. തെരുവിലെ മഞ്ഞ കൂടിയ വെളിച്ചം കുടപോലെ വിരിയിക്കുന്ന വഴിവിളക്കുകളുടെ ചുവട്ടിലാണ് അവർ നിൽക്കുക. ഒരോരുത്തർക്കുമുണ്ട് ഒരോരോ വഴിവിളിക്കുകൾ. ഒരാൾക്കവകാശപെട്ട വഴിവിളക്കിൻ ചുവട്ടിൽ മറ്റൊരു വേശ്യയും വന്നു നിൽക്കില്ല. ആ വഴിവിളക്കുകളുടെ അക്കങ്ങളിലാണവരെ ആവശ്യക്കാർ തിരിച്ചറിഞ്ഞു അന്വേഷിച്ചു വരുന്നതു തന്നെ.

തുരുമ്പിച്ചു മറിഞ്ഞു വീഴാറായ നാല്പത്തിനാലാം നമ്പർ വിളക്കു കാലിന്റെ ചുവട്ടിൽ ഒരു ചുരുളൻ മുടിക്കാരി ചാരി നിൽക്കുന്നു.  അവളുടെ വലത് ചെവിക്കു താഴെയുള്ള ചെറിയവെള്ള പാണ്ട് ദൂരെ നിന്നും വ്യക്തമായി കാണാം.

ലോകത്തോട് മുഴുവൻ കലഹിച്ചിട്ടും കൂടെകൂട്ടാൻ പറ്റാതെപോയ ആന്റണിയുടെ കാമുകിക്കുമുണ്ടായിരുന്നു അങ്ങനെയൊരു വെള്ള പാണ്ട്. അപൂർണ്ണതയുടെ സൗന്ദര്യം പ്രകൃതിവരച്ചുവച്ച പോലൊരു വൃത്തം. കുറ്റിക്കാട്ടിലെ സല്ലാപങ്ങൾക്കിടയിൽ ആ പാണ്ടിനു ചുറ്റും ചൂണ്ടു വിരലോടിച്ചു കളിക്കുന്നതു രസമായിരുന്നു!

കുറ്റിക്കാട്ടിൽനിന്നും പതിവായുയരുന്ന ചോദ്യമുണ്ട്

 " വെള്ള പാണ്ടുള്ളവരെ ആർക്കും ഇഷ്ട്ടമാവില്ല. ആരും കല്യാണവും കഴിക്കില്ലായിരിക്കും... അല്ലേ ?"

അതിനുത്തരവും ഒരു ചോദ്യമാണ്. 

ആന്റണി : "വെള്ളപ്പാണ്ട് വന്നത് നിന്റെ തൊലിക്കല്ലേ... മനസ്സിനല്ലല്ലോ?"

എന്തെന്നറിയാതെ, ചോദ്യവും ചോദ്യരൂപത്തിലുള്ള ഉത്തരവും ആ കുറ്റിക്കാട് എന്നും ഒരേ ഭാവത്തോടെ ശ്രവിച്ചുനിന്നു.

പിന്നീട് അവളുടെ വിവാഹം കഴിഞ്ഞ ദിവസം കാതങ്ങൾക്കപ്പുറമുള്ള നഗരത്തിലെ എപ്പോഴും ഇരുട്ടുള്ള മുറിയിൽ വിലക്കു വാങ്ങിയ ശരീരത്തെ അവളുടെ പേരു ചൊല്ലി വിളിച്ചു നിർത്താതെ കരഞ്ഞുകൊണ്ട് ചേർത്തുവച്ചത് അയാൾ ഓർത്തു.

കളവുകൾ പറയാതിരുന്നിട്ടും വിശ്വസിക്കാൻ ആരുമില്ലാതെപോയവരുടെ പ്രണയനൈരാശ്യം ഇങ്ങനെയൊക്കെ കെട്ടടങ്ങൂ.!

ആന്റണി മദ്യം നുണഞ്ഞുകൊണ്ട് നാൽപ്പത്തിനാലാം നമ്പർ വഴിവിളക്കിന്റെ ചുവട്ടിൽ ചാരിനിക്കുന്ന വെള്ളപാണ്ടുകാരിയെ കുറേനേരം നോക്കിനിന്നു. നഷ്ട്ടപെട്ടുപോയ കാമുകിയുടെ സാദൃശ്യങ്ങൾ വേശ്യയിലന്വേഷിക്കുന്നതാണ് ആണിന്റെ വാസന.  വൈകല്യമുള്ള ആൺവംശത്തോട് മുഴുവൻ അയാൾക്ക് ഭയവും വെറുപ്പും തോന്നി.

സമയം ഏറേയായി മറ്റു വഴിവിളക്കിന്റെ അവകാശികളെയെല്ലാം ഒരോരുത്തരായി വാടകക്കു സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. ഇനിയാരെങ്കിലും വരുമെന്ന പ്രതീക്ഷയും വേണ്ട. വഴിവിളക്കുകൾ അണയാൻ സമയമായ്. ചെയ്യാത്ത ജോലിക്കു കൂലികൊടുക്കുന്നതു പാപമാണ്. ചോട്ടുവിനു കൊടുക്കേണ്ട തുകമാറ്റി വച്ചു ബാക്കി മുഴുവനും അയാൾ നാല്പത്തിനാലാം നമ്പർ വഴിവിളക്കിനരികിലായി താഴെയിട്ടു, ഒന്നും അറിയാത്ത പോലെ നടന്നു പോയി. 

വിശപ്പറിയാതെ സസുഖം വാഴുന്ന വേശ്യകൾ ഒരു ദേശത്തിലെ സ്ത്രീ സ്വാതന്ത്രത്തിന്റെ ലക്ഷണംകൂടിയാണ്. അവകാശിയുടെ കണ്ണിൽ  പണം പെടാതെ പോകില്ല.!

ആന്റണികെത്തേണ്ട സ്ഥലം അല്പം ദൂരെയാണ്. മഞ്ഞ വെളിച്ചം പടർന്ന വഴിയും കോൺക്രീറ്റ് റോഡും ഇശോ മിശീഹായുടെ കുരിശടിയും കഴിഞ്ഞുള്ള ചപ്പു ചവറുകൾ തള്ളുന്ന വെള്ളമില്ലാത്ത പുഴയരികിലെ മരച്ചുവട്ടിലാണ് ആന്റണികെത്തേണ്ടത്. ചോട്ടു ചിലപ്പോൾ ഏൽപ്പിച്ച ജോലി ചെയ്തു തീർത്തിട്ടുണ്ടാകും.

വ്യായാമം ചെയ്തു ശിലപോലെ ഉറപ്പിച്ചെടുത്ത ശരീരം വള്ളിച്ചെടി പോലെ ആടുന്നു. മദ്യലഹരിയേക്കാൾ അയാളെ അലട്ടുന്നത് ഉറക്കമില്ലായ്മയാണ്. ഉറക്കം കണ്ണുകളെ കൊട്ടിയടക്കാൻ ശ്രമിക്കുന്നുവെങ്കിലും അകക്കണ്ണ് ചിമ്മാതെ ഭയപ്പെട്ട് തുറിച്ചു നോക്കുകയാണ്.

അയാൾ വേച്ചു വേച്ചു കോൺക്രീറ്റ് റോഡിലേക്കു കയറി.

മരിക്കാറായ ശരീരവുമായി പാഞ്ഞുപോയ ആംബുലൻസിന്റെ വെളിച്ചത്തിലാണ് അയാൾ ആ നായയെ കണ്ടത്. ചക്രങ്ങൾ കയറി എല്ലുകൾ തകർന്നു ചോരവാർക്കുന്ന ശരീരവുമായി നായ ആന്റണിയെ നോക്കി മോങ്ങി. മദ്യകുപ്പി താഴെവച്ച് അയാൾ അതിനെ മടിയിലെടുത്ത് കഴുത്തിലും മുതുകിലുമെല്ലാം ചൊറിഞ്ഞു കൊടുത്തു. പ്രതീക്ഷിക്കാതെ കിട്ടിയ പരിചരണത്തിന്റെ ആലസ്യത്തിൽ നായ പിന്നെയും മോങ്ങി. കണ്ണുകളടച്ചു. പിന്നെ അതു കണ്ണുകൾ തുറന്നില്ല. ആന്റണിയുടെ മടിയിൽ നായ നിശ്ചലമായി. 

നായയുടെ ശരീരം അവിടെ തന്നെ ഉപേക്ഷിച്ചിട്ടു പോകാം.  ശരീരം ദിവസങ്ങളോളം വഴിയിൽ കിടന്നഴുകി ചീഞ്ഞു പുഴുക്കളരിച്ചുഅനേകം ചക്രങ്ങൾ കയറി ഇറങ്ങി  പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്നേക്കാം.ആരുടേതുമല്ലാത്ത ലോകമാണിത്. 

ആന്റണിക്ക് നായയുടെ ശരീരം മറവു ചെയ്യണമെന്നു തോന്നി.

കുഴിച്ചിടാൻ അവിടെയെങ്ങും മണ്ണുള്ള സ്ഥലമുണ്ടായിരുന്നില്ല. കോൺക്രീറ്റുകൾ കൊണ്ട് ഭൂമിയുടെ തൊലിപ്പുറം പൊതിഞ്ഞുകളഞ്ഞ നഗരമായിരുന്നു അത്.ഏറെ നേരം അലഞ്ഞു തിരിഞ്ഞിട്ടാണ് അല്പം മണ്ണുള്ള ഒരു സ്ഥലം കിട്ടിയത്. അതൊരു പൂന്തോട്ടമാണ്.നഗ്നമായ കൈകൾ കൊണ്ട് മണ്ണുകോരി കുഴിയുണ്ടാക്കി നായയെ ഇട്ടുമൂടി. അന്ത്യ കൂദാശ പാടി.

അവറാൻഎന്നാണ് ആ നായയെ അയാൾ അഭിസംബോധന ചെയ്തത്.

ചുള്ളികമ്പുകൊണ്ട് കുരിശുണ്ടാക്കി തലക്കൽ കുത്തിവച്ചു.ക്ഷമ ചോദിക്കുന്നതു പോലെ കൈകൾ മണ്ണിൽ വച്ചുകൊണ്ട് കുറേനേരം മൗനമായിരുന്നു.പിന്നെ ഒരു കവിൾകൂടെ മദ്യം കുടിച്ചശേഷം നടത്തം തുടർന്നു.

ആത്മഹത്യയേക്കാളും വിഷമകരമാണ് ക്ഷമിക്കുക എന്നത്!

സൈക്കിളിൽ അങ്ങാടിക്കു പോയ അപ്പൻ ലോറിയിടിച്ചു മരിച്ച കാര്യമറിഞ്ഞിട്ടും ഒന്നും കാണാൻ പോലും കൂട്ടാക്കാതെ ജോലിത്തിരക്കിന്റെ കാര്യം പറഞ്ഞൊഴിവായതു അയാൾ ഓർത്തു.  കാര്യം അറിയുമ്പോൾ ആന്റണി  നഗരത്തിലെ ഒരു മദ്യശാലയിൽ മുന്തിയ മദ്യം നുണഞ്ഞുകൊണ്ട് ചീട്ടുകളിക്കുകയായിരുന്നു.അരണ്ട വെളിച്ചത്തിൽ അയാൾ അന്നു  വാതുവച്ചു നേടിയത്തിൽ പ്രതികാര ശമനവുമുണ്ടായിരുന്നു.

പക്ഷേ പ്രതികാരം തീരുന്നിടത്തുനിന്ന് ഒരിക്കലും ശമിക്കാത്ത കുറ്റബോധം തുടങ്ങുമെന്ന സത്യം അയാൾ വൈകിയാണ് മനസ്സിലാക്കിയത്.

കുരിശടിക്കു മുൻപുള്ള കൊടുംവളവിലെ ആക്രികടയിൽ വലിച്ചുവാരിയിട്ടിരിക്കുന്ന അനേകം വസ്തുവകകൾക്കിടയിലെ  അനക്കം ആന്റണിയുടെ ശ്രദ്ധയിൽ പെട്ടന്നു പെട്ടു. തെരുവുകളിലും അഴുക്കു ചാലുകളിലും നീളമുള്ള സഞ്ചിതൂക്കി നടന്നു പ്ലാസ്റ്റിക്ക് കുപ്പിയും ഇരുമ്പും തുരുമ്പുമെല്ലാം ശേഖരിച്ചു ജീവിതം നീട്ടികൊണ്ടുപോകുന്ന ആക്രികടക്കാരനും ഭാര്യയും ഇണചേരുകയായിരുന്നു.  

ഏറ്റവും വന്യമായ ഇണചേരൽ നാഗങ്ങളുടേതാണ്. ഇഴുകിപിണഞ്ഞുപൊടിപടലങ്ങൾ പൊക്കി ഉരുണ്ടു മറിഞ്ഞ്,പരസ്പ്പരം ശ്വാസം മുട്ടിച്ച്സ്ഥലകാലബന്ധം നഷ്ട്ടപെട്ട ഇണചേരൽ. അത്രയും തന്നെ വന്യമായിരുന്നു ആക്രികടക്കാരനും ഭാര്യയും  രാത്രിയിൽ. 

ആന്റണിഇര പിടിക്കാൻ വരുന്ന ഒരു പൂച്ചയുടെ വൈദഗ്ദ്യത്തോടെ മറഞ്ഞിരുന്നു. 

സദാചാരത്തിന്റെ ആണികൾ അങ്ങനെയാണ്. പെട്ടന്നു തുരുമ്പിച്ചു ഇല്ലാതാകും! അവർ തളർന്നുറങ്ങും വരെ ആന്റണി ഒളിച്ചിരുന്നു. അപ്പോഴേക്കും തുരുമ്പുകൾക്കു മുകളിൽ വീണ അയാളുടെ രേതസ്സ് വരണ്ടുണങ്ങിയിരുന്നു. 

പിന്നീട് വസ്ത്രങ്ങളെല്ലാം അവിടെ ഉപേക്ഷിച്ച്നഗ്നനായിട്ടാണ് ആന്റണി നടത്തം തുടർന്നത്. 

വിചിത്രമാണ് നിദ്രയില്ലാത്തവന്റെ ചിന്തകൾ.

ഏഴാമത്തെ രാത്രിയാണ്. ബോധമണ്ഡലം മറ്റാരുടേയോ നിയന്ത്രണത്തിലാണ്.ആ അധികാരി ഉറങ്ങാതെ നിഴൽരൂപധാരിയായി എപ്പോഴും കൂടെയുണ്ട്.  ഒരു ശത്രുവിനെ പോലെ ചെവികളിൽ മൂളി ഉപദ്രവിക്കുന്നു. ഉറങ്ങാൻ കഴിയാത്ത ദയനീയതയെ പരിഹസിക്കുന്നു..!

പതിവില്ലാതെ കോപത്തോടെ സൂര്യൻ തിളച്ചു മറിഞ്ഞ ഓഗസ്റ്റ് മാസത്തിലെ തിങ്കളാഴ്ച്ച ദിവസമാണ് ആന്റണി ആദ്യമായിട്ടും അവസാനമായിട്ടും അവളെ കണ്ടത്ത്. അവസാനമായി  ഉറങ്ങിയതും. ഏതു ബലതന്ത്ര ശക്തിയാണ് ഇടയിൽ പ്രവർത്തിച്ചതെന്നറിയില്ല. പൊള്ളുന്ന വെയിലത്തു ദൂരെയാത്ര പോകേണ്ട ബസ്സ് കാത്തു നിൽക്കുകയായിരുന്നു. ബസ്സ് എത്താൻ വൈകിയ നേര മത്രയുംകൊണ്ട് പ്രണയമായി.

ഗാഡ പ്രണയം. വെയിലുകൾ പകച്ചുപോയ പ്രണയം.

പ്രണയം മരണത്തെപോലെയാണ് ക്ഷണിക്കാതെ ഔചിത്യബോധമില്ലാതെ എവിടേയും എപ്പോൾ വേണമെങ്കിലും കടന്നുവരാം.


ആന്റണിയും അവളും ഒറ്റക്കാണ്. രണ്ടു പേരും ദൂരെ യാത്രക്കു പോകാൻ തയ്യാറായി വന്നവരായിരുന്നു. പക്ഷേ അവർ എങ്ങോട്ടും പോയില്ല. ബസ്സ് പോയ്ക്കഴിഞ്ഞിട്ടും അത്ഭുതകരമായ ഒരു ശക്തിയുടെ ആകർഷണത്തിൽ അവർ പരസ്പ്പരം മുഖത്തോടു മുഖം നോക്കിയിരുന്നു.

നാഗത്തെപോലെ തളർന്നുറങ്ങിയ രാത്രിയുടെ ഏതോ താള ഭംഗത്തിൽ ഉണർന്നു നോക്കിയപ്പോൾ തൂവെള്ള ക്വിൽറ്റിനടിയിൽ മരിച്ചു കിടക്കുകയായിരുന്നു അവൾ. അല്പം മുൻപ് തീ പോലെ പൊള്ളിയ ശരീരം തണുത്തുമരവിച്ചിരുന്നു.

കാണാപുറങ്ങളിലെ ഭംഗിയുള്ള വെള്ള പാണ്ടുകൾ കരിനീലിച്ചു കീടക്കുന്നു.

എന്തൊക്കെയാണ് സംഭവിച്ചത് ? ഒരു പക്ഷേ അബോധത്തിൽ ഞാൻ തന്നെ കഴുത്തു ഞെരിച്ചു കൊന്നതാകുമോ?

ക്വിൽറ്റിനടിയിലെ നഗ്ന ശരീരം ഉപേക്ഷിച്ചു ആന്റണി ഇറങ്ങിയോടി. ആ ഓട്ടം ഇതുവരെ നിലച്ചിട്ടില്ല.മനസ്സ് ദൂരേക്കു ദൂരേക്കു ഓടികൊണ്ടിരിക്കുകയാണ്. കണ്ണുകൾ അടക്കാനാവുന്നില്ല.അടക്കുമ്പോഴെല്ലാം ശക്തിയുള്ള പ്രകാശം പോലെ ക്വിൽറ്റിന്റെ തൂവെള്ളനിറം കണ്ണുകളെ പൊള്ളിക്കുന്നു.

അങ്ങനെയൊരു സംഭവം നടന്നിട്ടു തന്നെയുണ്ടോ എന്നു ആന്റണിക്കു സംശയം തോന്നാറുണ്ട്.അവളുടെ മുഖം പോലും ഓർക്കാൻ സാധികുന്നില്ല.സംശയം മൂർച്ചിക്കുമ്പോൾ അയാൾ കെട്ടിടത്തിനു താഴെ നിന്നു അവിടെ ആൾക്കൂട്ടമോ പോലീസോ ഉണ്ടോയെന്നു നോക്കും.

ഇല്ല. ആരും ഇതു വരെ അറിഞ്ഞിട്ടില്ല. ആരും കാണാതെ ശവം എങ്ങോട്ടെങ്കിലും എടുത്തോണ്ട് പോയി മറവുചെയ്യാം. പക്ഷേ ഭയമാണ്. ഇനി ഒരിക്കൾ കൂടി ആ ശരീരത്തിൽ നോക്കാനാവില്ല. അതിനുള്ള കരുത്തയാളിലില്ല.ദിവസങ്ങളായി. ശരീരം അഴുകി പുഴുവരിക്കുന്നുണ്ടാകും.വാതിലുകൾ തുറന്നു നോക്കുവാനുള്ള ധൈര്യമില്ല.!

അവളുടെ ശരീരതിനെന്താണ് ദുർഗന്ധമില്ലാത്തത്.?

അതോ അയൽവാസികൾ  ദുർഗന്ധത്തെ അവഗണിക്കുന്നതാണോ ? ചീഞ്ഞഴുകിയ ശരീരത്തിന്റെ ദുർഗന്ധവുംഈ നഗരത്തിനു ശീലമാണ്.

കണ്ണിൻ തടങ്ങൾ കറുത്തു തടിച്ചു. 
                       
ഉൾതടങ്ങൾ തീ പോലെ പൊള്ളുകയാണ്. ഉറക്കമില്ലായ്മയെന്ന വ്യഥ അനുഭവിക്കുന്ന ഒരേഒരു ജീവിവർഗ്ഗം മനുഷ്യൻ മാത്രമാണ്.

ആക്രികടകയിൽ നിന്നും അയാൾ കൊടുംവളവിന്നപ്പുറത്തേക്കു ചെന്നു.

ആരോ കത്തിച്ചു വച്ച മെഴുകുതിരികൾ ഉരുകികൊണ്ടിരിക്കുന്നു.മെഴുകുതിരിക്കും മഞ്ഞ വെളിച്ചം.!

ആന്റണി യേശുദേവന്റെ കുരിശടിക്കു മുൻപിൽ മുട്ടുകുത്തിനിന്നു കരഞ്ഞു. 

"ഇനി ഒന്നുറങ്ങണം... അക കണ്ണ് കൂമ്പിയൊന്നുറങ്ങണം..ചെയ്തതെല്ലാം മറന്നൊരു നിദ്രവേണം... 

ഒരു തുണ്ട് വസ്ത്രം കൊണ്ട് നഗ്നത മറച്ച്കുരിശിൽ കീടന്ന യേശുദേവന്റെ കണ്ണുകളും  പാതിരാവിൽ തുറന്നിരിക്കുകയായിരുന്നു. നീറുന്ന അകകണ്ണിന്റെ നീരുവീണ് ഉരുകികൊണ്ടിരുന്ന മെഴുകുതിരികൾ അണഞ്ഞു.

നഗ്നനായി തന്നെയാണ് ആന്റണി ചപ്പുചവറുകളുടെ ദുർഗന്ധമുള്ള മരച്ചുവട്ടിലെത്തിയത്. ദുർഗന്ധ പൂരിതമാണെങ്കിലും  സ്ഥലത്ത് ദൂരൂഹമായ ഏകാന്തയുണ്ട്. സത്യങ്ങൾ എവിടെയോ മറഞ്ഞിന്നു നോക്കുന്നതുപോലെ. അതുകൊണ്ട് മാത്രമാണ് ആയിടം അയാൾ തിരഞ്ഞെടുത്തതു തന്നെ.

ചോട്ടു അയാളെ കാത്തിരിക്കുകയായിരുന്നു.നഗ്നനായി നടന്നു വരുന്ന മുതലാളിയെ കണ്ടവൻ ഒന്നമ്പരന്നു. പക്ഷേ എന്നതേയും പോലെ അവൻ ഒന്നും ചോദിച്ചില്ല.

താഴേക്കു കണ്ണുകൾ പായാതിരിക്കാൻ ചോട്ടു പ്രത്യേകം ശ്രദ്ധിച്ചു.

അവൻ മരച്ചില്ലയിലേക്കു വിരൽ ചൂണ്ടി. ഏല്പിച്ച ജോലി കൃത്യമായി അച്ചടക്കത്തോടെ ചെയ്തു തീർക്കാൻ വല്ലാത്ത കഴിവുണ്ടവനു.മറുചോദ്യവും സംശയവുമില്ലതെ പറയുന്ന കാര്യം ചെയ്തു തീർക്കും. 

ആ രാത്രിയിലും യജമാനന്റെ വിചിത്രമായ പെരുമാറ്റത്തിൽ അവനു ചോദ്യമോ സംശയമോ ഉണ്ടായിരുന്നില്ല.എങ്കിലും കൂലിവാങ്ങി തിരികെ പോയപ്പോൾ അവൻ ഏതോ ഉൾവിളിയിൽഒരു വട്ടം തിരിഞ്ഞു നോക്കി.

മരച്ചില്ലയിൽ കയറുകൊണ്ട് കുരുക്കുണ്ടാക്കിയിടാൻ പറഞ്ഞതെന്തിനാകും ?എന്താണ് യജമാനാൻ ദിവസങ്ങളായി സ്വഭവനത്തിൽ വരാത്തത് ?'

കൂലിയും വിശപ്പുമാണ് ചോട്ടുവിന്റെ ജീവിത പ്രശ്നങ്ങൾ. ജനനവും മരണവുമല്ല. ദൂരെ അടയാറായ ഭക്ഷണശാലയിൽ നിന്ന് വിശപ്പവനെ വിളിച്ചു.  മരച്ചുവട്ടിലെ ഏകാന്തതയിൽ ആന്റണിയെ ഒറ്റക്കാക്കി അവൻ വിശപ്പിന്റെ വഴിയിലൂടെ ഓടിപോയി. 

ആന്റണി ബാക്കിയുണ്ടായിരുന്ന മദ്യത്തിന്റെ അവസാന തുള്ളിയും നക്കി കൂടിച്ചു. കുപ്പി ദൂരേക്കു വലിച്ചെറിഞ്ഞു.പിന്നെ ക്ലേശപ്പെട്ടു മരക്കൊമ്പിലേക്ക് വലിഞ്ഞു കയറി,കഴുത്തിൽ കുരുക്കണിഞ്ഞു.

ചെയ്തു കൂട്ടിയതെല്ലാം അവസാന ശ്വാസത്തിൽ ഒരു ജലഛായാ ചിത്രം പോലെ സ്മരിച്ചു. അതിൽ എല്ലാമുണ്ടായിരുന്നു. അയാൾക്കിഷ്ട്ടമുള്ളതും അല്ലാത്തതുമായ എല്ലാം , പലനിറങ്ങളിൽ.. പല ഭാവങ്ങളിൽ. 

നിഴൽ രൂപധാരിയായ ശത്രു മരകൊമ്പിലിരുന്ന് ചിരിച്ചു.

കറുത്ത ആകാശത്തിൽ വെള്ളപാണ്ടായ് വളർന്ന പൂർണ്ണ ചന്ദ്രനെ നോക്കി ആന്റണി മണ്ണിലേക്കു ചാടി. പിടഞ്ഞുകൊണ്ട് സാവധാനം അയാളുടെ തുറിച്ചു നിന്നിരുന്ന അകകണ്ണുകളും അടഞ്ഞു. 

ഇപ്പോൾ നിത്യ നിദ്രയുടെ അഭൗമ ശാന്തത മാത്രം..,

നാല്പത്തിനാലാം നമ്പർ വിളക്കുകാളിന്റെ ചുവട്ടിൽ ആന്റണി കളഞ്ഞ പണം കിട്ടിയത്, അയാൾ ദൂരയാത്രപോകുന്ന ബസ്സ് കാത്തുനിന്നപ്പോൾ പരിചയപെട്ട സ്ത്രീക്കായിരുന്നു.വിശപ്പു സഹിക്കനാകതെ അവകാശികളില്ലാത്ത വഴിവിളക്കുകൾ തേടിയിറങ്ങിയതായിരുന്നു അവൾ.നന്ദിയും ദൈവഭയവുമുള്ളവളാകയാൽ  വിശപ്പു മാറ്റാൻ വേണ്ട പണമെടുത്ത ശേഷം ബാക്കി തുകകൊണ്ട് യേശുദേവന്റെ കുരിശടിയിൽ കത്തിക്കാൻ മെഴുകുതിരികൾ വാങ്ങി. വിജനമായ ആ കുരിശടിക്കു സമീപത്തായിരുന്നു അവളുടെ വാസസ്ഥലം.


മഞ്ഞവെളിച്ചം പടർത്തിയ മെഴുതിരികൾ ഉരുകിതീരും വരെ ആ പണത്തിന്റെ ഉടയോനുവേണ്ടി അവൾ പ്രാർത്ഥിച്ചു.