2013, ഡിസംബർ 24, ചൊവ്വാഴ്ച

രാത്രിമഴആദ്യമായിട്ടാണ് മജീദ് ആ ബസ് സ്റ്റോപ്പിൽ കയറിയത്. അതുവഴി പലതവണ നടന്നു പോയിട്ടുണ്ടെങ്കിലും പഴക്കം ചെന്ന ആ ബസ് സ്റ്റോപ്പ് അയാളുടെ ശ്രദ്ധയിൽ പെട്ടിട്ടേയില്ല. മഴ നനയാതെ കയറിനിൽക്കാനൊരിടത്തിനു വേണ്ടി ചുറ്റും നോക്കിയപ്പോൾ മാത്രമാണ് ആ മേൽകൂര കണ്ണിൽ പെട്ടത്. പുതിയ റോഡ് വന്നതിൽ പിന്നെ ബസ്സുകൾ ഒന്നും ഓടാത്ത ഒരു നഗരവീഥിയാണതു. ആർക്കും ഉപകാരമില്ലെങ്കിലും ഈ പാഴ്വസ്തുവിനെ പൊളിച്ചുകളയാതിരുന്നതു നന്നായി.  

എങ്കിലും ഈ പൊളിഞ്ഞു വീഴാറായ കെട്ടിടം എന്തുകൊണ്ടാണ് ഇത്രകാലം ശ്രദ്ധയിൽ പെടാതിരുന്നതു.?

അതങ്ങനെയാണ്, ആവശ്യമുള്ളപ്പോൾ മാത്രമാണല്ലോ ചിലതെല്ലാം നമ്മുടെ ശ്രദ്ധയിൽ പെടുക. അതിനു മുൻപ്അതെല്ലാം പാഴ്വസ്തുക്കളായ് തോന്നിയേക്കാം പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ ആ പാഴ്വസ്തുക്കളല്ലാതെ മറ്റൊന്നുമുണ്ടാകില്ല ആശ്രയിക്കാൻ.

ചില മനുഷ്യരും അങ്ങനെയാണ് !

അയാൾ തന്റെ തളർന്ന ഇടതുകാലിന്റെ വെള്ളയിൽ അമർത്തി തിരുമികൊണ്ട് ചൂടുപകർന്നു. തണുപ്പാണ്, തണുപ്പടിച്ചു രക്തോട്ടം കുറഞ്ഞാൽ ചിലപ്പോൾ വേദനിക്കാൻ തുടങ്ങും.

അയാളെകൂടാതെ വേറെയും കുറേ പേരുണ്ട് ബസ് സ്റ്റോപ്പിൽ. എല്ലാവരും മഴ ചതിച്ചവർ !

അക്കൂട്ടത്തിൽ സ്കൂൾ യൂണിഫോമിട്ട ഒരു പെണ്‍കുട്ടി മജീദിന്റെ തളർന്ന കാലുകൾ നോക്കി അത്ഭുതപെട്ടുനിന്നു. അവളുടെ കണ്ണുകളിൽ ഒരു നേർത്ത സഹതാപം. കുട്ടികൾക്കെന്നും മജീദിന്റെ തളർന്ന കാലുകൾ ഒരു കൗതുകമായിരുന്നു. പെങ്കുട്ടികൾ സഹതാപതോടെ നോക്കുബോൾ ആൺകുട്ടികൾ ദൂരെ നിന്നു 'ഞൊണ്ടീ' എന്നു വിളിക്കും.

ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം അതു മാത്രമാണ്.

ഉഷ്ണകാലമാണ്. ഉഷ്ണകാലത്ത് ഇങ്ങനെ ഒരു മഴ ഓർമ്മയില്ല. പണ്ട് കാലം തെറ്റി മഴപെയ്യുബോൾ വാപ്പ മഴനിൽക്കാൻ ദൈവങ്ങളായ ദൈവങ്ങൾക്കെല്ലാം നേർച്ചനേർരും. കാലം തെറ്റിവരുന്ന മഴയാണല്ലോ കര്‍ഷകരുടെ ശത്രു. 

പക്ഷേ മജീദിന് അതൊന്നും പ്രശ്നമല്ല. അവന്‍  രഹസ്യമായി മനസ്സിൽ നേർച്ചനേർന്നു ദൈവങ്ങളോട് പ്രാർത്ഥിക്കും മഴനിൽക്കാതിരിക്കാൻ. മജീദിനു അന്നും മഴ ഒരു ലഹരിയായിരുന്നു. ഈ നഗരവും അയാളെപോലെ തന്നെയാണ്. മഴപെയ്യുബോൾ നഗരവാസികൾ ദൈവതോട് നന്ദി പറയും, കൊടിയ ചൂടിനു അല്പം ശാന്തിലഭിച്ചതിൽ. വരണ്ടുണങ്ങിയ വീഥികൾ അല്പനേരത്തേക്കെങ്കിലും പൊടി പറത്താതിരിക്കുമല്ലോ? 

നഗരം. ഒരിക്കലും ഉറങ്ങാത്ത നഗരം. വിളക്കുകൾ തെളിയിച്ചു രാവിനെ പകലാക്കുന്ന നഗരം. 

ആ നഗരം മുഴുവനും കാണാൻ തക്ക ഉയരവും വലിയ ചില്ലു ജാലകവുമുള്ള ഒരു മുറിയിൽ,രാത്രിമഴയുടെ ഈർപ്പവും ശബ്ദവും ഒരേശരീരംകൊണ്ടു അനുഭവിച്ച് ഇണചേരാൻ....!

അയാൾ വഴിവിട്ടു പോകുന്ന ചിന്തയെ തടഞ്ഞു. മിക്കവാറും ഇങ്ങനെയാണ്. എന്താലോചിച്ചാലും ചെന്നുനിൽക്കുന്നത് കാമ ചിന്തകളികൽതന്നെ. ഉലകത്തിനു കീഴിൽ എല്ലാം ചുറ്റിതിരിഞ്ഞു അവിടെതന്നെ വന്നു നിൽക്കുന്നു. അയാൾക്കു പലപ്പോഴും തോന്നിയിട്ടുണ്ട് കാമമാണ് എറ്റവും ശക്തമായ വികാരമെന്നു. അല്ലാത്തപ്പോള്‍ തോന്നും വിശപ്പാണെന്നു. 

കാമവും വിശപ്പും . എന്തുതന്നെയായാലും ഇത് രണ്ടും മനുഷ്യന്റെ പ്രതിസന്ധികളാണ്.

എന്തായാലും ഈ കാമചിന്തകളെ നിയന്ത്രിക്കാൻ ഒരു സൂഫിയിൽനിന്നും അയാൾ ഉപായം സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ചിന്തകൾ വരുബോൾ ഉടനെ കണ്ണൂകളടച്ചു ഒരു കറുത്ത ബോർഡ് വിഭാവനം ചെയ്യണം. എന്നിട്ട് ഒരോരോ അക്കങ്ങൽ അതിൽ തെളിഞ്ഞു വരുന്നതായി സങ്കൽപ്പികണം. ഒന്നു മുതൽ പത്തുവരെ. സങ്കൽപ്പിച്ചാൽ മാത്രം പോരാ. അതു ഉച്ചത്തിൽ വിളിച്ചു പറയുകയും വേണം.

അയാൾ കണ്ണുകളടച്ചു കറുത്ത ബോർഡ് ഭാവനയിൽ കണ്ടു. പിന്നെ വെള്ളനിറത്തിൽ തെളിഞ്ഞു വന്ന ഒരോരോ അക്കങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. 

ഒന്ന്.. രിണ്ടേ.. മൂണേ.. ആറുവരെയെത്തിയപ്പോഴേക്കും ആപെൺകുട്ടിയുടെ ചിരികേട്ട് അയാൾക്കു കണ്ണുതുറക്കേണ്ടി വന്നു. 

പത്തുവരെ എണ്ണിയില്ലെങ്കിലെന്താ ചിന്തകളെ മജീദ് നിയന്തിച്ചിരിക്കുന്നു. ഇപ്പോൾ ആറ്.., ഇതു പതുക്കെ പതുക്കെ കുറച്ചു കൊണ്ടുവരും പിന്നെ ഒരു ദിവസം അക്കങ്ങളുടെ ഒന്നും ആവശ്യമില്ലാതെതന്നെ മനസിനു കടിഞ്ഞാണിടും. 

സ്മശ്രുക്കൾ വീണ മുഖത്ത് അത്മവിശ്വാസത്തിന്റെ തിളക്കം. !

മഴ കനക്കുകയാണ്. ഇരുട്ടും. 

ഉണങ്ങിവരണ്ട ഭൂമിയിയെ ഇറ്റിറ്റുവീണ് തണുപ്പിക്കുന്ന മഴ. മനുഷ്യന്റെ മനസിനേയും അതു തണുപ്പിക്കും.പാപകറകൾ കുറച്ചുനേരത്തേക്കെങ്കിലും അപ്രത്യക്ഷമാകും, ദുഃഖഭാരം കുറക്കും, ആരും കാണാതെ മഴയത്തു നിന്നു കരയാം. 

മഴയെ പ്രണയിക്കാത്തവർക്കു ജീവിതത്തിൽ ആരെയും പ്രണയിക്കാനാകില്ല. രാത്രിമഴയുടെ സംഗീതം കേട്ട് കബിളി പുതപ്പിനടിയിൽ ഇണചേരാൻ ആരാണ് ആഗ്രഹിക്കാത്തത്. അങ്ങനെ ഒരു രാത്രിമഴയുടെ സമയത്തുവേണം തനിക്കും ആദ്യമായി ഇണചേരുവാൻ.

"ദേ.. പിന്നേം" 

അയാൾ അറിയാതെ ശബ്ദം പുറത്തുവന്നുപോയി. ഭാഗ്യത്തിനു ആരും കേട്ടില്ല. 

ചിന്തകളെ നിയന്ത്രിക്കാൻ അയാൾ കണ്ണുകളടച്ചു എണ്ണുവാൻ തുടങ്ങി. ഇടക്കു പെൺകുട്ടിയുടെ ചിരിക്ക് അയാൾ കാതോർത്തിരുന്നു. പക്ഷേ അവൾ ചിരിച്ചില്ല. കണ്ണുകൾ തുറക്കും മുൻപേ അവൾ ബസ് സ്റ്റോപ്പ് വിട്ടു പോയിരുന്നു.

അയാള്‍ക്കു കാലുകൾ വേദനിച്ചു. 

വയസ്സ് നാല്പതാകാറായി പക്ഷേ ഇതുവരെ മജീദ് ഇപ്പോഴും  അയാളുടെ തന്നെ  ഭാഷയിൽ പറഞ്ഞാൽ "വിർജിനാട്ടാ" എന്നാണ്.

വിർജിൻ .

അയാൾക്കറിയാവുന്ന അപൂർവ്വം ചില ഇംഗ്ലീഷ് വക്കുകളിൽ ഒന്നാണ്. മദ്യപാന സദസുകളിൽ അയാളുടെ വിർജിനിറ്റി കൂട്ടുകാർ ചർച്ച ചെയ്യാറുണ്ട്. സദസ്സിൽ കളിയാക്കുന്നവരോട് അയാൾ പറയും 

"ഇതൊക്കെ നിങ്ങളെപോലെ പട്ടിക്കും പൂച്ചക്കും കൊടുക്കാനുള്ളതല്ല., ഇതിനൊക്കെ ഒരു നിമിത്തമുണ്ട്.."

നിമിത്തമെന്താണെന്നു ചോദിച്ചാൽ അയാൾക്കറിയില്ല. കളിയാക്കൽ കൂടുബോൾ അയാൾ വിശദീകരിക്കും 

"അങ്ങനെ പെട്ടന്നു പറയാൻ പറ്റില്ല. എനിക്കെന്നല്ല. ആർക്കും.., അതു പ്രകൃതീടെ ഒരു നിയമാ..."

മദ്യപാന സദസ്സുകളിൽ പറയുന്ന ഓരോരോ വ്യഭിജാരകഥകളും മജീദ് ശ്രദ്ധയോടെ കേട്ടിരിക്കും. പിന്നെ കഥാനായികയുടെ വയസ്സിന്റെ ക്രമത്തിൽ മനസ്സിൽ ഓർത്തുവയ്ക്കും.ചിലതെല്ലാം നുണയാണ്. കേള്‍ക്കുബോഴേ അറിയാം. പക്ഷേ അയാൾക്കതു മനസ്സിലായി എന്നു മുഖത്തു കാണിക്കില്ല. നുണകളാണെങ്കിലും ആ കഥകളിലെല്ലാം ഒരു സാരാംശം ഉണ്ടായിരുന്നു. എല്ലാ കഥകൾക്കും സാദൃശ്യമുണ്ടായിരുന്നു. ആ കഥയിലെ സ്ത്രീകൾക്കെല്ലാം ഒരാളാകുന്നതുപോലെ.

ഒരു വലിയ സ്റ്റാർ ഹോട്ടലിലെ പാറാവുകാരനാണ് മജീദ്. രാജാവിനെപോലെ വേഷം ധരിച്ചു വരുന്നവർക്കും പോകുന്നവർക്കും ചില്ലു വാതിൽ തുറന്നു കൊടുക്കലാണ് അയാളുടെ ജോലി. ദിവസവുമങ്ങനെ നൂറുകണക്കിനാളുകൾ വരികയും പോവുകയും ചെയ്യും, അവർക്കെല്ലാമായി വാതിൽ തുറന്നു കൊടുത്തു ഒരു പ്രത്യേകതരം തഴബുതന്നെയുണ്ട് അയാളുടെ കൈകളിൽ. 

വ്യഭിജാര കഥകളിലെ നായകരും നായികമാരും അവിടെയും വരാറുണ്ട്. പലരോടൊപ്പം വരുന്ന സ്ത്രീകളും പുരുഷന്മാരും... !. അവർക്കെല്ലാം ഒരേ മുഖമായിരുന്നു. അവരുടെ കണ്ണുകളിൽ മജീദ് നോക്കാറില്ല. അതിനുള്ള ശക്തി അയാൾക്കുണ്ടായിരുന്നില്ല.തിരികെ പോകുബോൾ അവർ മജീദിനു പതിവില്ലാത്ത ടിപ്പ് കൊടുക്കാറുണ്ട്. കണ്ടതു മറന്നുകളയുവാനുള്ള കൈകൂലിയാണത്.!

അങ്ങനെ പലതും കണ്ടു മടുത്തതിനു ശേഷമാണ് അയാൾ ബ്രഹ്മചര്യം അനുഷ്ഠിക്കാൻ തീരുമാനിച്ചതു. അതിന്റെ ആദ്യ പടിയെന്നോണം അയാൾ ഒരു സൂഫി സന്യാസിയെ സന്ദർശിച്ചു. ആ സൂഫിയാണ് ഒന്നു മുതൽ പത്തുവരെ എണ്ണുന്ന വിദ്യ പഠിപ്പിച്ചതു. 

അതു പറഞ്ഞു തന്നപ്പോൾ ആ സൂഫി നിഗൂഢമായി മന്ദഹസിച്ചിരുന്നു. എന്തിന്നണ് ആ സൂഫി മന്ദഹസിച്ചതു. അയാൾ തന്നെ പറ്റിച്ചതാകുമോ ?

പെട്ടന്നു അയാളുടെ ശ്രദ്ധ ബസ്സ് സ്റ്റോപ്പിൽ നിന്നിരുന്ന ഒരു സ്ത്രീയിലേക്കു തിരിഞ്ഞു. അവൾ എപ്പോഴാണ് ഇവിടെ എത്തിയതു ? അതോ താൻ വരുന്നതിനു മുൻപേ അവൾ ഇവിടെ ഉണ്ടായിരുന്നുവോ? നേരത്തേ ബസ് സ്റ്റോപ്പ് കാണാത്തതുപോലെ ആ സ്ത്രീയും ശ്രദ്ധയിൽ പെടാതെ പോയതാണോ?

സ്ത്രീ ദൂരെയാത്രക്കുള്ള തയ്യാറിലാണ്. സാമാന്യം വലിപ്പമുള്ള രണ്ടു മൂന്നു ബാഗുകളുമുണ്ട്. പുറം വശം മുഴുവനും കാണുന്ന രീതിയിൽ ഇറക്കിവട്ടിയ ബ്ലൗസ്... കറുപ്പും വെളുപ്പും പുള്ളികളുള്ള നനഞ്ഞൊട്ടികിടക്കുന്ന സാരീ. ! 

ഗോതബിന്റെ നിറം.

അയാൾ ശ്രദ്ധതിരിക്കുവാനായി എതിർ വശത്തേക്കു തിരിഞ്ഞിരുന്നു. എതിർവശത്തു നിറയെ പലതരം കോണ്ടത്തിന്റെ പരസ്യങ്ങൾ. നാശം.! ഉപയോഗ ശൂന്യമായ ഈ ഇടിഞ്ഞു വീഴാറായ പഴയ ബസ് സ്റ്റോപ്പിൽ ആരാണ് ഈ പരസ്യങ്ങളെല്ലാം പതിച്ചതു. മണ്ടന്മാർ ! 

പരസ്യങ്ങളിലെല്ലാം കൂടുതല്‍  പ്രത്യേകതയുണ്ടെന്ന രീതിയിൽ തന്ത്രപൂര്‍‍വം നാഭിപ്രദേശം മാത്രം മറച്ചു പിടിച്ചിരിക്കുന്ന ആണും പെണ്ണും. ഭാഗ്യത്തിനു പരസ്യങ്ങളുടെ ഒത്ത നടുവിൽ ഒരു സുവിശേഷ പ്രസംഗ പരിപാടിയുടെ പരസ്യവും ഒണ്ടായിരുന്നു. അയാൾ അതിലെഴുതിയിരുന്ന വചനങ്ങൾ മനസ്സിൽ ആവർത്തിച്ചുരുവിട്ടു.

ഇടക്കു അവൾ ഫോണിൽ സംസാരിച്ചു.മറ്റുള്ളവർ കേൾക്കാതിരിക്കാൻ ശബ്ദം അടക്കി പിടിച്ചാണ് സംസാരിക്കുന്നത്.അവളെ കൂട്ടികൊണ്ടുപോകാൻ ആരോ വരുന്നുണ്ട്, ഭർത്താവോ കാമുകനോ സുഹൃത്തോ ആരെങ്കിലും ആകാം പക്ഷേ അയാൾ വാക്കുപാലിച്ചില്ല. മണിക്കൂറുകളായി അവൾ അയാളേയും പ്രതീക്ഷിച്ചു നിൽക്കുകയാണ്. 

അവളുടെ ശബ്ദത്തിലെ അക്ഷമയിൽനിന്നും അത്രയും അയാൾ മനസ്സിലാക്കി.

സമയമേറും തോറും ആളുകൾ കുറഞ്ഞുകൊണ്ടിരുന്നു. പ്രിയപ്പെട്ടവർ ഓരോരുത്തരായി വന്നു കൂട്ടികൊണ്ട് പോകുന്നതു അയാൾ കൗതുകത്തോടെ നോക്കിനിന്നു. ബസ് സ്റ്റോപ്പ് വിട്ട് പോകും മുൻപ് അവർ അഭിമാനത്തോടെ അവശേഷിച്ചവരെ തിരിഞ്ഞുനോക്കി. 

അവരുടെയെല്ലാം മുഖത്തു പ്രതീക്ഷിച്ചവർ വന്നതിന്റെ ആശ്വാസം. ബാക്കി അവശേഷിച്ചവരുടെ മുഖത്ത് നേർത്ത പരിഭ്രമം.

വിരഹം എറ്റവും തീവ്രമകുന്നതു മഴപെയ്യുബോഴാണെന്നു മജീദിനു  തോന്നുമായിരുന്നു. അങ്ങനെ  മഴപെയ്യുന്ന രാത്രികളിൽ അയാൾ അവളെ ഓർത്തു സമയംകഴിച്ചു കൂട്ടും. 

'സുഹ്രാ...; മജീദിന്റെ ജീവിതത്തെ സ്വാധീനിച്ച ഒരേഒരാൾ.  ദുഃഖം മൂർച്ചിക്കുംബോൾ മറ്റാരും കേൾക്കാതെ അയാൾ വിങ്ങികൊണ്ട് പേരുവിളിക്കും.

അവളുടെ നാമം ഉച്ചരിക്കുന്നത് തന്നെ ഒരു സുഖമാണ്.

അവിഹിത കഥകൾ പറയുന്ന മദ്യപാന സഭയിൽ ഒരു ദിവസം അയാൾ സുഹ്രയെപറ്റി പറഞ്ഞു. 

"ഞാൻ നൊന്നു ഞൊടിച്ചിരുന്നെകിൽ ഓൾ ഇപ്പൊ എന്റെ മൂന്നു കുഞ്ഞുഗളെ പെറ്റേനെ..!"

കൂട്ടുകാർക്കെല്ലാം അതൊരു പുതിയ അറിവായിരുന്നു. അവർ അതു വിശ്വസിച്ചില്ല. കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. സതീശനാണ് 

"എന്നിട്ട് ഞൊണ്ടിഎന്താ ഞോട്ടാഞ്ഞേ.."

മജീദിന്റെ ഉള്ളിൽ ദേഷ്യം ഇരബി.ഞൊണ്ടി എന്നു വിളിക്കുന്നതു മജീദിനിഷ്ടമല്ല. കൂടുതൽ പേരും കൈയെത്താ ദൂരത്തുനിന്നു 'ഞൊണ്ടി' എന്നു വിളിച്ചു ഓടിപോവുകയാണ് ചെയ്യാറ്. അവർക്കറിയാം മജീദിനു അവരെപോലെ ഓടാൻ കഴിയില്ലെന്നു. പക്ഷേ ഇത്തവണ സതീശൻ കൈയെത്തും ദൂരത്താണ്. 

മജീദ് സർവ്വ ശക്തിയുമെടുത്ത് കൊടുത്തു ഒരടി !. പൊതുവേ ശക്തനെന്നു കരുതിയിരുന്ന സതീശൻ മലർന്നടിച്ചു ബോധംകെട്ടു വീണു.

പ്രണയം മൂലം വികലാംഗനായ ഒരുത്തന്റെ വേദന ലോകത്തു മറ്റൊരാൾക്കും മനസ്സിലാകില്ല. എന്റെ തളർന്ന കാലുകൾ എന്റെ സുഹ്രയുടെ ഓർമ്മപെടുത്തലാണെന്നു എത്രപേർക്കറിയാം..,? 

മജീദ് കോപംകൊണ്ട് വിറച്ചു. എന്തായാലും ആ സംഭവത്തിനു ശേഷം ആരും മജീദിനെ ഞൊണ്ടി എന്നു വിളിക്കാൻ ധൈര്യം കാട്ടിയില്ല. എല്ലാവർക്കും  ഒരുതരം ബഹുമാനം പോലെ. സുഹറയെ പറ്റിയും അയാള്‍ ആരോടും സംസാരിച്ചില്ല.

പെട്ടന്നു തളർന്ന കാൽ വേദനിച്ചു. അയാൾ കാൽ വെള്ള ശക്തമായി തിരുമ്മാൻ തുടങ്ങി.

നേരം ഏറെയായി. മഴക്കു ഒരു കുറവുമില്ലാ. ഇനി രാത്രിമുഴുവനും ഇവിടെതന്നെ കഴിച്ചുകൂട്ടേണ്ടിവരുമെന്നു തോന്നുന്നു. ബസ്സ് സ്റ്റോപ്പിൽ ഇപ്പോൽ ആ സ്ത്രീയും മജീദും മാത്രമേയുളൂ. ബാക്കിയെല്ലാവരും പോയികഴിഞ്ഞു. അവസാനമായി അവിടെ നിന്നും പോയതു ഒരു വൃദ്ധയായിരുന്നു. ഇറങ്ങും മുൻപ് വൃദ്ധ മജീദിനെ സൂക്ഷിച്ചു നോക്കി. 

കുറ്റമൊന്നും ചെതിരുന്നില്ലെങ്കിലും മജീദ് ആ നോട്ടതിൽ ഒന്നു പതറിപ്പോയി.

സംശയത്തോടെ വൃദ്ധ ആ സ്ത്രീയോടു ചോദിച്ചു  "ഇതുവരെ എത്തീല്ലെ ?"

സ്ത്രീ : "ഇപ്പൊത്തും "

സ്ത്രീ മുഖത്തുവന്ന ഭയം മറച്ചു പിടിച്ചുകൊണ്ട് പരഞ്ഞു:  "ഇപ്പൊവരും... ഇപ്പൊ വരും "

വൃദ്ധ മജീദിനെ ഒന്നു ഇരുത്തിനോക്കി മൂളികൊണ്ട്, മകനോടൊപ്പം നടന്നുപോയി.

പേമാരി.രാത്രി. ആരും കടന്നുവരാൻ സാധ്യത ഇല്ലാത്ത ഒരു ഒറ്റപെട്ട ബസ് സ്റ്റോപ്പ്. അതിൽ ഒരാണും പെണ്ണും.

അയാളുടെ അരക്കെട്ടിലെ ഊഷ്മാവുയർന്നു.

എന്തോ പന്തികേടു തോന്നിയ സ്ത്രീ ഫോൺ വിളിക്കാൻ ശ്രമിച്ചു. പക്ഷേ സ്വിച്ച് ഓഫ്. അവൾക്കു ദേഷ്യം വന്നു. ഒപ്പം ഭയവും. സ്ത്രീക്കു മജീദ് ഇരിക്കുന്നിടതേക്കു തിരിഞ്ഞു നോക്കുവാനുള്ള ധൈര്യം പോലുമില്ല.സ്ത്രീയുടെ നിസ്സഹായത കണ്ടപ്പോൾ അയാൾക്കു കൂടുതൽ ആത്മവിശ്വാസം വന്നു. ഇന്നു മുതൽ തനിക്കും മദ്യപാൻ സദസ്സിൽ പറയാൻ ഒരു കഥവേണം..!

അയാൾ ചിന്തകളെ നിയന്തിക്കൻ ശ്രമിച്ചു. പറ്റുനില്ല. സൂഫിയുടെ വിദ്യ ഫലിക്കുന്നില്ല. ഒരക്കം പോയിട്ടു കണ്ണുകൾ അടക്കാൻ പോലുമാകുന്നില്ല.

അല്പം കഴിഞ്ഞു അയാൾക്കു ഒരാശയം തോന്നി. ആ സ്ത്രീയുമായി സൗഹൃതം സ്ഥാപിച്ചാലോ? ചിലപ്പോൽ സ്ത്രീക്കു അതൊരൽപ്പം ആശ്വാസവും ഒണ്ടാക്കും. മാത്രമല്ല  അവൾ അതാഗ്രഹിന്നുമുണ്ടാകും. എന്തെങ്കിലും ഗൗരവമുള്ള കാര്യം ചോദിക്കാം അങ്ങനെ സംസാരിക്കാൻ ഒരവസരം ഒണ്ടാക്കാം. പിന്നെ മെല്ലെ മെല്ലെ സൗഹൃദമുണ്ടാക്കാം

ആ സ്ത്രീയുടെ പേരെന്താണ് ? എങ്ങനെ ഇവിടെ എത്തപെട്ടു ? വരാമെന്നു പറഞ്ഞയാൾ എവിടെ ? താമസികുന്നതെവിടെയാണ് ? എന്തിൽ തുടങ്ങും.

വേണ്ട . ഇതെല്ലാം ഒറ്റവാക്കിൽ തീരുന്ന ചോദ്യങ്ങളാണ്. മഴയെ പറ്റി സംസാരിച്ചാലോ ?

അതൊരു നല്ല ആശയമായി അയാൾക്കു തോന്നി. അവളും തന്നെപോലെ മഴയെ പ്രണയിക്കുന്നവളായിരിക്കും. എത്ര പറഞ്ഞാലും തീരില്ല മഴയുടെ ഭംഗി. ഒരു രാവും തികയില്ല അത് വര്‍ണ്ണിക്കാന്‍.

ഭയകൊണ്ട് സ്ത്രീ കരച്ചിലിന്റെ വക്കോളമെത്തിയിരിക്കുന്നു. ഇനിയും വൈകികൂടാ. 

മജീദ് മഴയെ പറ്റിയുള്ള ഒരു കവിത മെനഞ്ഞെടുത്തു. അയാൾ ഒരു  വികട നിമിഷകവിയായി.!

ഓരോരോ തുള്ളിയും ഓരോരോ തുള്ളിയും 
കണ്ണീരായ്  പെയ്യുന്നു ഓരോരോ തുള്ളികൾ
ആകാശ  പൗരന്റെ പ്രണയമീ തുള്ളികൾ
പെയ്യുന്നു  പെയ്യുന്നു ഓരോരോ തൂള്ളികൾ
ആകാശ  പൗരന്റെ കണ്ണുനീർ തുള്ളികൾ.

അയാൾ ചെറുതായൊന്നു വരികൾ മൂളി. 

പെട്ടന്നു അവളുടെ മൊബിൽ റിംഗ് ചെയ്തു. ഒരു നിമിഷം പോലും പാഴാക്കാതെ. അവൾ സംസാരിക്കാൻ തുടങ്ങി.

" രമേശ്.. എന്താ ?ന്താ വൈകുന്നതു ? എനിക്കു ഭയമാകുന്നു "

മറു വശത്തു , രമേശ് : 

"സുഭി... ഈ ചാപ്റ്റർ നമ്മൾ അടച്ചതാണ്.. എനിക്കു എന്റെ വഴി നിനക്കു നിന്റെയും.."

സ്ത്രീ ഇടക്കു കയറി പറഞ്ഞു :  

"രമേശ്..  രമേശിനു വേണ്ടിയാണ് ഞാൻ എല്ലാം ഉപേക്ഷിച്ചതു.., എന്റെ കുടുംബം.. എന്റെ ഭർത്തവിനെ.. എന്റെ മക്കളെ.. അവരുടെ അഭിമാനത്തെ.. എല്ലാം ഉപേക്ഷിച്ചിട്ടാണ് ഞാൻ വന്നതു.. എനിക്കു തിരിച്ചു പോകാൻ ഇടമില്ല. രമേശ്.. പ്ലീസ് . രമേശില്ലെങ്കിൽ എനിക്കു മരിക്കേണ്ടിവരും.."

രമേശ് : "ഇനഫ്... ഞാൻ പറഞ്ഞോ ഇറങ്ങിവരാൻ... ഞാൻ പറഞ്ഞോ ??.. പ്ലീസ് എന്നെ ഉപദ്രവിക്കരുത്... സുഭീ.. എനിക്കു രണ്ട് പെങ്കുട്ട്യോളാ. പ്ലീസ് സുഭി... സുഭി ഇനി എന്നെ വിളിക്കരുത്. സുഭി വിളിച്ചാലും ഞാൻ എടുക്കില്ലാ.. ലീവ് മി എലോൺ.. ഗൂഡ് ബയ്.. സുഭി ഗുഡ് ബയ്"

അയാൾ സ്തബ്ധനായി പോയി. കവിതയുടെ വരികൾ മുഴുവനും മറന്നുപോയി. ആ സ്ത്രീയുടെ മനസ്സിൽ ഒരു പേമാരി പെയ്യുന്നതു അറിഞ്ഞില്ലല്ലോ ഒരു നിമിഷം പോലും..!

സ്ത്രീ അലമുറയിട്ടു കരഞ്ഞുകൊണ്ട് മതിലിൽ ചാരിനിന്നു. മഴയേക്കാൾ ഘോരമായ കരച്ചിൽ.., 

ജീവിതത്തിൽ എല്ലാം അർത്ഥശൂന്യമാണെന്നു അയാൾക്കു തോന്നി. മഴയും വെയിലും കരയും കടലും മരങ്ങളും അങ്ങനെ എല്ലാമെല്ലാം പാഴ്‌വസ്തുക്കളാണെന്നു തോന്നി.  മനുഷ്യനെന്ന പാഴ്‌വസ്തുവിനു ജീവിക്കാനുള്ള മറ്റൊരു പാഴ്‌വസ്തുവാണു ഈ ലോകം.!

മജീദിനു സ്ത്രീയെ ആശ്വസിപ്പികണമെന്നു തോന്നി. അയാൾ ധൈര്യം സംഭരിച്ച് സംശായത്തോടെ ആ സ്ത്രീയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു " ഈ മഴ കണ്ടില്ലേ..  ഇതും കണ്ണുനീരാണ്... വിങ്ങിപൊട്ടി ഒലിച്ചു വരുന്ന ആകാശ മനുഷ്യന്റെ കണ്ണുനീർ.. ആത്മാവുകൾ കുടിയിരികുന്ന ആകാശം.. അവരുടെ കണ്ണുകളിലെ ചോരയാണിതു,,! കഞ്ഞോളൂ... മതിയാവോളം കരഞ്ഞോളൂ.. മഴയില്‍ അലിഞ്ഞുചേരാത്ത ഒരു പാപകറയും മനുഷ്യര്‍കില്ല... , "

ആശ്വസിപ്പിച്ചുവെങ്കിലും അയാള്‍ക്കറിയാമായിരുന്നു മരണമല്ലാതെ മറ്റൊന്നും അവളുടെ ജീവിതത്തില്‍ ശേഷികുന്നില്ലാ. പാപമോ പുണ്യമോ എന്തുതന്നെയായാലും ചില സന്ദര്‍ഭങ്ങളില്‍ മരണം ഒരനിവാര്യതയാണ്.

മഴ വകവയ്ക്കാതെ നടന്നകലാൻ തുടങ്ങിയ മജീദിനെ സുഭി മുറുകെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു. 

"അരുത്.. എന്നെ ഒറ്റക്കക്കിയിട്ട് പോകരുത്. ഈ രാത്രി..ഈ ഒരൊറ്റ രാത്രി എനിക്കൊപ്പം നിൽക്കാമോ? എനിക്കു മഴയെ പേടിയണ്.., മരിക്കാനും "

മഴയും രാത്രിയും അസാധാരണാം വിധം കനത്തിരുനുന്നു. മഴയെവിടെ ഇരുട്ടെവിടെയെന്നു തിരിച്ചറിയാനാകുന്നില്ല. മഴയുടെ സാനിദ്ധ്യം ശബ്ദത്തിൽ മാത്രമായിരിക്കുന്നു. രാത്രിമഴ അങ്ങനെയാണ്. ഇരുട്ടും മഴയും. അവ രണ്ടല്ല. ഒന്നാണ്. വേർതിരിക്കാൻ പറ്റാതെ ഒന്നു ചേർന്നവർ. രാത്രിമഴ.

കാലം മുന്നോട്ടു സഞ്ചരിക്കും തോറും മജീദും സുഭിയും രാത്രിമഴപോലെ കൂടുതൽ കൂടുതൽ ഇഴുകി ഒന്നായി ചേർന്നു.

11 അഭിപ്രായങ്ങൾ:

 1. കഥ എഴുതിയ ശൈലി വളരെ ഇഷ്ടപ്പെട്ടു
  അപ്പോള്‍ സുഭിയുടെ ഭര്‍ത്താവും മക്കളുമോ?

  എല്ലാം അപഥഗമനങ്ങളാണല്ലോ!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത്രേം ഒന്നും ആലോചിച്ചിട്ടില്ല.. എങ്കിലും ഒന്നറിയാം ഈ അപഥഗമനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഏറെയുണ്ട്.. :)

   മുഴവനും വായിച്ചതിനു നന്ദി

   ഇല്ലാതാക്കൂ
 2. നന്നായി എഴുതി മഴ ഇവിടെ ഒരു കേന്ദ്ര കഥാപാത്രം തന്നെ മജീദിനെ മാനസ്സികമായി അടുത്ത് അറിഞ്ഞു അവതരിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 3. കഥ ഇഷ്ടമായി.വ്യഭിചാരം സമൂഹത്തിലുണ്ട്. സമ്മതിക്കുന്നു. പക്ഷേ മാന്യമായി ജീവിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവ് മാത്രം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കമന്റിനു നന്ദി..,

   മാന്യമല്ലെങ്കിലും ചില "വ്യഭിചാരങ്ങള്‍ക്ക്" വല്ലാത്ത പ്രണയ തീവ്രതയുണ്ട്. A terrorist is other side's comrade എന്ന് പറയുന്നതുപോലെ. :)

   ഇല്ലാതാക്കൂ
 4. The story keeps its suspense from starting to end...good writing

  മറുപടിഇല്ലാതാക്കൂ
 5. നലല അവതരണം.
  കഥ വളരെ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ