2014, ജൂൺ 21, ശനിയാഴ്‌ച

ചിത്രശലഭങ്ങളുടെ കാറ്റ്
കുഞ്ഞാറ്റ കിളിയെ ഭയന്നു പൂവരശിന്റെ ഇലക്കടിയിൽ ഒളിച്ചിരിക്കുകയായിരുന്നു ചിത്രശലഭം. പഴുത്തു മഞ്ഞിച്ച ഇലയാണ്. ശലഭത്തിന്റെ നിറവും മഞ്ഞയാണ്. കുഞ്ഞാറ്റകിളിക്കു പെട്ടന്നു കണ്ടുപിടിക്കാനാകില്ല..!

ഒളിച്ചിരിക്കുക എന്നതു ചിത്രശലഭത്തിന്റെയും കണ്ടുപിടിക്കുക എന്നതു കുഞ്ഞാറ്റകിളിയുടെയും ദൗത്യമാണ്. നിലനിൽപ്പിനു വേണ്ടിയുള്ള അതിജീവന മാർഗം.പരിണാമമെന്ന കുത്തൊഴുക്കിൽ വന്നടിഞ്ഞ നിയമാണത്.  അതിൽ ഇത്തവണ ജയിച്ചതു കുഞ്ഞാറ്റകിളിയയിരുന്നു. കാണാൻ ഭംഗിയുള്ള ചിറകുകൾ ശരീരത്തോടു ചേർത്തു വച്ചു, ഒരഭ്യാസിയെപോലെ ചെറുതെങ്കിലും ഉരുക്കുപോലുള്ള ചുണ്ടുകൾ നീട്ടി കുഞ്ഞാറ്റകിളി ചിത്രശലഭത്തിലേക്കു പാഞ്ഞടുത്തു. തനിക്കു നേരെനീണ്ടു വരുന്ന ഉരുക്കു ചുണ്ടുകൾ കണ്ടു വിരണ്ട ശലഭം തന്റെ ദുർഭലമായ ചിറകുകൾ വിടർത്തി അന്തരീക്ഷവായുവിനെ തള്ളി.

അങ്ങനെയാണ് ഇളം കാറ്റ് വീശാൻ തുടങ്ങിയതു.

'എല്ലാ കാറ്റുംകൊടുംകാറ്റും തുടങ്ങുന്നതു ചിത്രശലഭങ്ങളിൽ നിന്നാണു. അവയുടെ ഭയന്നു വിരണ്ട മർമരങ്ങളാണീ കാറ്റുകളെല്ലാം.' 

ഭംഗിയുള്ള കുഞ്ഞാറ്റകിളിയുടെ ആഹാരമായി തീരും മുൻപു ശലഭം തള്ളി നീക്കിയ വായു കുറ്റികാട്ടിൽ കൂട്ടമായി ഒളിച്ചിരുന്ന ചിത്രശലഭങ്ങളെ ഭയപെടുത്തി. അവർ ഒരേ വേഗതയിലും താളത്തിലും ചിറകുകൾ വീശി അന്തരീക്ഷത്തിൽ പ്രകമ്പനമുണ്ടാക്കികൊണ്ട് പറന്നുയർന്നു.

അങ്ങനെ ആ പ്രകമ്പനം ഒരു കാറ്റായി വീശാൻ തുടങ്ങി. 

കാറ്റ് കൊടുംകാട്ടിലെ പൂക്കളോടും ഇലക്കളോടും ദുഖം പറഞ്ഞു.പൂക്കളും ഇലകളും ചിത്രശലഭങ്ങളുടെ ആത്മബന്ധുവാണ്. സ്വതവേ ശാന്തരെങ്കിലും  ശലഭങ്ങളുടെ കഥ കേട്ടപ്പോൾ അവർക്കു ദേഷ്യം വന്നു. അവർ തങ്ങളെ കൊണ്ടാകും വിധം ശരീരമിളക്കി കാറ്റിനെ കൊടും കാറ്റാക്കി.

അങ്ങനെ ആത്മ ബന്ധനത്തിന്റെ ചങ്ങലയിലെന്ന പോലെ കാറ്റും കൊടുംകാറ്റും ഉണ്ടായി.

ലക്ഷ്യമില്ലാതെ അലറി നടന്നിരുന്ന കൊടും കാറ്റ് കരയുടെ മാറിടം പോലെ ഉയർന്നു നിലക്കുന്ന മലയിൽ തട്ടി ദിശമാറി മനുഷ്യർ അധിവസിക്കുന്ന നഗരത്തിലേക്കു സഞ്ചരിച്ചു. 

പ്രപഞ്ചരഹസ്യങ്ങൾ തേടിയിറങ്ങിയതുപോലെ കാറ്റ് മുന്നോട്ടു കുതിച്ചു. കൊടുംകാട്ടിൽ നിന്നും ഉയർത്തികൊണ്ടുവന്ന കരിയിലകളുമായാണ് കാറ്റിന്റെ യാത്ര. 

വന്യവും ശക്തവുമായിരുന്നെങ്കിലും ദൂരെ അസ്തമയ സൂര്യനിൽ മുങ്ങികിടക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങളുടെ കാടുകണ്ടപ്പോൾ കൊടുംകാറ്റിനും അത്ഭുതം തോന്നി. 

ചക്രവാള സൂര്യൻ പോയ്മറയുന്നതാണെങ്കിലും അതിൽ പ്രതീക്ഷയുടെ ഒരിറ്റു ജീവൻ ബാക്കിയുണ്ടാകും. മറ്റൊരു പുലർ കാലത്തിന്റെ. !എന്തു ചെയ്യണമെന്നറിയാതെ കാറ്റ് ഒരു നിമിഷം ആ നഗരതിന്റെ അതിർത്തിയിൽ സംശയിച്ചു നിന്നു. 

അതേ അസ്തമയ സൂര്യനഭിമുഖമായി ആ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു കെട്ടിടതിന്റെ ഏറ്റവും മുകളിലെ വീതികുറഞ്ഞ അരമതിലിനു മുകളിൽ നിന്നുകൊണ്ട് ഭൂമിയിലേക്കു നോക്കി നിൽക്കുകയായിരുന്നു അയാളപ്പോൾ. 

താഴെ ഭൂമിയിൽ മനുഷ്യരും വാഹനങ്ങളും ഉറുമ്പുകളെപോലെ ഉരുണ്ടുണ്ടുരുണ്ട് പോകുന്നു.
അന്തരീക്ഷത്തിന്റെ ആഴം കടലാഴത്തതിനേക്കാളും ഭയാനകമാണ്.

ചിത്രശലഭത്തെ പോലെ ഭയമായിരുന്നു അയാളുടെ സ്ഥായീ ഭാവം. എവിടേയും ഇരിക്കാനാവില്ല. ഒരിലയും ശലഭത്തിനു സുരക്ഷിതമല്ലാത്തതുപോലെ ഒരിടത്തും അയാൾക്കു ധൈര്യം കിട്ടിയില്ല. 
എന്തിനും ഏതിനും ഭയം. ആദിയും അന്തവുമില്ലാത്ത ഭയം. കൂട്ടുകാർക്കെല്ലാം അവനൊരു തമാശയായിരുന്നു. മറ്റുള്ളവർക്കു ഭയത്തിന്റെ മാനദണ്ഡവും.

ഒരാളുടെ കണ്ണുകളിൽ പോലും നോക്കുവാനാകാതെ തല താഴ്ത്തി ഒട്ടകത്തെ പോലെ കൂനി നടക്കുന്നവൻ. 

എന്നു , എപ്പോൾ മുതൽ ? എന്തുകൊണ്ടാണ് ഇത്രയും ഭയം ?

ചോദ്യങ്ങൾ കുറെയുണ്ടായിരുന്നു അയാളുടെ യുള്ളിൽ.ഒരുപക്ഷേ ഭയപ്പെടുക എന്നതു അയാളുടെ ജീവിത ദൗത്യമാകാം. 

ഒന്നിനുമല്ലാതെ ഭയപ്പെടുക. 

ധീരതക്കുള്ള ബഹുമതി കിട്ടിയ ഒരു പട്ടാളക്കരന്റെ മകനാണയാൾ. ആ പട്ടാളക്കാരനു എങ്ങനെ ഇത്ര ഭീരുവായ ഒരു മകനുണ്ടാകും ?

അന്നു അച്ച്ഛൻ അമ്മയുടെ ചാരിത്രത്തെ സംശയിച്ച ദിവസമാണ് അയാളുടെ കുട്ടിമനസ്സിനു ആദ്യമായി വേദനിച്ചതു. സങ്കടവും ദേഷ്യവും കൊണ്ട് അമ്മ വിങ്ങിപൊട്ടി കരയുന്നതു കേട്ടപ്പോൾ തന്റെ ജന്മത്തെ ശപിച്ചു വീടുവിട്ടിറങ്ങിയതാണ്. 

കാലം എത്ര കടന്നു പോയന്നു അയാൾക്കു തന്നെ തിട്ടമില്ല !!

ധീരത തെളിയിക്കാൻ അച്ച്ഛനെപോലെ പട്ടാളത്തിൽ ചേരാം. യുദ്ധമുണ്ടായാൽ പങ്കെടുക്കാം.
 യുദ്ധങ്ങൽ തന്നെ ഭീരുത്വമല്ലെ ?

ഭൂമി സൃഷ്ട്ടിച്ചപ്പോൾ ഇല്ലാതിരുന്ന അതിരുകളുണ്ടാക്കി പരസ്പ്പരം കൊല്ലുന്നതു ധീരതയാണോ ? ഏതു പുല്മേട്ടിലാണ് കളിക്കേണ്ടതെന്നു ചിത്രശലഭങ്ങളെ വിലക്കുന്നതാണോ ധീരത ?

ആ നഗരത്തിലെ അധോലോക നായകനെ തെരഞ്ഞു നടന്നു, കണ്ടുപിടിച്ചു കൊല്ലാം  പക്ഷേ അയാൾ ഇല്ലെങ്കിൽ മറ്റൊരാൾ അവിടെ ഒണ്ടാകും. 

ഒരു ജീവനെടുത്തു കിട്ടുന്ന ധീരത വ്യാജമാണ്.

ഭരണകൂടത്തിന്റെ ഭീകര നിയമങ്ങൾക്കെതിരേ നിരന്തരം സമരം നടത്തുന്ന നഗരമാണതു. ആ സമരത്തിന്റെ മുൻപിൽ ചെന്നു നിന്നു മുദ്രാവാക്യം വിളിക്കാം. പോലീസിന്റെ തല്ലുകൊണ്ട് ജീവൻ പോകും വരെ സമരം ചെയ്യാം.  പ്രതിഷേതിക്കാം. പക്ഷേ ഇതെല്ലാം ചെയ്യുന്നതു അനേകം പേരുടെ ജീവനെടുത്ത ഒരു കലാപത്തിന്റെ സൂത്രധാരനായ നേതാവിന്റെ അധികാര കൊതിക്കു വേണ്ടിയാണെന്നു വന്നാലോ ?

ഈ വിരോധാഭാസത്തിൽ എവിടെയാണ് ധീരത.?

ചിത്രശലഭങ്ങൾക്ക് ഭഷ്യശൃംഖലയിലെ ബന്ധുവായ കുഞ്ഞാറ്റകിളി ശത്രുവാകുന്നതുപോലെ , മനുഷ്യർക്കു ഈ ലോകതറവാടിൽ ജനിച്ചു വീഴുന്ന എല്ല ഇരുകാലികളും ശത്രുക്കളാണ്. സംശയത്തോടെയും ഭയത്തോടെയുമല്ലാതെ അവർക്കു പരസ്പ്പരം നോക്കാനാവില്ല. നിശബ്ദമായി നിൽക്കുന്ന ഒരു വരിയുടെ മുൻപിലും പിൻപിലും നിൽക്കുന്നവർ ശത്രുകളാണെന്ന് അവന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചുകൊണ്ടിരിക്കും. ഒരിക്കൽ തീർന്നു പോയേക്കാവുന്ന ശ്വാസവായുവും ജലവും ഉപയോഗിച്ചു തീർക്കാൻ വന്ന ശത്രു. 

ആ ശത്രുത മറച്ചു പിടിക്കാനുള്ള പൊയ്മുഖങ്ങളാൽ സമൃദ്ധമാണ് മനുഷ്യരുടെ വ്യവസ്ഥകളും നിയമങ്ങളും.  അത്തരമൊരു ലോകത്തു എങ്ങനെ ഭയപ്പെടാതെ ജീവിക്കും.

ചിത്രശലഭങ്ങളുടെ കൊടുംകാറ്റുപോലെ ശത്രുക്കളുടെ കൊടുംകറ്റും ഒരിക്കൽ ഉണ്ടാകുമായീക്കും..!

ഭയം വസിക്കുന്ന ശരീരവുമായി, ഒരാളുടേയും മുഖത്തു നോക്കാനുള്ള ധൈര്യം പോലുമില്ലാതെ, കുറ്റി താടി വളർത്തിയ മുഖവുമായി അയാൾ പലേയിടങ്ങളിൽ സഞ്ചരിച്ചു. പലേയിടങ്ങളിൽ പലപല ജോലിചെയ്തു.  ചിലയിടങ്ങളിൽ ഹോട്ടൽ ജോലിക്കാരനായി. ചില സ്ഥലങ്ങളിൽ റിക്ഷാകാരനായി. ചില സ്ഥലങ്ങളിൽ പൊതുനിരത്ത് വൃത്തിയാക്കുന്നവരുടെ കൂട്ടത്തിൽ. !.


കാലം അങ്ങനെ മഹാ മുനിയെപോലെ  കടന്നുപോകവേ  മരുഭൂമിയുടെ ഓർമകളിൽ പെയ്ത ഒരേ ഒരു മഴയെന്ന പോലെ ആ ഭയത്തിന്റെയും ശത്രുതയുടേയും ഭൂമിയിൽ അയാൾ ആ കാഴ്ച്ച കണ്ടു. 

അതൊരു വേശ്യാലയം ആയിരുന്നു. 


പകൽ മുഴുവനും ജോലിചെയ്തു കിട്ടുന്ന തുട്ടുകൾകൊണ്ട് അയാൾ ആയിടത്തിലേക്കു പോകും. അവളുടെ കണ്ണുകൾക്കു വല്ലാത്ത ആഴമുണ്ടായിരുന്നു. അയാൾ പണം കൊടുത്തു വാടകകെടുത്തിരുന്നതു അവളുടെ ശരീരമായിരുന്നില്ല. അവളുടെ ആ തവിട്ടു നിറമുള്ള കണ്ണുകളായിരുന്നു.

അളക്കുവാകാതത്ര ആവേശത്തോടെ അയാൾ ആ കണ്ണുകളുടെ വശ്യതയിൽ നോക്കി ഇരിക്കും. അങ്ങനെ നോക്കിയിരിക്കുമ്പോൾ അയാൾ  അവാച്യമായ ആശ്വാസം അനുഭവിച്ചിരുന്നു.
ആദ്യമാദ്യം അവൾക്ക് ദേഷ്യവും സഹതാപവുമെല്ലാം തോന്നിയിരുന്നു. പിന്നെ സാവധാനം അവളും അവന്റെ കണ്ണുകളുമായി പ്രണയത്തിലായി.

 കണ്ണുകളിൽ കണ്ണുകൾ കോർത്തു എത്ര മഴയും വേനലും മഞ്ഞും കഴിഞ്ഞു പോയെന്നു അവർക്കറിയില്ല.! കാലങ്ങൾ കാണാതെ അവരുടെ മിഴികൾ പ്രണയിച്ചു കൊണ്ടേയിരുനു.

"പ്രണയം..! അതാകാം ഭയമില്ലാത്തവന്റെ ഭാവം " 

അവൾ അതു തിരുത്തി: " പ്രതീക്ഷകൾ.. പ്രതീക്ഷകളുള്ളവനാണ് ഭയമില്ലാത്തവൻ "

അയാൾക്കതു മനസ്സിലായില്ല.

വേശ്യകൾ ബെഞ്ചാരകളെ പോലെയാണ്. അവർക്കു സ്വന്തമായി ഒരു ദേശമോ നഗരമോ ഇല്ല.വിയർപ്പു മണമുള്ള ഇടുങ്ങിയ മുറികളാണവരുടെ ലോകം. ദേശങ്ങൾ മാറുന്നതു അവർ അറിയാറില്ല. ഭിത്തികളുടെ നിറം മങ്ങുന്നതു മാത്രമാണ് അവരറിയുക.

അന്ന് അവൾ ഭിത്തികൾ മങ്ങിയ മറ്റൊരു ലോകത്തിലേക്കു യാത്ര പോവുകയായിരുന്നു.

എന്നെന്നേക്കുമായി അവളുടെ കണ്ണുകൾ വാടകക്കെടുക്കുവാൻ അവൻ തയ്യാറാണ്. പക്ഷേ അതവൾ വിലക്കി.

കുഞ്ഞാറ്റകിളിയുടെ ഇരയാവുക ചിത്രശലഭത്തിന്റെ നിയോഗമാണ്.എതു കൊടും കാട്ടിൽ പോയൊളിച്ചാലും ആ നിയോഗത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. ഒരു വേശ്യയായി ജീവിക്കുക അവളുടെ നിയോഗമാണ്. മറ്റെന്തു ചെയ്താലും അവൽക്കു ഭയപ്പെട്ടു മാത്രമേ ജീവിക്കാനാകൂ..

വേശ്യകളുടെ അദൃശ്യമായ ചിറകുകൾക്കു ഒരു കൊടുംകാറ്റുണ്ടാക്കാൻ പറ്റുമോ ? ഒരു പക്ഷേ ലോകത്തെ മുഴുവനും കടപുഴക്കി എറിയാൻ തക്ക ശക്തമാകും അതു.!


തൂകറായ കണ്ണുകൾ ചിമ്മി യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾ വീണ്ടും മന്ത്രിച്ചു. 

“പ്രതീക്ഷകൾ... പ്രതീക്ഷകൾ മാത്രമാണ് ഒരു ധീരന്റെ ഭാവം"

ചിത്രശലഭങ്ങളുടെ കാറ്റ് നഗരത്തിലെത്തിയ ദിവസമായിരുന്നു അത്. 

ചക്രവാളത്തിന്റെ പ്രതീക്ഷകൾ കണ്ടു അന്തം വിട്ടുനിന്ന കൊടും കാറ്റ്, പിന്നെ മുന്നോട്ട് സശയത്തോടെ നീങ്ങികൊണ്ടിരുന്നപ്പോൾ , ആ നഗരത്തിലെ ഏറ്റവും ഉരയരം കൂടിയ കെട്ടിടത്തിനു മുകളിൽ നിന്നു കൊണ്ട് ചുവന്ന ആകാശവും അന്തരീക്ഷതിന്റെ ആഴവും നോക്കി നിൽക്കുകയായിരുന്നു അയാൾ.

ചിത്രശലഭങ്ങളുടെ കാറ്റ് ആദ്യം അയാളുടെ നെറ്റിയിലേയും കക്ഷങ്ങളിലേയും വിയർപ്പൊപ്പിയെടുത്തു. പിന്നെ  വല്ലാത്ത വന്യതയോടെ കാട്ടിലെ കരിയിലകൾകൊപ്പം അയാളെയും ചേർത്തു. 

ചക്രവാളം കണ്ടു വിരണ്ടോടുന്ന പക്ഷികളെ പോലെ ചിത്രശലഭങ്ങളുടെ കാറ്റും കരിയിലകളും കടലിൽ മുങ്ങികൊണ്ടിരിക്കുന്ന സൂര്യനെ ലക്ഷ്യമാക്കി യാത്ര തുടർന്നു.

12 അഭിപ്രായങ്ങൾ:

 1. ചിത്രശലഭത്തിന്റെ ചെറുചിറകടിയില്‍ നിന്നുമാണ് കൊടുങ്കാറ്റ് പിറക്കുന്നതെന്ന മനോഹരമായ കല്പന മുമ്പ് എവിടെയോ വായിച്ചിട്ടുണ്ട്. അതിനെ ഭാവനാസമ്പന്നമായ ഒരു കഥയോട് ചേര്‍ത്ത് പരിവര്‍ത്തിപ്പച്ചപ്പോള്‍ വളരെ നന്നായി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അജിത്‌ ഭായ്... ബ്ലോഗ്ഗിലെ എല്ലാ കഥയും കവിതയും വായിച്ചു അഭിപ്രായം പറയുന്ന നിങ്ങളൊരു വല്ലാത്ത inspiration തന്നെയാണ്.

   ഈ വായനക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി.. :)

   ഇല്ലാതാക്കൂ
 2. ഒരു ചെറിയ ത്രെഡില്‍ നിന്നും മനോഹരമായ ഒരു കഥ നെയ്‌തെടുത്തിരിക്കുന്നു. ആത്മവിശ്വാസം തന്നെയാണ് ജീവിത വിജയം എന്ന സന്തേശം നല്‍കുന്ന കഥ.

  മറുപടിഇല്ലാതാക്കൂ
 3. കഥ ഇഷ്ടപ്പെട്ടു. ചിത്ര ശലഭങ്ങളെയും കാറ്റിനെയും ഒടുവില്‍ അയാളെയും

  മറുപടിഇല്ലാതാക്കൂ
 4. കുഞ്ഞാറ്റകിളിയുടെ ഇരയാവുക ചിത്രശലഭത്തിന്റെ നിയോഗമാണ്.എതു കൊടും കാട്ടിൽ പോയൊളിച്ചാലും ആ നിയോഗത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല.
  ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി നിയോഗത്തെ കാണേണ്ടിയിരിക്കുന്നു പ്രപഞ്ചത്തിന്റെ ചില കാഴ്ചകളില്‍.
  ചെറുതില്‍ നിന്ന് വലുതാകുന്ന കഥ ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 5. ഒരു ചെറിയ പുഴുവിൽ നിന്നും ഭംഗിയുള്ള ശലഭമാകുന്ന പോലെ ഒരു നല്ല കഥ ..:)

  മറുപടിഇല്ലാതാക്കൂ