2014 ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ഉത്തരാധുനിക പ്രണയം.. :)


പ്രണയത്തെയും മരണത്തേയും പറ്റി എഴുതുകയില്ലന്ന ഒറ്റ തീരുമാനം കൊണ്ടാണ് അയാൾ  കഥകളൊന്നും എഴുതാതെ പോയത്. അവൾ കവിതകൾ എഴുതാതെ പോയതും അതേ തീരുമാനംകൊണ്ട് തന്നെയായിരുന്നു. പ്രണയമരണങ്ങളെ പറ്റി എഴുതുന്നത് ഏറ്റവും മോശപ്പെട്ട, അന്തസ്സില്ലാത്ത, ആവർത്തന വിരസമായ എന്തോ ഒന്നാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്.

ഒരിക്കൽ കഥകൾ എഴുതാത്തവനും കവിതകൾ എഴുതാത്തവളും കണ്ടു മുട്ടി. അവർ പ്രണയ ബദ്ധരായി. പ്രണയം, ബുദ്ധിബോധങ്ങളെ കീഴ്പെടുത്തി. അസ്ഥികൾ വരെ പൂത്തുലഞ്ഞു. എന്നിട്ടും അവർ ഒന്നും എഴുതിയില്ല.

''അവിചാരിതം' എന്ന അദൃശ്യ ബന്ധുവിന്റെ സ്വാധീനത്തിൽ ഒരു ദിവസം എഴുതാത്ത കഥയും കവിതയും പിണങ്ങി. പിണക്കം വഴക്കായി. വഴക്കു മൂത്ത് അവർ പിരിഞ്ഞു പോയി. ഒരിക്കലും ഓർക്കുകപോലുമില്ലെന്ന വെല്ലുവിളിയിൽ അവർ വിരുദ്ധ ദിശകളിലേക്കു സഞ്ചരിച്ചു.

അയാൾക്ക് കാടും മഞ്ഞുമുള്ള ഉയർന്ന കുന്നും പ്രദേശമായിരുന്നു ഇഷ്ട്ടം. അവൾക്കു ഉദയവും അസ്തമയവും കാണാവുന്ന കടൽ തീരവും.

മലകൾക്കു മുകളിൽ കാലങ്ങൾ കഴിച്ചു കൂട്ടിയപ്പോൾ അയാൾക്കു പ്രണയ നൈരാശ്യം വന്നു. അയാളുടെ മനസ്സ് സമ്മതിച്ചിട്ടില്ലെങ്കിലും ഒറ്റപെട്ടു പോയതായിരുന്നു ആ നൈരാശ്യത്തിനു കാരണം.

വെല്ലുവിളികൾ എപ്പോഴും ജല്പനങ്ങൾ മാത്രമാണ്.

വെല്ലുവിളിച്ചപ്പോഴുണ്ടായിരുന്ന വെറുപ്പ് അതിന്റെ തീവ്രതയുടെ ഉന്നതങ്ങളിലെത്തിയപ്പോൾ ജയിച്ചിട്ടും മഹായുദ്ധത്തിലവശേഷിച്ച ഒരേഒരു യോദ്ധാവിനെ പോലെ ഏകാകിയും ദുഖിതനുമായി.
ആ ഒറ്റപ്പെടലിൽ നിന്നും ആശ്വാസം കണ്ടെത്താൻ കഥകൾ എഴുതണമെന്ന പ്രചോദനം ശരീരത്തിലെ ഒരോരോ അണുവിലുമുണ്ടായി. പക്ഷേ അപ്പോഴേക്കും അക്ഷരങ്ങൾ മറന്നു പോയിരുന്നു. മറ്റൊരു വഴിയുമില്ലാത്തതിനാൽ കഥയെഴുതുന്നതിനു പകരം  അയാൾ ഒരു ചിത്രം വരക്കുവാൻ തീരുമാനിച്ചു.

കരിനീല കാടിന്റെ പശ്ചാത്തലത്തിൽ പാറക്കു മുകളിൽ മുക്കാലിൽ ചാരിവച്ച കാൻവാസിൽ നോക്കി അയാൾ മുനിയെപോലെ കാലങ്ങൾ കഴിച്ചു കൂട്ടി. കാടിന്റെ ചിത്രം വരക്കാനായിരുന്നു അയാളുടെ ശ്രമം.കാടിന്റെ പലപല ഭാവങ്ങൾ അയാൾ പകർത്തി... മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന വനം, പൂക്കൾ വിരിയിച്ചു നിൽക്കുന്ന വനം, മഴ പെയ്തു കുതിർന്നു നിൽക്കുന്ന വനം, ഇലകൾ കൊഴിഞ്ഞു അസ്ഥികൂടമായി നിൽക്കുന്ന വനം. അങ്ങനെ പല ഭാവങ്ങൾ. പക്ഷേ വരച്ചു കഴിഞ്ഞപ്പോഴെല്ലാം അതിൽ പ്രണയത്തിന്റെയോ മരണത്തിന്റെയോ അംശം വന്നു ചേരുന്നതുപോലെ തോന്നുകയാൽ ആ വരച്ച ചിത്രങ്ങളത്രയും കീറി കുന്നിൽ മുകളിൽ നിന്നും കാറ്റിൽ പറത്തി കളഞ്ഞു അയാൾ. ശേഷം തീരാത്ത വാശിയുമായ് പുതിയ മഷിയും ബ്രഷും വാങ്ങി കാടിന്റെ ആഴങ്ങളിൽ കണ്ണുറപ്പിച്ച് പുതിയൊരു ഭാവത്തിനായി അയാൾ കാത്തിരുന്നു.

അവളുടെ കാര്യവും സമാനമാണ്.

ഉദയാസ്തമയങ്ങളുടെ പശ്ചാത്തലത്തിൽ കടലിന്റെ ചിത്രം വരക്കാനായിരുന്നു അവളുടെ ശ്രമം. പക്ഷേ കഥയെഴുതാത്തവൻ അനുഭവിച്ച അതേ വ്യഥയോടെ കവിതകളെഴുതാത്തവളും പകച്ചു പോയിരുന്നു.  പാതി വരച്ച ചിത്രങ്ങൾ കീറി അവളും കടൽ കാറ്റിൽ പറത്തി കളഞ്ഞു.

പ്രണയ നൈരാശ്യം മൂത്ത് മൂത്ത് അവർക്കു  പ്രായമേറെയായി. ഒന്നും എഴുതാതെയും വരക്കാതെയും മരണപെട്ടു പോകുമോ എന്ന ഭയം അവരെ  വേട്ടയാടി.

പ്രണയവും മരണവും ഒരുമിച്ചു വേട്ടയാടി ദുർബലനാക്കിയപ്പോൾ അയാൾ വിറക്കുന്ന കൈകളാൽ കാടിനെ നോക്കി ഒരു ചിത്രം വരച്ചു. പക്ഷേ ഉള്ളിൽ വന്യമായ കാടുണ്ടായിരുന്നിട്ടും ആ ചിത്രം ഒരു കരിയിലയിലേക്കു മാത്രമായി ചുരിങ്ങിപോവുകയാണുണ്ടായത്.  അയാൾക്കു അതല്ലാതെ മറ്റൊന്നും വരക്കാൻ കഴിയുമായിരുന്നില്ല.

ഒന്നും കൂടെ വരക്കാൻ ശക്തിയില്ലാത്തതിനാൽ വരക്കാൻ ഉപയോഗിച്ച ബ്രഷ് ദൂരെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞ് ഉച്ചത്തിൽ അലറി.

കാലാകാലങ്ങളായുള്ളതുപോലെ അവളുടെ കാര്യവും വെറൊന്നായിരുന്നില്ല. കടലിന്റെ ചിത്രം വരക്കാൻ വർഷങ്ങളോളം തപസ്സിരുന്നവൾക്ക് വരക്കാനായതു കണ്ണുനീർ പോലെ ഒലിച്ചു വന്ന ഒരു തുള്ളി ജലത്തിന്റെ ചിത്രമാണ്.

അവളും പെയ്റ്റിങ്ങ് ബ്രഷ് എന്നെന്നേക്കുമായി കടലിലേക്കു വലിച്ചെറിഞ്ഞു.

പിന്നെയും ഒന്നും എഴുതാനാകാതെയും വരക്കാനാകാതെയും കാലം ഇഴഞ്ഞു പോകവേ വിദൂരതയിൽ ആരുടേയോ വിളി കേട്ട് വരച്ച ചിത്രവുമായി അവർ ഒരു യാത്രപുറപ്പെട്ടു. ദിക്കുകൾ അറിയില്ല. ലക്ഷ്യവുമില്ല. തെറ്റിയെന്നു തോന്നിയെങ്കിലും ഉൾപ്രേരണയെ വിശ്വസിച്ചു ചെയ്ത യാത്രയിൽ, എപ്പോഴും മണൽകാറ്റടികുന്ന ഒരു മരുഭൂമിയിൽവെച്ചവർ കണ്ടുമുട്ടി.

നഷ്ട്ടപെട്ടതിനെ പറ്റി കരിയിലയും ജലതുള്ളിയും മൗനം കൊണ്ട് സംസാരിച്ചു.  അയാളും അവളും വീണ്ടും പ്രണയത്തിലായി.

ഇനി ഒരിക്കലും പിരിയില്ലെന്നു കാലത്തെ വെല്ലുവിളിച്ചുകൊണ്ട് ശിഷ്ട്ടകാലം ചുട്ടുപൊള്ളുന്ന മണൽതരികളിൽ ചൂണ്ടുവിരൽ തുമ്പിനാൽ പ്രണയത്തെപറ്റി കഥകളും കവിതകളും എഴുതി അവർ മരണത്തെ കാത്തു കിടന്നു.

2014 ഓഗസ്റ്റ് 10, ഞായറാഴ്‌ച

പ്രസവം.... ഒരു സമരധീരന്റെ യാത്ര..




ഉയരുന്നു ഊഷ്മാവ് ചുരുണ്ടു മയങ്ങുന്ന ദ്രാവകസഞ്ചിയിൽ
സൗഖ്യമായിരുന്നിവിടെ വന്നനാൾ മുതലിതുവരെ
എങ്ങനെ ചുരുങ്ങി തീകുണ്ഡമായ് പൊടുന്നനെയീ ഗൃഹം
ഏറുന്നു നീറുന്ന ലവണങ്ങൾ ദ്രാവകത്തിൽ അനുനിമിഷം
അനന്തകാലം സസുഖം മയങ്ങാമെന്നയാശ വെറുതെയായ്
അസഹ്യമീ വേദന പടർത്തും പരലോക സമ്മർദ്ദം, പൊള്ളുന്നു-
തൊലിപ്പുറം,ബന്ധങ്ങൾ പിണങ്ങുന്നു അടിവയർ മധ്യത്തിൽ


നേർത്ത തണുപ്പിൻ സ്പർശനം അറിയുന്നു സ്വഗൃഹമൂലയിൽ
സഞ്ചരിക്കുക നിലക്കാതെ തണുപ്പിൻ ഉറവിടം തേടി നീ
അതിജീവനം മാത്രമീ ഇഹലോക തത്വമെന്നറിയുക മെല്ലെ
ബന്ധനത്തിന്റെ കറുത്തു വഴുകുന്ന ചങ്ങലയും പേറി നീ
പോവുക ഇതുവരെ കാണാ വീഥികളിലൂടെ സധൈര്യം
ഇടുങ്ങിയ തുരഗങ്ങൾ വളവുകൾ തിരുവുകൾ ഇരുട്ടിൽ
പിഴക്കാതെ തളരാതെ യാത്രയാവുക നേരിൻ വഴിയിലൂടെ
മതമില്ല  ഉടയോനില്ല ആരുമില്ല കൂടെയീ തമസ്സിൽ
പോരാട്ടമല്ലിത് യുദ്ധവുമല്ല, അവനവൻ ചരിത്രത്തിൻ
സഹനസമരമത്രേ,  ജീവന്റെ പ്രഥമ സമരപാഠം

ഹൃദയം വിളിക്കുന്നു ഇനിയും പഴകാത്ത മുദ്രാവാക്യം
ഉയരുന്നു തുരഗത്തിൽ ജനിക്കാത്ത ജീവന്റെ പ്രത്യയശാസ്ത്രം.
സമയദൂരമറിയില്ലയെങ്കിലും അറിയുന്നു ഒഴുക്കിയ 
ജന്മദൂരങ്ങളീ അതിജീവന യാത്രയിലിതുവരെ 
വെളിച്ചമെന്തെന്നറിയില്ല എങ്കില്ലും കാണുന്നു മുന്നിൽ
തുറന്ന വാതിലിലൂടെയാ തണുപ്പിന്റെ അത്ഭുതലോകം
ദ്രാവകമല്ല,ലവണങ്ങളല്ലഅദൃശ്യമാം എന്തോ നിറയുന്നു-
ഉള്ളിൽ വിറക്കുന്ന നാസിക തുമ്പിലൂടെ
ഇരുളിനെ ശീലിച്ച കണ്ണുകൾ നീറുന്നു വെളിച്ചത്തിൽ
അസഹ്യമീ തണ്ണുപ്പ്സ്വഗൃഹ ഊഷ്മാവ് തന്നെ ഭേദം
ജയിച്ചതോ തോറ്റതോ  അതിജീവന സമരം ?
തോറ്റവർ കരയുക ജയിച്ചവർ ചിരിക്കുക !

അനായാസം മുറിഞ്ഞുപോയ് ബലിഷ്ഠ ചലങ്ങലബന്ധങ്ങൾ 
കരയുകയല്ലാതെ അറിയില്ല മറ്റൊന്നുംചിമ്മിയ കണ്ണിലൂടെ
കണ്ടു തോറ്റവനെ നോക്കി ചിരിക്കുന്ന അനേകം വിരൂപികളെ
വിരൂപികൾ ഒരോന്നായോതി ചുവന്ന മൃദു കുഞ്ഞു ചെവികളിൽ
ശ്രേഷ്ഠ ദൈവത്തിൻ വീരനാമംകർണ്ണവും പിടയുന്നു വേദനയിൽ
അരൂപികൾ വിരൂപികൾ വാഴുന്നീ പരലോകം നരഗം തന്നെ
ഇനിയെത്ര ശിക്ഷകൾ ഇനിയെത്ര നാളുകൾ...

അനാദികാലം കടലിന്റെ കഥകേട്ട് ചുക്കി ചുളിഞ്ഞ തീരംപോലെ
വടുക്കൾ വീണൊട്ടിയ മുഖവുമായൊരു വൃദ്ധൻ മെല്ലെ അരികിലെത്തി
ജീവന്റെ തേജസ്സ് വറ്റിയ ശബ്ദത്തിൽ സദയം വൃദ്ധനോതി 
"'ദുരിതങ്ങൾ ദുരന്തങ്ങൾ ദുഖങ്ങൾ….. കാത്തിരിക്കുന്നു നിന്നെ 
കരയരുതു സധൈര്യം യാത്രയാവുക നീസ്വഗൃഹത്തിൽ നിന്നും 
ഒറ്റക്കു  ചെയ്തൊരു യാത്രയേക്കാൾ വലുതയൊരു യാത്രയുണ്ടോ
മരിക്കുന്നവനെങ്കിലും  ഒരിക്കലും തോക്കാത്തവനത്രേ സമരധീരൻ

2014 ജൂൺ 21, ശനിയാഴ്‌ച

ചിത്രശലഭങ്ങളുടെ കാറ്റ്








കുഞ്ഞാറ്റ കിളിയെ ഭയന്നു പൂവരശിന്റെ ഇലക്കടിയിൽ ഒളിച്ചിരിക്കുകയായിരുന്നു ചിത്രശലഭം. പഴുത്തു മഞ്ഞിച്ച ഇലയാണ്. ശലഭത്തിന്റെ നിറവും മഞ്ഞയാണ്. കുഞ്ഞാറ്റകിളിക്കു പെട്ടന്നു കണ്ടുപിടിക്കാനാകില്ല..!

ഒളിച്ചിരിക്കുക എന്നതു ചിത്രശലഭത്തിന്റെയും കണ്ടുപിടിക്കുക എന്നതു കുഞ്ഞാറ്റകിളിയുടെയും ദൗത്യമാണ്. നിലനിൽപ്പിനു വേണ്ടിയുള്ള അതിജീവന മാർഗം.പരിണാമമെന്ന കുത്തൊഴുക്കിൽ വന്നടിഞ്ഞ നിയമാണത്.  അതിൽ ഇത്തവണ ജയിച്ചതു കുഞ്ഞാറ്റകിളിയയിരുന്നു. കാണാൻ ഭംഗിയുള്ള ചിറകുകൾ ശരീരത്തോടു ചേർത്തു വച്ചു, ഒരഭ്യാസിയെപോലെ ചെറുതെങ്കിലും ഉരുക്കുപോലുള്ള ചുണ്ടുകൾ നീട്ടി കുഞ്ഞാറ്റകിളി ചിത്രശലഭത്തിലേക്കു പാഞ്ഞടുത്തു. തനിക്കു നേരെനീണ്ടു വരുന്ന ഉരുക്കു ചുണ്ടുകൾ കണ്ടു വിരണ്ട ശലഭം തന്റെ ദുർഭലമായ ചിറകുകൾ വിടർത്തി അന്തരീക്ഷവായുവിനെ തള്ളി.

അങ്ങനെയാണ് ഇളം കാറ്റ് വീശാൻ തുടങ്ങിയതു.

'എല്ലാ കാറ്റുംകൊടുംകാറ്റും തുടങ്ങുന്നതു ചിത്രശലഭങ്ങളിൽ നിന്നാണു. അവയുടെ ഭയന്നു വിരണ്ട മർമരങ്ങളാണീ കാറ്റുകളെല്ലാം.' 

ഭംഗിയുള്ള കുഞ്ഞാറ്റകിളിയുടെ ആഹാരമായി തീരും മുൻപു ശലഭം തള്ളി നീക്കിയ വായു കുറ്റികാട്ടിൽ കൂട്ടമായി ഒളിച്ചിരുന്ന ചിത്രശലഭങ്ങളെ ഭയപെടുത്തി. അവർ ഒരേ വേഗതയിലും താളത്തിലും ചിറകുകൾ വീശി അന്തരീക്ഷത്തിൽ പ്രകമ്പനമുണ്ടാക്കികൊണ്ട് പറന്നുയർന്നു.

അങ്ങനെ ആ പ്രകമ്പനം ഒരു കാറ്റായി വീശാൻ തുടങ്ങി. 

കാറ്റ് കൊടുംകാട്ടിലെ പൂക്കളോടും ഇലക്കളോടും ദുഖം പറഞ്ഞു.പൂക്കളും ഇലകളും ചിത്രശലഭങ്ങളുടെ ആത്മബന്ധുവാണ്. സ്വതവേ ശാന്തരെങ്കിലും  ശലഭങ്ങളുടെ കഥ കേട്ടപ്പോൾ അവർക്കു ദേഷ്യം വന്നു. അവർ തങ്ങളെ കൊണ്ടാകും വിധം ശരീരമിളക്കി കാറ്റിനെ കൊടും കാറ്റാക്കി.

അങ്ങനെ ആത്മ ബന്ധനത്തിന്റെ ചങ്ങലയിലെന്ന പോലെ കാറ്റും കൊടുംകാറ്റും ഉണ്ടായി.

ലക്ഷ്യമില്ലാതെ അലറി നടന്നിരുന്ന കൊടും കാറ്റ് കരയുടെ മാറിടം പോലെ ഉയർന്നു നിലക്കുന്ന മലയിൽ തട്ടി ദിശമാറി മനുഷ്യർ അധിവസിക്കുന്ന നഗരത്തിലേക്കു സഞ്ചരിച്ചു. 

പ്രപഞ്ചരഹസ്യങ്ങൾ തേടിയിറങ്ങിയതുപോലെ കാറ്റ് മുന്നോട്ടു കുതിച്ചു. കൊടുംകാട്ടിൽ നിന്നും ഉയർത്തികൊണ്ടുവന്ന കരിയിലകളുമായാണ് കാറ്റിന്റെ യാത്ര. 

വന്യവും ശക്തവുമായിരുന്നെങ്കിലും ദൂരെ അസ്തമയ സൂര്യനിൽ മുങ്ങികിടക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങളുടെ കാടുകണ്ടപ്പോൾ കൊടുംകാറ്റിനും അത്ഭുതം തോന്നി. 

ചക്രവാള സൂര്യൻ പോയ്മറയുന്നതാണെങ്കിലും അതിൽ പ്രതീക്ഷയുടെ ഒരിറ്റു ജീവൻ ബാക്കിയുണ്ടാകും. മറ്റൊരു പുലർ കാലത്തിന്റെ. !എന്തു ചെയ്യണമെന്നറിയാതെ കാറ്റ് ഒരു നിമിഷം ആ നഗരതിന്റെ അതിർത്തിയിൽ സംശയിച്ചു നിന്നു. 

അതേ അസ്തമയ സൂര്യനഭിമുഖമായി ആ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു കെട്ടിടതിന്റെ ഏറ്റവും മുകളിലെ വീതികുറഞ്ഞ അരമതിലിനു മുകളിൽ നിന്നുകൊണ്ട് ഭൂമിയിലേക്കു നോക്കി നിൽക്കുകയായിരുന്നു അയാളപ്പോൾ. 

താഴെ ഭൂമിയിൽ മനുഷ്യരും വാഹനങ്ങളും ഉറുമ്പുകളെപോലെ ഉരുണ്ടുണ്ടുരുണ്ട് പോകുന്നു.
അന്തരീക്ഷത്തിന്റെ ആഴം കടലാഴത്തതിനേക്കാളും ഭയാനകമാണ്.

ചിത്രശലഭത്തെ പോലെ ഭയമായിരുന്നു അയാളുടെ സ്ഥായീ ഭാവം. എവിടേയും ഇരിക്കാനാവില്ല. ഒരിലയും ശലഭത്തിനു സുരക്ഷിതമല്ലാത്തതുപോലെ ഒരിടത്തും അയാൾക്കു ധൈര്യം കിട്ടിയില്ല. 
എന്തിനും ഏതിനും ഭയം. ആദിയും അന്തവുമില്ലാത്ത ഭയം. കൂട്ടുകാർക്കെല്ലാം അവനൊരു തമാശയായിരുന്നു. മറ്റുള്ളവർക്കു ഭയത്തിന്റെ മാനദണ്ഡവും.

ഒരാളുടെ കണ്ണുകളിൽ പോലും നോക്കുവാനാകാതെ തല താഴ്ത്തി ഒട്ടകത്തെ പോലെ കൂനി നടക്കുന്നവൻ. 

എന്നു , എപ്പോൾ മുതൽ ? എന്തുകൊണ്ടാണ് ഇത്രയും ഭയം ?

ചോദ്യങ്ങൾ കുറെയുണ്ടായിരുന്നു അയാളുടെ യുള്ളിൽ.ഒരുപക്ഷേ ഭയപ്പെടുക എന്നതു അയാളുടെ ജീവിത ദൗത്യമാകാം. 

ഒന്നിനുമല്ലാതെ ഭയപ്പെടുക. 

ധീരതക്കുള്ള ബഹുമതി കിട്ടിയ ഒരു പട്ടാളക്കരന്റെ മകനാണയാൾ. ആ പട്ടാളക്കാരനു എങ്ങനെ ഇത്ര ഭീരുവായ ഒരു മകനുണ്ടാകും ?

അന്നു അച്ച്ഛൻ അമ്മയുടെ ചാരിത്രത്തെ സംശയിച്ച ദിവസമാണ് അയാളുടെ കുട്ടിമനസ്സിനു ആദ്യമായി വേദനിച്ചതു. സങ്കടവും ദേഷ്യവും കൊണ്ട് അമ്മ വിങ്ങിപൊട്ടി കരയുന്നതു കേട്ടപ്പോൾ തന്റെ ജന്മത്തെ ശപിച്ചു വീടുവിട്ടിറങ്ങിയതാണ്. 

കാലം എത്ര കടന്നു പോയന്നു അയാൾക്കു തന്നെ തിട്ടമില്ല !!

ധീരത തെളിയിക്കാൻ അച്ച്ഛനെപോലെ പട്ടാളത്തിൽ ചേരാം. യുദ്ധമുണ്ടായാൽ പങ്കെടുക്കാം.
 യുദ്ധങ്ങൽ തന്നെ ഭീരുത്വമല്ലെ ?

ഭൂമി സൃഷ്ട്ടിച്ചപ്പോൾ ഇല്ലാതിരുന്ന അതിരുകളുണ്ടാക്കി പരസ്പ്പരം കൊല്ലുന്നതു ധീരതയാണോ ? ഏതു പുല്മേട്ടിലാണ് കളിക്കേണ്ടതെന്നു ചിത്രശലഭങ്ങളെ വിലക്കുന്നതാണോ ധീരത ?

ആ നഗരത്തിലെ അധോലോക നായകനെ തെരഞ്ഞു നടന്നു, കണ്ടുപിടിച്ചു കൊല്ലാം  പക്ഷേ അയാൾ ഇല്ലെങ്കിൽ മറ്റൊരാൾ അവിടെ ഒണ്ടാകും. 

ഒരു ജീവനെടുത്തു കിട്ടുന്ന ധീരത വ്യാജമാണ്.

ഭരണകൂടത്തിന്റെ ഭീകര നിയമങ്ങൾക്കെതിരേ നിരന്തരം സമരം നടത്തുന്ന നഗരമാണതു. ആ സമരത്തിന്റെ മുൻപിൽ ചെന്നു നിന്നു മുദ്രാവാക്യം വിളിക്കാം. പോലീസിന്റെ തല്ലുകൊണ്ട് ജീവൻ പോകും വരെ സമരം ചെയ്യാം.  പ്രതിഷേതിക്കാം. പക്ഷേ ഇതെല്ലാം ചെയ്യുന്നതു അനേകം പേരുടെ ജീവനെടുത്ത ഒരു കലാപത്തിന്റെ സൂത്രധാരനായ നേതാവിന്റെ അധികാര കൊതിക്കു വേണ്ടിയാണെന്നു വന്നാലോ ?

ഈ വിരോധാഭാസത്തിൽ എവിടെയാണ് ധീരത.?

ചിത്രശലഭങ്ങൾക്ക് ഭഷ്യശൃംഖലയിലെ ബന്ധുവായ കുഞ്ഞാറ്റകിളി ശത്രുവാകുന്നതുപോലെ , മനുഷ്യർക്കു ഈ ലോകതറവാടിൽ ജനിച്ചു വീഴുന്ന എല്ല ഇരുകാലികളും ശത്രുക്കളാണ്. സംശയത്തോടെയും ഭയത്തോടെയുമല്ലാതെ അവർക്കു പരസ്പ്പരം നോക്കാനാവില്ല. നിശബ്ദമായി നിൽക്കുന്ന ഒരു വരിയുടെ മുൻപിലും പിൻപിലും നിൽക്കുന്നവർ ശത്രുകളാണെന്ന് അവന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചുകൊണ്ടിരിക്കും. ഒരിക്കൽ തീർന്നു പോയേക്കാവുന്ന ശ്വാസവായുവും ജലവും ഉപയോഗിച്ചു തീർക്കാൻ വന്ന ശത്രു. 

ആ ശത്രുത മറച്ചു പിടിക്കാനുള്ള പൊയ്മുഖങ്ങളാൽ സമൃദ്ധമാണ് മനുഷ്യരുടെ വ്യവസ്ഥകളും നിയമങ്ങളും.  അത്തരമൊരു ലോകത്തു എങ്ങനെ ഭയപ്പെടാതെ ജീവിക്കും.

ചിത്രശലഭങ്ങളുടെ കൊടുംകാറ്റുപോലെ ശത്രുക്കളുടെ കൊടുംകറ്റും ഒരിക്കൽ ഉണ്ടാകുമായീക്കും..!

ഭയം വസിക്കുന്ന ശരീരവുമായി, ഒരാളുടേയും മുഖത്തു നോക്കാനുള്ള ധൈര്യം പോലുമില്ലാതെ, കുറ്റി താടി വളർത്തിയ മുഖവുമായി അയാൾ പലേയിടങ്ങളിൽ സഞ്ചരിച്ചു. പലേയിടങ്ങളിൽ പലപല ജോലിചെയ്തു.  ചിലയിടങ്ങളിൽ ഹോട്ടൽ ജോലിക്കാരനായി. ചില സ്ഥലങ്ങളിൽ റിക്ഷാകാരനായി. ചില സ്ഥലങ്ങളിൽ പൊതുനിരത്ത് വൃത്തിയാക്കുന്നവരുടെ കൂട്ടത്തിൽ. !.


കാലം അങ്ങനെ മഹാ മുനിയെപോലെ  കടന്നുപോകവേ  മരുഭൂമിയുടെ ഓർമകളിൽ പെയ്ത ഒരേ ഒരു മഴയെന്ന പോലെ ആ ഭയത്തിന്റെയും ശത്രുതയുടേയും ഭൂമിയിൽ അയാൾ ആ കാഴ്ച്ച കണ്ടു. 

അതൊരു വേശ്യാലയം ആയിരുന്നു. 


പകൽ മുഴുവനും ജോലിചെയ്തു കിട്ടുന്ന തുട്ടുകൾകൊണ്ട് അയാൾ ആയിടത്തിലേക്കു പോകും. അവളുടെ കണ്ണുകൾക്കു വല്ലാത്ത ആഴമുണ്ടായിരുന്നു. അയാൾ പണം കൊടുത്തു വാടകകെടുത്തിരുന്നതു അവളുടെ ശരീരമായിരുന്നില്ല. അവളുടെ ആ തവിട്ടു നിറമുള്ള കണ്ണുകളായിരുന്നു.

അളക്കുവാകാതത്ര ആവേശത്തോടെ അയാൾ ആ കണ്ണുകളുടെ വശ്യതയിൽ നോക്കി ഇരിക്കും. അങ്ങനെ നോക്കിയിരിക്കുമ്പോൾ അയാൾ  അവാച്യമായ ആശ്വാസം അനുഭവിച്ചിരുന്നു.
ആദ്യമാദ്യം അവൾക്ക് ദേഷ്യവും സഹതാപവുമെല്ലാം തോന്നിയിരുന്നു. പിന്നെ സാവധാനം അവളും അവന്റെ കണ്ണുകളുമായി പ്രണയത്തിലായി.

 കണ്ണുകളിൽ കണ്ണുകൾ കോർത്തു എത്ര മഴയും വേനലും മഞ്ഞും കഴിഞ്ഞു പോയെന്നു അവർക്കറിയില്ല.! കാലങ്ങൾ കാണാതെ അവരുടെ മിഴികൾ പ്രണയിച്ചു കൊണ്ടേയിരുനു.

"പ്രണയം..! അതാകാം ഭയമില്ലാത്തവന്റെ ഭാവം " 

അവൾ അതു തിരുത്തി: " പ്രതീക്ഷകൾ.. പ്രതീക്ഷകളുള്ളവനാണ് ഭയമില്ലാത്തവൻ "

അയാൾക്കതു മനസ്സിലായില്ല.

വേശ്യകൾ ബെഞ്ചാരകളെ പോലെയാണ്. അവർക്കു സ്വന്തമായി ഒരു ദേശമോ നഗരമോ ഇല്ല.വിയർപ്പു മണമുള്ള ഇടുങ്ങിയ മുറികളാണവരുടെ ലോകം. ദേശങ്ങൾ മാറുന്നതു അവർ അറിയാറില്ല. ഭിത്തികളുടെ നിറം മങ്ങുന്നതു മാത്രമാണ് അവരറിയുക.

അന്ന് അവൾ ഭിത്തികൾ മങ്ങിയ മറ്റൊരു ലോകത്തിലേക്കു യാത്ര പോവുകയായിരുന്നു.

എന്നെന്നേക്കുമായി അവളുടെ കണ്ണുകൾ വാടകക്കെടുക്കുവാൻ അവൻ തയ്യാറാണ്. പക്ഷേ അതവൾ വിലക്കി.

കുഞ്ഞാറ്റകിളിയുടെ ഇരയാവുക ചിത്രശലഭത്തിന്റെ നിയോഗമാണ്.എതു കൊടും കാട്ടിൽ പോയൊളിച്ചാലും ആ നിയോഗത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. ഒരു വേശ്യയായി ജീവിക്കുക അവളുടെ നിയോഗമാണ്. മറ്റെന്തു ചെയ്താലും അവൽക്കു ഭയപ്പെട്ടു മാത്രമേ ജീവിക്കാനാകൂ..

വേശ്യകളുടെ അദൃശ്യമായ ചിറകുകൾക്കു ഒരു കൊടുംകാറ്റുണ്ടാക്കാൻ പറ്റുമോ ? ഒരു പക്ഷേ ലോകത്തെ മുഴുവനും കടപുഴക്കി എറിയാൻ തക്ക ശക്തമാകും അതു.!


തൂകറായ കണ്ണുകൾ ചിമ്മി യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾ വീണ്ടും മന്ത്രിച്ചു. 

“പ്രതീക്ഷകൾ... പ്രതീക്ഷകൾ മാത്രമാണ് ഒരു ധീരന്റെ ഭാവം"

ചിത്രശലഭങ്ങളുടെ കാറ്റ് നഗരത്തിലെത്തിയ ദിവസമായിരുന്നു അത്. 

ചക്രവാളത്തിന്റെ പ്രതീക്ഷകൾ കണ്ടു അന്തം വിട്ടുനിന്ന കൊടും കാറ്റ്, പിന്നെ മുന്നോട്ട് സശയത്തോടെ നീങ്ങികൊണ്ടിരുന്നപ്പോൾ , ആ നഗരത്തിലെ ഏറ്റവും ഉരയരം കൂടിയ കെട്ടിടത്തിനു മുകളിൽ നിന്നു കൊണ്ട് ചുവന്ന ആകാശവും അന്തരീക്ഷതിന്റെ ആഴവും നോക്കി നിൽക്കുകയായിരുന്നു അയാൾ.

ചിത്രശലഭങ്ങളുടെ കാറ്റ് ആദ്യം അയാളുടെ നെറ്റിയിലേയും കക്ഷങ്ങളിലേയും വിയർപ്പൊപ്പിയെടുത്തു. പിന്നെ  വല്ലാത്ത വന്യതയോടെ കാട്ടിലെ കരിയിലകൾകൊപ്പം അയാളെയും ചേർത്തു. 

ചക്രവാളം കണ്ടു വിരണ്ടോടുന്ന പക്ഷികളെ പോലെ ചിത്രശലഭങ്ങളുടെ കാറ്റും കരിയിലകളും കടലിൽ മുങ്ങികൊണ്ടിരിക്കുന്ന സൂര്യനെ ലക്ഷ്യമാക്കി യാത്ര തുടർന്നു.

2013 ഡിസംബർ 24, ചൊവ്വാഴ്ച

രാത്രിമഴ



ആദ്യമായിട്ടാണ് മജീദ് ആ ബസ് സ്റ്റോപ്പിൽ കയറിയത്. അതുവഴി പലതവണ നടന്നു പോയിട്ടുണ്ടെങ്കിലും പഴക്കം ചെന്ന ആ ബസ് സ്റ്റോപ്പ് അയാളുടെ ശ്രദ്ധയിൽ പെട്ടിട്ടേയില്ല. മഴ നനയാതെ കയറിനിൽക്കാനൊരിടത്തിനു വേണ്ടി ചുറ്റും നോക്കിയപ്പോൾ മാത്രമാണ് ആ മേൽകൂര കണ്ണിൽ പെട്ടത്. പുതിയ റോഡ് വന്നതിൽ പിന്നെ ബസ്സുകൾ ഒന്നും ഓടാത്ത ഒരു നഗരവീഥിയാണതു. ആർക്കും ഉപകാരമില്ലെങ്കിലും ഈ പാഴ്വസ്തുവിനെ പൊളിച്ചുകളയാതിരുന്നതു നന്നായി.  

എങ്കിലും ഈ പൊളിഞ്ഞു വീഴാറായ കെട്ടിടം എന്തുകൊണ്ടാണ് ഇത്രകാലം ശ്രദ്ധയിൽ പെടാതിരുന്നതു.?

അതങ്ങനെയാണ്, ആവശ്യമുള്ളപ്പോൾ മാത്രമാണല്ലോ ചിലതെല്ലാം നമ്മുടെ ശ്രദ്ധയിൽ പെടുക. അതിനു മുൻപ്അതെല്ലാം പാഴ്വസ്തുക്കളായ് തോന്നിയേക്കാം പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ ആ പാഴ്വസ്തുക്കളല്ലാതെ മറ്റൊന്നുമുണ്ടാകില്ല ആശ്രയിക്കാൻ.

ചില മനുഷ്യരും അങ്ങനെയാണ് !

അയാൾ തന്റെ തളർന്ന ഇടതുകാലിന്റെ വെള്ളയിൽ അമർത്തി തിരുമികൊണ്ട് ചൂടുപകർന്നു. തണുപ്പാണ്, തണുപ്പടിച്ചു രക്തോട്ടം കുറഞ്ഞാൽ ചിലപ്പോൾ വേദനിക്കാൻ തുടങ്ങും.

അയാളെകൂടാതെ വേറെയും കുറേ പേരുണ്ട് ബസ് സ്റ്റോപ്പിൽ. എല്ലാവരും മഴ ചതിച്ചവർ !

അക്കൂട്ടത്തിൽ സ്കൂൾ യൂണിഫോമിട്ട ഒരു പെണ്‍കുട്ടി മജീദിന്റെ തളർന്ന കാലുകൾ നോക്കി അത്ഭുതപെട്ടുനിന്നു. അവളുടെ കണ്ണുകളിൽ ഒരു നേർത്ത സഹതാപം. കുട്ടികൾക്കെന്നും മജീദിന്റെ തളർന്ന കാലുകൾ ഒരു കൗതുകമായിരുന്നു. പെങ്കുട്ടികൾ സഹതാപതോടെ നോക്കുബോൾ ആൺകുട്ടികൾ ദൂരെ നിന്നു 'ഞൊണ്ടീ' എന്നു വിളിക്കും.

ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം അതു മാത്രമാണ്.

ഉഷ്ണകാലമാണ്. ഉഷ്ണകാലത്ത് ഇങ്ങനെ ഒരു മഴ ഓർമ്മയില്ല. പണ്ട് കാലം തെറ്റി മഴപെയ്യുബോൾ വാപ്പ മഴനിൽക്കാൻ ദൈവങ്ങളായ ദൈവങ്ങൾക്കെല്ലാം നേർച്ചനേർരും. കാലം തെറ്റിവരുന്ന മഴയാണല്ലോ കര്‍ഷകരുടെ ശത്രു. 

പക്ഷേ മജീദിന് അതൊന്നും പ്രശ്നമല്ല. അവന്‍  രഹസ്യമായി മനസ്സിൽ നേർച്ചനേർന്നു ദൈവങ്ങളോട് പ്രാർത്ഥിക്കും മഴനിൽക്കാതിരിക്കാൻ. മജീദിനു അന്നും മഴ ഒരു ലഹരിയായിരുന്നു. ഈ നഗരവും അയാളെപോലെ തന്നെയാണ്. മഴപെയ്യുബോൾ നഗരവാസികൾ ദൈവതോട് നന്ദി പറയും, കൊടിയ ചൂടിനു അല്പം ശാന്തിലഭിച്ചതിൽ. വരണ്ടുണങ്ങിയ വീഥികൾ അല്പനേരത്തേക്കെങ്കിലും പൊടി പറത്താതിരിക്കുമല്ലോ? 

നഗരം. ഒരിക്കലും ഉറങ്ങാത്ത നഗരം. വിളക്കുകൾ തെളിയിച്ചു രാവിനെ പകലാക്കുന്ന നഗരം. 

ആ നഗരം മുഴുവനും കാണാൻ തക്ക ഉയരവും വലിയ ചില്ലു ജാലകവുമുള്ള ഒരു മുറിയിൽ,രാത്രിമഴയുടെ ഈർപ്പവും ശബ്ദവും ഒരേശരീരംകൊണ്ടു അനുഭവിച്ച് ഇണചേരാൻ....!

അയാൾ വഴിവിട്ടു പോകുന്ന ചിന്തയെ തടഞ്ഞു. മിക്കവാറും ഇങ്ങനെയാണ്. എന്താലോചിച്ചാലും ചെന്നുനിൽക്കുന്നത് കാമ ചിന്തകളികൽതന്നെ. ഉലകത്തിനു കീഴിൽ എല്ലാം ചുറ്റിതിരിഞ്ഞു അവിടെതന്നെ വന്നു നിൽക്കുന്നു. അയാൾക്കു പലപ്പോഴും തോന്നിയിട്ടുണ്ട് കാമമാണ് എറ്റവും ശക്തമായ വികാരമെന്നു. അല്ലാത്തപ്പോള്‍ തോന്നും വിശപ്പാണെന്നു. 

കാമവും വിശപ്പും . എന്തുതന്നെയായാലും ഇത് രണ്ടും മനുഷ്യന്റെ പ്രതിസന്ധികളാണ്.

എന്തായാലും ഈ കാമചിന്തകളെ നിയന്ത്രിക്കാൻ ഒരു സൂഫിയിൽനിന്നും അയാൾ ഉപായം സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ചിന്തകൾ വരുബോൾ ഉടനെ കണ്ണൂകളടച്ചു ഒരു കറുത്ത ബോർഡ് വിഭാവനം ചെയ്യണം. എന്നിട്ട് ഒരോരോ അക്കങ്ങൽ അതിൽ തെളിഞ്ഞു വരുന്നതായി സങ്കൽപ്പികണം. ഒന്നു മുതൽ പത്തുവരെ. സങ്കൽപ്പിച്ചാൽ മാത്രം പോരാ. അതു ഉച്ചത്തിൽ വിളിച്ചു പറയുകയും വേണം.

അയാൾ കണ്ണുകളടച്ചു കറുത്ത ബോർഡ് ഭാവനയിൽ കണ്ടു. പിന്നെ വെള്ളനിറത്തിൽ തെളിഞ്ഞു വന്ന ഒരോരോ അക്കങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. 

ഒന്ന്.. രിണ്ടേ.. മൂണേ.. ആറുവരെയെത്തിയപ്പോഴേക്കും ആപെൺകുട്ടിയുടെ ചിരികേട്ട് അയാൾക്കു കണ്ണുതുറക്കേണ്ടി വന്നു. 

പത്തുവരെ എണ്ണിയില്ലെങ്കിലെന്താ ചിന്തകളെ മജീദ് നിയന്തിച്ചിരിക്കുന്നു. ഇപ്പോൾ ആറ്.., ഇതു പതുക്കെ പതുക്കെ കുറച്ചു കൊണ്ടുവരും പിന്നെ ഒരു ദിവസം അക്കങ്ങളുടെ ഒന്നും ആവശ്യമില്ലാതെതന്നെ മനസിനു കടിഞ്ഞാണിടും. 

സ്മശ്രുക്കൾ വീണ മുഖത്ത് അത്മവിശ്വാസത്തിന്റെ തിളക്കം. !

മഴ കനക്കുകയാണ്. ഇരുട്ടും. 

ഉണങ്ങിവരണ്ട ഭൂമിയിയെ ഇറ്റിറ്റുവീണ് തണുപ്പിക്കുന്ന മഴ. മനുഷ്യന്റെ മനസിനേയും അതു തണുപ്പിക്കും.പാപകറകൾ കുറച്ചുനേരത്തേക്കെങ്കിലും അപ്രത്യക്ഷമാകും, ദുഃഖഭാരം കുറക്കും, ആരും കാണാതെ മഴയത്തു നിന്നു കരയാം. 

മഴയെ പ്രണയിക്കാത്തവർക്കു ജീവിതത്തിൽ ആരെയും പ്രണയിക്കാനാകില്ല. രാത്രിമഴയുടെ സംഗീതം കേട്ട് കബിളി പുതപ്പിനടിയിൽ ഇണചേരാൻ ആരാണ് ആഗ്രഹിക്കാത്തത്. അങ്ങനെ ഒരു രാത്രിമഴയുടെ സമയത്തുവേണം തനിക്കും ആദ്യമായി ഇണചേരുവാൻ.

"ദേ.. പിന്നേം" 

അയാൾ അറിയാതെ ശബ്ദം പുറത്തുവന്നുപോയി. ഭാഗ്യത്തിനു ആരും കേട്ടില്ല. 

ചിന്തകളെ നിയന്ത്രിക്കാൻ അയാൾ കണ്ണുകളടച്ചു എണ്ണുവാൻ തുടങ്ങി. ഇടക്കു പെൺകുട്ടിയുടെ ചിരിക്ക് അയാൾ കാതോർത്തിരുന്നു. പക്ഷേ അവൾ ചിരിച്ചില്ല. കണ്ണുകൾ തുറക്കും മുൻപേ അവൾ ബസ് സ്റ്റോപ്പ് വിട്ടു പോയിരുന്നു.

അയാള്‍ക്കു കാലുകൾ വേദനിച്ചു. 

വയസ്സ് നാല്പതാകാറായി പക്ഷേ ഇതുവരെ മജീദ് ഇപ്പോഴും  അയാളുടെ തന്നെ  ഭാഷയിൽ പറഞ്ഞാൽ "വിർജിനാട്ടാ" എന്നാണ്.

വിർജിൻ .

അയാൾക്കറിയാവുന്ന അപൂർവ്വം ചില ഇംഗ്ലീഷ് വക്കുകളിൽ ഒന്നാണ്. മദ്യപാന സദസുകളിൽ അയാളുടെ വിർജിനിറ്റി കൂട്ടുകാർ ചർച്ച ചെയ്യാറുണ്ട്. സദസ്സിൽ കളിയാക്കുന്നവരോട് അയാൾ പറയും 

"ഇതൊക്കെ നിങ്ങളെപോലെ പട്ടിക്കും പൂച്ചക്കും കൊടുക്കാനുള്ളതല്ല., ഇതിനൊക്കെ ഒരു നിമിത്തമുണ്ട്.."

നിമിത്തമെന്താണെന്നു ചോദിച്ചാൽ അയാൾക്കറിയില്ല. കളിയാക്കൽ കൂടുബോൾ അയാൾ വിശദീകരിക്കും 

"അങ്ങനെ പെട്ടന്നു പറയാൻ പറ്റില്ല. എനിക്കെന്നല്ല. ആർക്കും.., അതു പ്രകൃതീടെ ഒരു നിയമാ..."

മദ്യപാന സദസ്സുകളിൽ പറയുന്ന ഓരോരോ വ്യഭിജാരകഥകളും മജീദ് ശ്രദ്ധയോടെ കേട്ടിരിക്കും. പിന്നെ കഥാനായികയുടെ വയസ്സിന്റെ ക്രമത്തിൽ മനസ്സിൽ ഓർത്തുവയ്ക്കും.ചിലതെല്ലാം നുണയാണ്. കേള്‍ക്കുബോഴേ അറിയാം. പക്ഷേ അയാൾക്കതു മനസ്സിലായി എന്നു മുഖത്തു കാണിക്കില്ല. നുണകളാണെങ്കിലും ആ കഥകളിലെല്ലാം ഒരു സാരാംശം ഉണ്ടായിരുന്നു. എല്ലാ കഥകൾക്കും സാദൃശ്യമുണ്ടായിരുന്നു. ആ കഥയിലെ സ്ത്രീകൾക്കെല്ലാം ഒരാളാകുന്നതുപോലെ.

ഒരു വലിയ സ്റ്റാർ ഹോട്ടലിലെ പാറാവുകാരനാണ് മജീദ്. രാജാവിനെപോലെ വേഷം ധരിച്ചു വരുന്നവർക്കും പോകുന്നവർക്കും ചില്ലു വാതിൽ തുറന്നു കൊടുക്കലാണ് അയാളുടെ ജോലി. ദിവസവുമങ്ങനെ നൂറുകണക്കിനാളുകൾ വരികയും പോവുകയും ചെയ്യും, അവർക്കെല്ലാമായി വാതിൽ തുറന്നു കൊടുത്തു ഒരു പ്രത്യേകതരം തഴബുതന്നെയുണ്ട് അയാളുടെ കൈകളിൽ. 

വ്യഭിജാര കഥകളിലെ നായകരും നായികമാരും അവിടെയും വരാറുണ്ട്. പലരോടൊപ്പം വരുന്ന സ്ത്രീകളും പുരുഷന്മാരും... !. അവർക്കെല്ലാം ഒരേ മുഖമായിരുന്നു. അവരുടെ കണ്ണുകളിൽ മജീദ് നോക്കാറില്ല. അതിനുള്ള ശക്തി അയാൾക്കുണ്ടായിരുന്നില്ല.തിരികെ പോകുബോൾ അവർ മജീദിനു പതിവില്ലാത്ത ടിപ്പ് കൊടുക്കാറുണ്ട്. കണ്ടതു മറന്നുകളയുവാനുള്ള കൈകൂലിയാണത്.!

അങ്ങനെ പലതും കണ്ടു മടുത്തതിനു ശേഷമാണ് അയാൾ ബ്രഹ്മചര്യം അനുഷ്ഠിക്കാൻ തീരുമാനിച്ചതു. അതിന്റെ ആദ്യ പടിയെന്നോണം അയാൾ ഒരു സൂഫി സന്യാസിയെ സന്ദർശിച്ചു. ആ സൂഫിയാണ് ഒന്നു മുതൽ പത്തുവരെ എണ്ണുന്ന വിദ്യ പഠിപ്പിച്ചതു. 

അതു പറഞ്ഞു തന്നപ്പോൾ ആ സൂഫി നിഗൂഢമായി മന്ദഹസിച്ചിരുന്നു. എന്തിന്നണ് ആ സൂഫി മന്ദഹസിച്ചതു. അയാൾ തന്നെ പറ്റിച്ചതാകുമോ ?

പെട്ടന്നു അയാളുടെ ശ്രദ്ധ ബസ്സ് സ്റ്റോപ്പിൽ നിന്നിരുന്ന ഒരു സ്ത്രീയിലേക്കു തിരിഞ്ഞു. അവൾ എപ്പോഴാണ് ഇവിടെ എത്തിയതു ? അതോ താൻ വരുന്നതിനു മുൻപേ അവൾ ഇവിടെ ഉണ്ടായിരുന്നുവോ? നേരത്തേ ബസ് സ്റ്റോപ്പ് കാണാത്തതുപോലെ ആ സ്ത്രീയും ശ്രദ്ധയിൽ പെടാതെ പോയതാണോ?

സ്ത്രീ ദൂരെയാത്രക്കുള്ള തയ്യാറിലാണ്. സാമാന്യം വലിപ്പമുള്ള രണ്ടു മൂന്നു ബാഗുകളുമുണ്ട്. പുറം വശം മുഴുവനും കാണുന്ന രീതിയിൽ ഇറക്കിവട്ടിയ ബ്ലൗസ്... കറുപ്പും വെളുപ്പും പുള്ളികളുള്ള നനഞ്ഞൊട്ടികിടക്കുന്ന സാരീ. ! 

ഗോതബിന്റെ നിറം.

അയാൾ ശ്രദ്ധതിരിക്കുവാനായി എതിർ വശത്തേക്കു തിരിഞ്ഞിരുന്നു. എതിർവശത്തു നിറയെ പലതരം കോണ്ടത്തിന്റെ പരസ്യങ്ങൾ. നാശം.! ഉപയോഗ ശൂന്യമായ ഈ ഇടിഞ്ഞു വീഴാറായ പഴയ ബസ് സ്റ്റോപ്പിൽ ആരാണ് ഈ പരസ്യങ്ങളെല്ലാം പതിച്ചതു. മണ്ടന്മാർ ! 

പരസ്യങ്ങളിലെല്ലാം കൂടുതല്‍  പ്രത്യേകതയുണ്ടെന്ന രീതിയിൽ തന്ത്രപൂര്‍‍വം നാഭിപ്രദേശം മാത്രം മറച്ചു പിടിച്ചിരിക്കുന്ന ആണും പെണ്ണും. ഭാഗ്യത്തിനു പരസ്യങ്ങളുടെ ഒത്ത നടുവിൽ ഒരു സുവിശേഷ പ്രസംഗ പരിപാടിയുടെ പരസ്യവും ഒണ്ടായിരുന്നു. അയാൾ അതിലെഴുതിയിരുന്ന വചനങ്ങൾ മനസ്സിൽ ആവർത്തിച്ചുരുവിട്ടു.

ഇടക്കു അവൾ ഫോണിൽ സംസാരിച്ചു.മറ്റുള്ളവർ കേൾക്കാതിരിക്കാൻ ശബ്ദം അടക്കി പിടിച്ചാണ് സംസാരിക്കുന്നത്.അവളെ കൂട്ടികൊണ്ടുപോകാൻ ആരോ വരുന്നുണ്ട്, ഭർത്താവോ കാമുകനോ സുഹൃത്തോ ആരെങ്കിലും ആകാം പക്ഷേ അയാൾ വാക്കുപാലിച്ചില്ല. മണിക്കൂറുകളായി അവൾ അയാളേയും പ്രതീക്ഷിച്ചു നിൽക്കുകയാണ്. 

അവളുടെ ശബ്ദത്തിലെ അക്ഷമയിൽനിന്നും അത്രയും അയാൾ മനസ്സിലാക്കി.

സമയമേറും തോറും ആളുകൾ കുറഞ്ഞുകൊണ്ടിരുന്നു. പ്രിയപ്പെട്ടവർ ഓരോരുത്തരായി വന്നു കൂട്ടികൊണ്ട് പോകുന്നതു അയാൾ കൗതുകത്തോടെ നോക്കിനിന്നു. ബസ് സ്റ്റോപ്പ് വിട്ട് പോകും മുൻപ് അവർ അഭിമാനത്തോടെ അവശേഷിച്ചവരെ തിരിഞ്ഞുനോക്കി. 

അവരുടെയെല്ലാം മുഖത്തു പ്രതീക്ഷിച്ചവർ വന്നതിന്റെ ആശ്വാസം. ബാക്കി അവശേഷിച്ചവരുടെ മുഖത്ത് നേർത്ത പരിഭ്രമം.

വിരഹം എറ്റവും തീവ്രമകുന്നതു മഴപെയ്യുബോഴാണെന്നു മജീദിനു  തോന്നുമായിരുന്നു. അങ്ങനെ  മഴപെയ്യുന്ന രാത്രികളിൽ അയാൾ അവളെ ഓർത്തു സമയംകഴിച്ചു കൂട്ടും. 

'സുഹ്രാ...; മജീദിന്റെ ജീവിതത്തെ സ്വാധീനിച്ച ഒരേഒരാൾ.  ദുഃഖം മൂർച്ചിക്കുംബോൾ മറ്റാരും കേൾക്കാതെ അയാൾ വിങ്ങികൊണ്ട് പേരുവിളിക്കും.

അവളുടെ നാമം ഉച്ചരിക്കുന്നത് തന്നെ ഒരു സുഖമാണ്.

അവിഹിത കഥകൾ പറയുന്ന മദ്യപാന സഭയിൽ ഒരു ദിവസം അയാൾ സുഹ്രയെപറ്റി പറഞ്ഞു. 

"ഞാൻ നൊന്നു ഞൊടിച്ചിരുന്നെകിൽ ഓൾ ഇപ്പൊ എന്റെ മൂന്നു കുഞ്ഞുഗളെ പെറ്റേനെ..!"

കൂട്ടുകാർക്കെല്ലാം അതൊരു പുതിയ അറിവായിരുന്നു. അവർ അതു വിശ്വസിച്ചില്ല. കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. സതീശനാണ് 

"എന്നിട്ട് ഞൊണ്ടിഎന്താ ഞോട്ടാഞ്ഞേ.."

മജീദിന്റെ ഉള്ളിൽ ദേഷ്യം ഇരബി.ഞൊണ്ടി എന്നു വിളിക്കുന്നതു മജീദിനിഷ്ടമല്ല. കൂടുതൽ പേരും കൈയെത്താ ദൂരത്തുനിന്നു 'ഞൊണ്ടി' എന്നു വിളിച്ചു ഓടിപോവുകയാണ് ചെയ്യാറ്. അവർക്കറിയാം മജീദിനു അവരെപോലെ ഓടാൻ കഴിയില്ലെന്നു. പക്ഷേ ഇത്തവണ സതീശൻ കൈയെത്തും ദൂരത്താണ്. 

മജീദ് സർവ്വ ശക്തിയുമെടുത്ത് കൊടുത്തു ഒരടി !. പൊതുവേ ശക്തനെന്നു കരുതിയിരുന്ന സതീശൻ മലർന്നടിച്ചു ബോധംകെട്ടു വീണു.

പ്രണയം മൂലം വികലാംഗനായ ഒരുത്തന്റെ വേദന ലോകത്തു മറ്റൊരാൾക്കും മനസ്സിലാകില്ല. എന്റെ തളർന്ന കാലുകൾ എന്റെ സുഹ്രയുടെ ഓർമ്മപെടുത്തലാണെന്നു എത്രപേർക്കറിയാം..,? 

മജീദ് കോപംകൊണ്ട് വിറച്ചു. എന്തായാലും ആ സംഭവത്തിനു ശേഷം ആരും മജീദിനെ ഞൊണ്ടി എന്നു വിളിക്കാൻ ധൈര്യം കാട്ടിയില്ല. എല്ലാവർക്കും  ഒരുതരം ബഹുമാനം പോലെ. സുഹറയെ പറ്റിയും അയാള്‍ ആരോടും സംസാരിച്ചില്ല.

പെട്ടന്നു തളർന്ന കാൽ വേദനിച്ചു. അയാൾ കാൽ വെള്ള ശക്തമായി തിരുമ്മാൻ തുടങ്ങി.

നേരം ഏറെയായി. മഴക്കു ഒരു കുറവുമില്ലാ. ഇനി രാത്രിമുഴുവനും ഇവിടെതന്നെ കഴിച്ചുകൂട്ടേണ്ടിവരുമെന്നു തോന്നുന്നു. ബസ്സ് സ്റ്റോപ്പിൽ ഇപ്പോൽ ആ സ്ത്രീയും മജീദും മാത്രമേയുളൂ. ബാക്കിയെല്ലാവരും പോയികഴിഞ്ഞു. അവസാനമായി അവിടെ നിന്നും പോയതു ഒരു വൃദ്ധയായിരുന്നു. ഇറങ്ങും മുൻപ് വൃദ്ധ മജീദിനെ സൂക്ഷിച്ചു നോക്കി. 

കുറ്റമൊന്നും ചെതിരുന്നില്ലെങ്കിലും മജീദ് ആ നോട്ടതിൽ ഒന്നു പതറിപ്പോയി.

സംശയത്തോടെ വൃദ്ധ ആ സ്ത്രീയോടു ചോദിച്ചു  "ഇതുവരെ എത്തീല്ലെ ?"

സ്ത്രീ : "ഇപ്പൊത്തും "

സ്ത്രീ മുഖത്തുവന്ന ഭയം മറച്ചു പിടിച്ചുകൊണ്ട് പരഞ്ഞു:  "ഇപ്പൊവരും... ഇപ്പൊ വരും "

വൃദ്ധ മജീദിനെ ഒന്നു ഇരുത്തിനോക്കി മൂളികൊണ്ട്, മകനോടൊപ്പം നടന്നുപോയി.

പേമാരി.രാത്രി. ആരും കടന്നുവരാൻ സാധ്യത ഇല്ലാത്ത ഒരു ഒറ്റപെട്ട ബസ് സ്റ്റോപ്പ്. അതിൽ ഒരാണും പെണ്ണും.

അയാളുടെ അരക്കെട്ടിലെ ഊഷ്മാവുയർന്നു.

എന്തോ പന്തികേടു തോന്നിയ സ്ത്രീ ഫോൺ വിളിക്കാൻ ശ്രമിച്ചു. പക്ഷേ സ്വിച്ച് ഓഫ്. അവൾക്കു ദേഷ്യം വന്നു. ഒപ്പം ഭയവും. സ്ത്രീക്കു മജീദ് ഇരിക്കുന്നിടതേക്കു തിരിഞ്ഞു നോക്കുവാനുള്ള ധൈര്യം പോലുമില്ല.സ്ത്രീയുടെ നിസ്സഹായത കണ്ടപ്പോൾ അയാൾക്കു കൂടുതൽ ആത്മവിശ്വാസം വന്നു. ഇന്നു മുതൽ തനിക്കും മദ്യപാൻ സദസ്സിൽ പറയാൻ ഒരു കഥവേണം..!

അയാൾ ചിന്തകളെ നിയന്തിക്കൻ ശ്രമിച്ചു. പറ്റുനില്ല. സൂഫിയുടെ വിദ്യ ഫലിക്കുന്നില്ല. ഒരക്കം പോയിട്ടു കണ്ണുകൾ അടക്കാൻ പോലുമാകുന്നില്ല.

അല്പം കഴിഞ്ഞു അയാൾക്കു ഒരാശയം തോന്നി. ആ സ്ത്രീയുമായി സൗഹൃതം സ്ഥാപിച്ചാലോ? ചിലപ്പോൽ സ്ത്രീക്കു അതൊരൽപ്പം ആശ്വാസവും ഒണ്ടാക്കും. മാത്രമല്ല  അവൾ അതാഗ്രഹിന്നുമുണ്ടാകും. എന്തെങ്കിലും ഗൗരവമുള്ള കാര്യം ചോദിക്കാം അങ്ങനെ സംസാരിക്കാൻ ഒരവസരം ഒണ്ടാക്കാം. പിന്നെ മെല്ലെ മെല്ലെ സൗഹൃദമുണ്ടാക്കാം

ആ സ്ത്രീയുടെ പേരെന്താണ് ? എങ്ങനെ ഇവിടെ എത്തപെട്ടു ? വരാമെന്നു പറഞ്ഞയാൾ എവിടെ ? താമസികുന്നതെവിടെയാണ് ? എന്തിൽ തുടങ്ങും.

വേണ്ട . ഇതെല്ലാം ഒറ്റവാക്കിൽ തീരുന്ന ചോദ്യങ്ങളാണ്. മഴയെ പറ്റി സംസാരിച്ചാലോ ?

അതൊരു നല്ല ആശയമായി അയാൾക്കു തോന്നി. അവളും തന്നെപോലെ മഴയെ പ്രണയിക്കുന്നവളായിരിക്കും. എത്ര പറഞ്ഞാലും തീരില്ല മഴയുടെ ഭംഗി. ഒരു രാവും തികയില്ല അത് വര്‍ണ്ണിക്കാന്‍.

ഭയകൊണ്ട് സ്ത്രീ കരച്ചിലിന്റെ വക്കോളമെത്തിയിരിക്കുന്നു. ഇനിയും വൈകികൂടാ. 

മജീദ് മഴയെ പറ്റിയുള്ള ഒരു കവിത മെനഞ്ഞെടുത്തു. അയാൾ ഒരു  വികട നിമിഷകവിയായി.!

ഓരോരോ തുള്ളിയും ഓരോരോ തുള്ളിയും 
കണ്ണീരായ്  പെയ്യുന്നു ഓരോരോ തുള്ളികൾ
ആകാശ  പൗരന്റെ പ്രണയമീ തുള്ളികൾ
പെയ്യുന്നു  പെയ്യുന്നു ഓരോരോ തൂള്ളികൾ
ആകാശ  പൗരന്റെ കണ്ണുനീർ തുള്ളികൾ.

അയാൾ ചെറുതായൊന്നു വരികൾ മൂളി. 

പെട്ടന്നു അവളുടെ മൊബിൽ റിംഗ് ചെയ്തു. ഒരു നിമിഷം പോലും പാഴാക്കാതെ. അവൾ സംസാരിക്കാൻ തുടങ്ങി.

" രമേശ്.. എന്താ ?ന്താ വൈകുന്നതു ? എനിക്കു ഭയമാകുന്നു "

മറു വശത്തു , രമേശ് : 

"സുഭി... ഈ ചാപ്റ്റർ നമ്മൾ അടച്ചതാണ്.. എനിക്കു എന്റെ വഴി നിനക്കു നിന്റെയും.."

സ്ത്രീ ഇടക്കു കയറി പറഞ്ഞു :  

"രമേശ്..  രമേശിനു വേണ്ടിയാണ് ഞാൻ എല്ലാം ഉപേക്ഷിച്ചതു.., എന്റെ കുടുംബം.. എന്റെ ഭർത്തവിനെ.. എന്റെ മക്കളെ.. അവരുടെ അഭിമാനത്തെ.. എല്ലാം ഉപേക്ഷിച്ചിട്ടാണ് ഞാൻ വന്നതു.. എനിക്കു തിരിച്ചു പോകാൻ ഇടമില്ല. രമേശ്.. പ്ലീസ് . രമേശില്ലെങ്കിൽ എനിക്കു മരിക്കേണ്ടിവരും.."

രമേശ് : "ഇനഫ്... ഞാൻ പറഞ്ഞോ ഇറങ്ങിവരാൻ... ഞാൻ പറഞ്ഞോ ??.. പ്ലീസ് എന്നെ ഉപദ്രവിക്കരുത്... സുഭീ.. എനിക്കു രണ്ട് പെങ്കുട്ട്യോളാ. പ്ലീസ് സുഭി... സുഭി ഇനി എന്നെ വിളിക്കരുത്. സുഭി വിളിച്ചാലും ഞാൻ എടുക്കില്ലാ.. ലീവ് മി എലോൺ.. ഗൂഡ് ബയ്.. സുഭി ഗുഡ് ബയ്"

അയാൾ സ്തബ്ധനായി പോയി. കവിതയുടെ വരികൾ മുഴുവനും മറന്നുപോയി. ആ സ്ത്രീയുടെ മനസ്സിൽ ഒരു പേമാരി പെയ്യുന്നതു അറിഞ്ഞില്ലല്ലോ ഒരു നിമിഷം പോലും..!

സ്ത്രീ അലമുറയിട്ടു കരഞ്ഞുകൊണ്ട് മതിലിൽ ചാരിനിന്നു. മഴയേക്കാൾ ഘോരമായ കരച്ചിൽ.., 

ജീവിതത്തിൽ എല്ലാം അർത്ഥശൂന്യമാണെന്നു അയാൾക്കു തോന്നി. മഴയും വെയിലും കരയും കടലും മരങ്ങളും അങ്ങനെ എല്ലാമെല്ലാം പാഴ്‌വസ്തുക്കളാണെന്നു തോന്നി.  മനുഷ്യനെന്ന പാഴ്‌വസ്തുവിനു ജീവിക്കാനുള്ള മറ്റൊരു പാഴ്‌വസ്തുവാണു ഈ ലോകം.!

മജീദിനു സ്ത്രീയെ ആശ്വസിപ്പികണമെന്നു തോന്നി. അയാൾ ധൈര്യം സംഭരിച്ച് സംശായത്തോടെ ആ സ്ത്രീയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു " ഈ മഴ കണ്ടില്ലേ..  ഇതും കണ്ണുനീരാണ്... വിങ്ങിപൊട്ടി ഒലിച്ചു വരുന്ന ആകാശ മനുഷ്യന്റെ കണ്ണുനീർ.. ആത്മാവുകൾ കുടിയിരികുന്ന ആകാശം.. അവരുടെ കണ്ണുകളിലെ ചോരയാണിതു,,! കഞ്ഞോളൂ... മതിയാവോളം കരഞ്ഞോളൂ.. മഴയില്‍ അലിഞ്ഞുചേരാത്ത ഒരു പാപകറയും മനുഷ്യര്‍കില്ല... , "

ആശ്വസിപ്പിച്ചുവെങ്കിലും അയാള്‍ക്കറിയാമായിരുന്നു മരണമല്ലാതെ മറ്റൊന്നും അവളുടെ ജീവിതത്തില്‍ ശേഷികുന്നില്ലാ. പാപമോ പുണ്യമോ എന്തുതന്നെയായാലും ചില സന്ദര്‍ഭങ്ങളില്‍ മരണം ഒരനിവാര്യതയാണ്.

മഴ വകവയ്ക്കാതെ നടന്നകലാൻ തുടങ്ങിയ മജീദിനെ സുഭി മുറുകെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു. 

"അരുത്.. എന്നെ ഒറ്റക്കക്കിയിട്ട് പോകരുത്. ഈ രാത്രി..ഈ ഒരൊറ്റ രാത്രി എനിക്കൊപ്പം നിൽക്കാമോ? എനിക്കു മഴയെ പേടിയണ്.., മരിക്കാനും "

മഴയും രാത്രിയും അസാധാരണാം വിധം കനത്തിരുനുന്നു. മഴയെവിടെ ഇരുട്ടെവിടെയെന്നു തിരിച്ചറിയാനാകുന്നില്ല. മഴയുടെ സാനിദ്ധ്യം ശബ്ദത്തിൽ മാത്രമായിരിക്കുന്നു. രാത്രിമഴ അങ്ങനെയാണ്. ഇരുട്ടും മഴയും. അവ രണ്ടല്ല. ഒന്നാണ്. വേർതിരിക്കാൻ പറ്റാതെ ഒന്നു ചേർന്നവർ. രാത്രിമഴ.

കാലം മുന്നോട്ടു സഞ്ചരിക്കും തോറും മജീദും സുഭിയും രാത്രിമഴപോലെ കൂടുതൽ കൂടുതൽ ഇഴുകി ഒന്നായി ചേർന്നു.

2012 സെപ്റ്റംബർ 23, ഞായറാഴ്‌ച

മഞ്ഞ്

മഞ്ഞുകാലം പോയ്മറഞ്ഞുവെങ്കിലും
മഞ്ഞുതുള്ളികള്‍ പെയ്യണമെന്നാശിച്ചു ഞാന്‍ .....,

കാലൊച്ചക്കായ് കാതോര്‍ത്തിരുന്നു ഞാന്‍
അവള്‍ വരുകയില്ലെന്നരിയാമായിരുന്നെകിലും

ഇണ പ്രാവുകള്‍ പറാവുനിന്ന  അഴികള്‍ക്കപ്പുറം
കണ്ടു ഞാന്‍ നീലയില്‍ ജ്വലിച്ച ചതുരാകാശം

സായന്തനം ദൂരെയല്ലന്നു  അറിയുന്നു  പ്രിയതമേ
സായന്തനമോ മേഘം സൂര്യനെ മറച്ചതോ?

തൊണ്ടയില്‍ കുറുകിയ കഫം തുപ്പുവാനകാതെ
മെല്ലെ തിരിയുന്ന പങ്കയില്‍ നോക്കി ഞാന്‍....

മണ്ണിന്‍ ഇരുട്ടിലോ ചിരട്ടകനലിന്‍ ചൂടിലോ,
എവിടെയെങ്കിലും  ആശിക്കുന്നു ഞാന്‍ ഇളംമഞ്ഞിന്‍ തണുപ്പ് 

2012 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

ഒരു കൂതറ പ്രണയകഥ




അവളെ ആദ്യമായി കണ്ട ദിവസം മുതലാണ്‌ അവന്‍ ഡയറി എഴുതാന്‍ തുടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍  പ്രീ ഡിഗ്രി  ക്ലാസ്സ്‌ തുടങ്ങിയ ദിവസം, സെപ്റ്റംബര്‍ 1 .

ഉള്ളില്‍ തിങ്ങികൂടിയതെന്തോ വിങ്ങി പൊട്ടുമെന്ന് തോന്നിയപ്പോള്‍ , ഒരു പഴയ എഴുതീരാത്ത നോട്ട് ബുക്കിന്റെ അവസാന പേജില്‍ നിന്ന് അവന്‍ എഴുതി തുടങ്ങി

" തിയതി സെപ്റ്റംബര്‍ 1 , സമയം രാത്രി 11 :30
പുറത്തു നല്ല മഴയുണ്ട് ...ഉച്ചയോടടുതാണ് മഴ തുടങ്ങിയതു . പിന്നീടു തോര്‍ന്നിട്ടില്ല . മഴ തുടങ്ങുന്നതിനു അല്പം മുന്‍പാണ് അവളെ  ആദ്യമായി കണ്ടത് ..സീബ്ര വരകളുള്ള ഒരു ഫ്രോക്ക് ആയിരുന്നു അലളുടെ വേഷം ......
എന്താണെന്നു അറിയില്ല മനസ്സില്‍ ഇരുണ്ടു കൂടിയ കാര്‍മേഘം പെയ്യാന്‍ പറ്റാതെ വേദനികുന്നത്  പോലെ "

മനസ്സില്‍ ഉള്ളതു മുഴുവന്‍ എഴുതാന്‍ കഴിഞ്ഞില്ലെകിലും അവനു വല്ലാത്ത ആശ്വാസം തോന്നി..

മനുഷ്യര്‍ക്ക് അങ്ങനെയാണ് അധികമായതു പുറം തള്ളുമ്പോള്‍ ഒരു സുഖം കിട്ടുന്നു. ആഹ്ലാദം വരുമ്പോള്‍ ആളുകള്‍ പാടുകയും നൃത്തം വയ്കുകയും ചെയ്യുന്നത് കണ്ടിട്ടിലെ ?

മനസിന്‌ തങ്ങാവുന്നതിലധികമുള്ളത് വിസര്‍ജിച്ചു സന്തുലനം നേടുന്ന സുഖമാ‌ണത്..

ദുഃഖം വരുമ്പോള്‍ കരയുകയും ദേഷ്യപെടുകയും ചെയുന്നതു അതുകൊണ്ട് തന്നെ ആയിരികണം ..

ഡയറി എഴുതുബോള്‍ അവനും അത്തരത്തില്‍ ഒരു സുഖം അനുഭവിച്ചിരുന്നു... കനത്തിരുണ്ട കാര്‍മേഘങ്ങള്‍ പെയ്തിരങ്ങുന്നതുപോലെ...അവന്‍റെ  ജീവശക്തി പ്രപഞ്ചതിനോട് തുലനം ചെയ്യുന്നതായി  അവന്‍ അറിഞ്ഞു .

നേര്‍ത്തതും മിനിസവുമുള്ള പേജുകള്‍ നിറയെ അവളെപറ്റി എഴുതി നിറച്ചു
അവളെ കുറച്ചു എഴുതിയതിലും  കൂടുതല്‍ അവന്‍ പ്രണയത്തെ പറ്റിയാണ് എഴുതിയിരുന്നത്. ബാക്കി വന്ന താളുകളില്‍ എഴുതാന്‍ വാക്കുകള്‍ കിട്ടാതെ വരുമ്പോള്‍  കൈവിരലില്‍ കോമ്പസുകൊണ്ട്കുത്തി എടുത്ത ചോരകൊണ്ട് അവളുടെ പേരെഴുതി വയ്കുമായിരുന്നു. 


അങ്ങനെ രണ്ടു വര്‍ഷങ്ങള്‍ ..

ഈ രണ്ടു വര്‍ഷവും അവര്‍ ഒരുമിച്ചു ഒരു ക്ലാസ്സില്‍ ആയിരുന്നു ..പക്ഷെ അവര്‍ ഒരികല്‍പോലും സംസാരികുകയോ,  കൂട്ട് കൂടുകയോ ചെയ്തില്ല ....

മൌനത്തിനു ചിലപ്പോള്‍ ആയിരം വാക്കുകളേക്കാള്‍ ശക്തി ഉണ്ടാകുമെന്ന് പറയുന്നത് ശരിയാണ് ... വാക്കുകളുടെ സഹായമില്ലാതെ തന്നെ എത്രയോ തവണ അവര്‍ സംസാരിച്ചിരിക്കുന്നു.

കാലം പറയാത്ത കഥകളുണ്ടോ ?

ഒടുവില്‍ എക്സാം കഴിഞ്ഞ പിരിഞ്ഞു പോകുന്ന ദിവസം അവള്‍ ഓട്ടോഗ്രാഫ് അവനു മുന്‍പില്‍ വച്ച് നീട്ടി ...

'രണ്ടു ഡയറികല്‍ മുഴുവനും അവളെ പറ്റിയാണ് അവന്‍ എഴുതിയത്, എന്നിട്ടും ചെറിയൊരു പേപ്പറില്‍ എന്തെഴുതുമെന്നോര്‍ത്തു അവന്‍ അസ്വസ്ഥനായി.

വാക്കുകള്‍ കിട്ടാത്തപ്പോള്‍ ചെയ്യുന്നത് പോലെ ചോരകൊണ്ട് പേരെഴുതി കൊടുത്താലോ??


ഒടുവില്‍ സെപ്റ്റംബര്‍ 1-ആം തിയതിയിലെ പേജില്‍ അവന്‍ എഴുതി

"ജന്മദിനാശംസകള്‍"

നേര്‍ത്ത മുനയുള്ള ഒരു ജെല്‍ പെനകൊണ്ടായിരുന്നു എഴുതിയതു


അവള്കതൊരു അത്ഭുതമായിരുന്നു.. അവളുടെ ജന്മദിനം എന്നാണെന്ന് അവള്‍ ആരോടും പറഞ്ഞിട്ടില്ല..അവള്‍ അതാഘോഷികാറുമില്ല ...


അന്ന് തന്നെയണ് അവളുടെ അമ്മ മരിച്ചതും.

മറുപടി ഓടോഗ്രഫില്‍ അവള്‍ എഴുതി..

"വലിയോരാളാകുമ്പോള്‍ എന്നെ എല്ലാം മറന്നു പോകുമായിരികും അല്ലെ?
പിന്നെ എന്‍റെ ബര്ത്ഡേ ഡേറ്റ് എങ്ങനെ അറിഞ്ഞു?"

രണ്ടു ചെറിയ ചോദ്യങ്ങള്‍ ..

അവന്റെ ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ട് അന്തരീക്ഷത്തിലേയ്ക് പൊങ്ങി പോകുന്നതുപോലെ  അവനു  തോന്നി. ചോദ്യങ്ങള്‍ അപ്രസക്തവും ശബ്ദങ്ങള്‍ പ്രസക്തവുമായിരുനു. അതിനാല്‍ ആ ചോദ്യങ്ങള്‍ക്ക് അവന്‍ മൌനംകൊണ്ട് മറുപടി പറഞ്ഞു.

പിന്നീട് അഞ്ചു വര്‍ഷങ്ങള്‍ക് ശേഷമായിരുന്നു അയാള്‍ അവളെ കണ്ടത്...

ഈ കാലമത്രയും അയാള്‍ ആ നഗരത്തില്‍ അവളെ തിരഞ്ഞുകൊണ്ടിരികുകയായിരുന്നു ...

സായാഹ്നങ്ങളില്‍ ബീച്ചിലും പാര്കുകളിലും തിങ്ങിനിറയുന്ന ആള്‍ക്കൂട്ടത്തില്‍...


അവിചാരിതമായി കണ്ടുമുട്ടുന്ന പഴയ സുഹൃത്തുക്കളോട്...    

ആര്‍കും അറിയുകയില്ലയിരുന്നു...

അങ്ങനെ ഒരാള്‍ ജീവിചിരുന്നിടുണ്ടോ എന്ന് പോലും അയാള്‍ക് സംശയമായി..

മറ്റു നഗരങ്ങളില്‍ നല്ല ജോലി കിട്ടുമായിരുന്നിട്ടും അവള്‍ ഉള്ള ആ നഗരം വിട്ട് അയാള്‍ എങ്ങോട്ടും പോയില്ല ..

അവളെ കാണുമ്പോള്‍ പറയേണ്ട ഡയലോഗുകള്‍ അയാള്‍ പലവട്ടം മനസ്സില്‍ പറഞ്ഞു ഉറപ്പിച്ചിരുന്നു. അപ്പോള്‍ മുഖത്ത്ണ്ടാകേണ്ട ഭാവം.. ശരീര ചലങ്ങള്‍ അങ്ങനെ എല്ലാം അയാള്‍ പലവുരു കണ്ണാടിയില്‍ നോക്കി പരിശീലിചിട്ടുണ്ടായിരുന്നു. കാലങ്ങള്‍ അകഴിഞ്ഞിട്ടും അയാളുടെ അകക്കണ്ണ് വിശ്രമമില്ലാതെ അവളെ തിരഞ്ഞുകൊണ്ടേ ഇരുന്നു. 


***

പ്ലട്ഫോര്മില്‍ തണല്‍ മരങ്ങളുള്ള തിരക് കുറഞ്ഞ ഒരു റെയില്‍വേ സ്റ്റേഷനായിരുന്നു അത്..

നല്ല മഴ ഉണ്ടായിരുന്നു .
.
കഷണ്ടി കയറി കൊറച്ചു കുടവയറുള്ള ഒരാളായിരുന്നു അവളുടെ ഭര്‍ത്താവ്.

കല്യാണം കഴിഞ്ഞിട് അധികം ദിവസമായിട്ടില്ലന്നു തോന്നുന്നു..കല്യണ പെണ്ണിന്റെ  വേഷത്തിലായിരുന്നു അവള്‍ ...

കാഴ്ചകള്‍ മറച്ചു വയ്ക്കുന്ന നഗരവീഥികളിലെ വളവുകള്‍ക്കപ്പുറം അല്പം കൂടി ദൂരെ നടന്നു ചെന്ന് അവന്‍ ആരെയാണോ തേടിയത്‌, അവള്‍ ശീല്കാരതോടെ ഒഴുകി പോകുന്ന മഴവെള്ളത്തില്‍ കണ്ണുകള്‍ നാട്ടുകൊണ്ട് പ്ലട്ഫോര്മിലെ സിമെന്റ് ബെഞ്ചില്‍ ഇരിക്കുന്നു......

തലച്ചോറില്‍ അനേകായിരം ശബ്ദങ്ങള്‍ ഒരുമിച്ചു വന്നു..അവളെ തിരഞ്ഞു നടന്ന വഴികളിലെ ഇരമ്പി പാഞ്ഞ വണ്ടികളുടെ ഹോണ്‍..ചിന്നം വിളിക്കുന്ന തീവണ്ടി..ചില്ല് പൊട്ടുന്ന ശബ്ദം കടലിന്റെ ഇരമ്പം. അങ്ങനെ ഒരായിരം ശബ്ദങ്ങള്‍. അത് നിശബ്ദമായ മനസിന്റെ ഭിത്തികള്‍ ഇടിച്ചു പ്രാണവേദന കാണിച്ചു. 


പെരുംപാമ്പിനെ പോലെ തീവണ്ടി ഇഴഞ്ഞു വന്നു.

മഴതുള്ളികള്‍ പറ്റിപിടിച്ചിരുന്ന ചില്ല് ജാലകത്തിലൂടെ അവള്‍ അയാളെ കണ്ടിരുന്നുവോ?

കണ്ണാടി ചില്ലുകളില്‍ പറ്റിപിടിച്ചിരുന്ന ജലബാശ്പങ്ങള്‍ ഒരു ഫോക്കസ് തെറ്റിയ ക്യാമറ പോലെ അവളെ അയാളുടെ കണ്ണുകളില്‍നിന്ന് മായ്ച്ചു കളഞ്ഞിരുന്നു..

മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് അയാള്‍ കണ്ണാടി വയ്ച്ചത്‌.......

ഒരുപക്ഷെ കണ്ണാടി വച്ചിരുന്നതിനാല്‍ അവള്‍ അയാളെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ ?

മഴ പിന്നെയും ശക്തമായി . 

അയാള്‍ ഉച്ചത്തില്‍ ഒന്ന് അലരുകയുണ്ടായി. 


ശബ്ദമായി ഊര്‍ജം പുറത്തു പോയപ്പോള്‍ അയാള്‍ക്ക് വല്ലാത്തൊരു ആശ്വാസം കിട്ടി.


അയാള്‍ പിന്നെയും പിന്നെയും ഉച്ചത്തില്‍ അലറി. അയാളുടെ  ജീവശക്തി പ്രപഞ്ചതിനോടെ സമരസപെട്ടു...

പിന്നീടൊരിക്കലും അയാള്‍ ഡയറികല്‍ എഴുതിയില്ല.

പ്രണയം വിസര്‍ജിച്ചുണ്ടായ ഡയറികല്‍ തന്‍റെ ഭീരുത്വത്തിന്‍റെ കൈയൊപ്പുകള്‍ അയാള്‍ കണ്ടു...

കടലരികതുള്ള ഒരു പാറക്കൂട്ടത്തിനിടയില്‍ ആ ഭീരുത്വത്തെ കൂട്ടിയിട്ടു കത്തിച്ചു. 

.കനലുകളില്‍നിന്നു സിഗരറ്റിനു തീ കൊളുത്തി, നെജ്ജാംകൂട് നിറയെ പുകയെടുത്തു ... 

ആഹ്ലാദവും ദുഖത്തിനും ഇടയിലെവിടെയോഉള്ള ആത്മസംതൃപ്തിയില്‍ അയാള്‍ കണ്ണുകളടച്ചു ......

*********