2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ഉത്തരാധുനിക പ്രണയം.. :)


പ്രണയത്തെയും മരണത്തേയും പറ്റി എഴുതുകയില്ലന്ന ഒറ്റ തീരുമാനം കൊണ്ടാണ് അയാൾ  കഥകളൊന്നും എഴുതാതെ പോയത്. അവൾ കവിതകൾ എഴുതാതെ പോയതും അതേ തീരുമാനംകൊണ്ട് തന്നെയായിരുന്നു. പ്രണയമരണങ്ങളെ പറ്റി എഴുതുന്നത് ഏറ്റവും മോശപ്പെട്ട, അന്തസ്സില്ലാത്ത, ആവർത്തന വിരസമായ എന്തോ ഒന്നാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്.

ഒരിക്കൽ കഥകൾ എഴുതാത്തവനും കവിതകൾ എഴുതാത്തവളും കണ്ടു മുട്ടി. അവർ പ്രണയ ബദ്ധരായി. പ്രണയം, ബുദ്ധിബോധങ്ങളെ കീഴ്പെടുത്തി. അസ്ഥികൾ വരെ പൂത്തുലഞ്ഞു. എന്നിട്ടും അവർ ഒന്നും എഴുതിയില്ല.

''അവിചാരിതം' എന്ന അദൃശ്യ ബന്ധുവിന്റെ സ്വാധീനത്തിൽ ഒരു ദിവസം എഴുതാത്ത കഥയും കവിതയും പിണങ്ങി. പിണക്കം വഴക്കായി. വഴക്കു മൂത്ത് അവർ പിരിഞ്ഞു പോയി. ഒരിക്കലും ഓർക്കുകപോലുമില്ലെന്ന വെല്ലുവിളിയിൽ അവർ വിരുദ്ധ ദിശകളിലേക്കു സഞ്ചരിച്ചു.

അയാൾക്ക് കാടും മഞ്ഞുമുള്ള ഉയർന്ന കുന്നും പ്രദേശമായിരുന്നു ഇഷ്ട്ടം. അവൾക്കു ഉദയവും അസ്തമയവും കാണാവുന്ന കടൽ തീരവും.

മലകൾക്കു മുകളിൽ കാലങ്ങൾ കഴിച്ചു കൂട്ടിയപ്പോൾ അയാൾക്കു പ്രണയ നൈരാശ്യം വന്നു. അയാളുടെ മനസ്സ് സമ്മതിച്ചിട്ടില്ലെങ്കിലും ഒറ്റപെട്ടു പോയതായിരുന്നു ആ നൈരാശ്യത്തിനു കാരണം.

വെല്ലുവിളികൾ എപ്പോഴും ജല്പനങ്ങൾ മാത്രമാണ്.

വെല്ലുവിളിച്ചപ്പോഴുണ്ടായിരുന്ന വെറുപ്പ് അതിന്റെ തീവ്രതയുടെ ഉന്നതങ്ങളിലെത്തിയപ്പോൾ ജയിച്ചിട്ടും മഹായുദ്ധത്തിലവശേഷിച്ച ഒരേഒരു യോദ്ധാവിനെ പോലെ ഏകാകിയും ദുഖിതനുമായി.
ആ ഒറ്റപ്പെടലിൽ നിന്നും ആശ്വാസം കണ്ടെത്താൻ കഥകൾ എഴുതണമെന്ന പ്രചോദനം ശരീരത്തിലെ ഒരോരോ അണുവിലുമുണ്ടായി. പക്ഷേ അപ്പോഴേക്കും അക്ഷരങ്ങൾ മറന്നു പോയിരുന്നു. മറ്റൊരു വഴിയുമില്ലാത്തതിനാൽ കഥയെഴുതുന്നതിനു പകരം  അയാൾ ഒരു ചിത്രം വരക്കുവാൻ തീരുമാനിച്ചു.

കരിനീല കാടിന്റെ പശ്ചാത്തലത്തിൽ പാറക്കു മുകളിൽ മുക്കാലിൽ ചാരിവച്ച കാൻവാസിൽ നോക്കി അയാൾ മുനിയെപോലെ കാലങ്ങൾ കഴിച്ചു കൂട്ടി. കാടിന്റെ ചിത്രം വരക്കാനായിരുന്നു അയാളുടെ ശ്രമം.കാടിന്റെ പലപല ഭാവങ്ങൾ അയാൾ പകർത്തി... മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന വനം, പൂക്കൾ വിരിയിച്ചു നിൽക്കുന്ന വനം, മഴ പെയ്തു കുതിർന്നു നിൽക്കുന്ന വനം, ഇലകൾ കൊഴിഞ്ഞു അസ്ഥികൂടമായി നിൽക്കുന്ന വനം. അങ്ങനെ പല ഭാവങ്ങൾ. പക്ഷേ വരച്ചു കഴിഞ്ഞപ്പോഴെല്ലാം അതിൽ പ്രണയത്തിന്റെയോ മരണത്തിന്റെയോ അംശം വന്നു ചേരുന്നതുപോലെ തോന്നുകയാൽ ആ വരച്ച ചിത്രങ്ങളത്രയും കീറി കുന്നിൽ മുകളിൽ നിന്നും കാറ്റിൽ പറത്തി കളഞ്ഞു അയാൾ. ശേഷം തീരാത്ത വാശിയുമായ് പുതിയ മഷിയും ബ്രഷും വാങ്ങി കാടിന്റെ ആഴങ്ങളിൽ കണ്ണുറപ്പിച്ച് പുതിയൊരു ഭാവത്തിനായി അയാൾ കാത്തിരുന്നു.

അവളുടെ കാര്യവും സമാനമാണ്.

ഉദയാസ്തമയങ്ങളുടെ പശ്ചാത്തലത്തിൽ കടലിന്റെ ചിത്രം വരക്കാനായിരുന്നു അവളുടെ ശ്രമം. പക്ഷേ കഥയെഴുതാത്തവൻ അനുഭവിച്ച അതേ വ്യഥയോടെ കവിതകളെഴുതാത്തവളും പകച്ചു പോയിരുന്നു.  പാതി വരച്ച ചിത്രങ്ങൾ കീറി അവളും കടൽ കാറ്റിൽ പറത്തി കളഞ്ഞു.

പ്രണയ നൈരാശ്യം മൂത്ത് മൂത്ത് അവർക്കു  പ്രായമേറെയായി. ഒന്നും എഴുതാതെയും വരക്കാതെയും മരണപെട്ടു പോകുമോ എന്ന ഭയം അവരെ  വേട്ടയാടി.

പ്രണയവും മരണവും ഒരുമിച്ചു വേട്ടയാടി ദുർബലനാക്കിയപ്പോൾ അയാൾ വിറക്കുന്ന കൈകളാൽ കാടിനെ നോക്കി ഒരു ചിത്രം വരച്ചു. പക്ഷേ ഉള്ളിൽ വന്യമായ കാടുണ്ടായിരുന്നിട്ടും ആ ചിത്രം ഒരു കരിയിലയിലേക്കു മാത്രമായി ചുരിങ്ങിപോവുകയാണുണ്ടായത്.  അയാൾക്കു അതല്ലാതെ മറ്റൊന്നും വരക്കാൻ കഴിയുമായിരുന്നില്ല.

ഒന്നും കൂടെ വരക്കാൻ ശക്തിയില്ലാത്തതിനാൽ വരക്കാൻ ഉപയോഗിച്ച ബ്രഷ് ദൂരെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞ് ഉച്ചത്തിൽ അലറി.

കാലാകാലങ്ങളായുള്ളതുപോലെ അവളുടെ കാര്യവും വെറൊന്നായിരുന്നില്ല. കടലിന്റെ ചിത്രം വരക്കാൻ വർഷങ്ങളോളം തപസ്സിരുന്നവൾക്ക് വരക്കാനായതു കണ്ണുനീർ പോലെ ഒലിച്ചു വന്ന ഒരു തുള്ളി ജലത്തിന്റെ ചിത്രമാണ്.

അവളും പെയ്റ്റിങ്ങ് ബ്രഷ് എന്നെന്നേക്കുമായി കടലിലേക്കു വലിച്ചെറിഞ്ഞു.

പിന്നെയും ഒന്നും എഴുതാനാകാതെയും വരക്കാനാകാതെയും കാലം ഇഴഞ്ഞു പോകവേ വിദൂരതയിൽ ആരുടേയോ വിളി കേട്ട് വരച്ച ചിത്രവുമായി അവർ ഒരു യാത്രപുറപ്പെട്ടു. ദിക്കുകൾ അറിയില്ല. ലക്ഷ്യവുമില്ല. തെറ്റിയെന്നു തോന്നിയെങ്കിലും ഉൾപ്രേരണയെ വിശ്വസിച്ചു ചെയ്ത യാത്രയിൽ, എപ്പോഴും മണൽകാറ്റടികുന്ന ഒരു മരുഭൂമിയിൽവെച്ചവർ കണ്ടുമുട്ടി.

നഷ്ട്ടപെട്ടതിനെ പറ്റി കരിയിലയും ജലതുള്ളിയും മൗനം കൊണ്ട് സംസാരിച്ചു.  അയാളും അവളും വീണ്ടും പ്രണയത്തിലായി.

ഇനി ഒരിക്കലും പിരിയില്ലെന്നു കാലത്തെ വെല്ലുവിളിച്ചുകൊണ്ട് ശിഷ്ട്ടകാലം ചുട്ടുപൊള്ളുന്ന മണൽതരികളിൽ ചൂണ്ടുവിരൽ തുമ്പിനാൽ പ്രണയത്തെപറ്റി കഥകളും കവിതകളും എഴുതി അവർ മരണത്തെ കാത്തു കിടന്നു.

5 അഭിപ്രായങ്ങൾ: