2017, ജൂലൈ 5, ബുധനാഴ്‌ച

ഹവ്വ

"

പ്രിയപ്പെട്ട അഹമദിനു ,

ഇത് ഞാനാണ്. ശാരോൺ, നിന്റെ കൂട്ടുകാരി.

നിനക്ക് ഇങ്ങനെ എഴുതണമെന്നോ എഴുതേണ്ടി വരുമെന്നോ  കരുതിയതല്ല. ആദ്യമായിട്ടാണ്  കത്തെഴുതുന്നത്. ഇതുതന്നെയാകാം അവസാനത്തേതും. പഴയ ഡയറിയിലെ വിലാസത്തില്‍ അയച്ചാല്‍ ഈ കത്ത് നിന്നിലെത്തുമോ എന്ന് ഉറപ്പില്ല. എങ്കിലും എഴുതുകയാണ്. ചില കടങ്ങള്‍ ബാക്കിവയ്ക്കാനാകില്ലല്ലോ.

ഇന്ന് , അല്പം മുൻപ് ഞാന്‍ ഒരു തീരുമാനമെടുത്തു. ഈ കത്ത് നിന്നെ തേടിയെത്തും മുൻപേ അത്  എന്താണെന്നു നീ അറിഞ്ഞേക്കാം. പെണ്ണിന് എന്ത് പറ്റി എന്ന് തലയിൽ കൈവച്ചു ആലോചിച്ചു നിൽക്കുമ്പോഴാകും കത്ത് നിന്നിലേക്ക്‌ എത്തുക. അപ്പോള്‍ നിന്റെ വെള്ളാരം കണ്ണുകള്‍ അത്ഭുതത്താൽ വിടർന്നു  തിളങ്ങുന്നത്  ഭൂതകാലത്തിലെ ഈ അരണ്ട വെളിച്ചമുള്ള മുറിയിലിരുന്നു എനിക്ക് കാണാനാകുന്നുണ്ട്.

ഫിലിപ്പ്.

അവനാണ് പറഞ്ഞത്. സുഹൃത്തിന്റെ  ഫ്ലാറ്റ് ആണെന്നും ആരെയും പേടിക്കേണ്ടന്നുമെല്ലാം. അവനു ഹോട്ടലുകളില്‍ മുറിയെടുക്കാനുള്ള ധൈര്യം പോരായിരുന്നു. കൂരിരുട്ടിലും തെളിമയോടെ കാഴ്ചകള്‍ ഒപ്പിയെടുക്കുന്ന ക്യാമറകളുണ്ട്. ആരെ വിശ്വസിക്കും ? കുറേ റിക്വസ്റ്റ് ചെയ്തിട്ടാണ് ഫ്ലാറ്റ് കിട്ടിയത്. അതും ഒറ്റ ദിവസത്തേക്ക് മാത്രം. ഫിലിപ്പ് ആരാണെന്ന് അറിയാമോ ? നീ എന്നോടു പ്രണയം പറഞ്ഞതിനും പത്തു കൊല്ലത്തോളം കഴിഞ്ഞിട്ടാണ് ഫിലിപ്പിനെ കാണുന്നത്. നിന്നെ പോലെ അഞ്ചാം ക്ലാസ് മുതല്‍ പ്രീഡിഗ്രീ പരീക്ഷ തീരും വരെ നീളത്തില്‍ അവന്‍ കാത്തിരുന്നതൊന്നുമില്ല. ആദ്യദിനം തന്നെ ഫിലിപ്പ് പ്രണയം തുറന്നു പറഞ്ഞു. കുശുമ്പ് തോന്നുകയില്ലെങ്കില്‍ ഒന്ന് പറയട്ടെ ഇക്കാര്യത്തില്‍ അവന്‍ നിന്നെക്കാളും ധൈര്യശാലിയാണ് !

അന്നു വൈകുന്നേരത്തേ ട്രെയിനില്‍ വീട്ടില്‍ പോകാനിരുന്നതാണ് . ഒറ്റ രാത്രിയുടെ നീളമേ വീട്ടിലേക്കുള്ളൂ എങ്കിലും പോയിട്ട് നാലുമാസത്തോളമായിരുന്നു.

ഈ ആഴ്ചകൂടി പോയില്ലെങ്കില്‍ എബിമോന്‍ പിണങ്ങും.  ഞാന്‍ പറഞ്ഞു നോക്കി.

ഫിലിപ്പ് പ്ലാറ്റ്ഫോം വരെ കൂടെ വന്നു. അവന്റെ മുഖത്ത് നിരാശ. പ്രണയം, നിഷേധിക്കാനുള്ള കരുത്തിനെ ഇല്ലായ്മ ചെയ്യുന്ന രോഗമാണല്ലോ. രോഗം എന്നെയും ബാധിച്ചിരുന്നു. നീങ്ങി തുടങ്ങിയ ട്രെയില്‍ നിന്നാണ് ചാടിയിറങ്ങിയത്. നിനക്കറിയാമോ,  ലഗേജിനൊപ്പം ഞാനും ട്രെയിനിൻറെ  അടിയിലേക്ക് വീണു മരിക്കേണ്ടതായിരുന്നു. കഷ്ടിച്ചാണു രക്ഷപ്പെട്ടത്.

പ്രണയം ഇങ്ങനെ ബുദ്ധിഭ്രമം ഉണ്ടാക്കുന്ന ഒന്നാണെന്ന് നീ തന്നെയല്ലേ പറഞ്ഞത്. നിന്റെ വടിവൊത്ത ആ അക്ഷരങ്ങള്‍  ഓർമയിൽ  ഇപ്പോഴുമുണ്ടല്ലോ. നിറം മങ്ങാതെ !!

ഓട്ടോയോ ടാക്സിയോ വിളിച്ചു പോകാനുള്ള ദൂരമുണ്ടായിട്ടും ഫ്‌ളാറ്റ് വരെ നടന്നാണ് പോയത്. തിരക്കുള്ള വഴിയിലൂടെ ചെറുവിരലുകൾ പിണച്ചു പിടിച്ച്, ആൾക്കൂട്ടത്തിൽ അവന്റെ ഗന്ധം മാത്രം ശ്വസിച്ച്, ഇരുട്ട് പരക്കുവോളം നടന്നു.

മുറിയിലെ ഭിത്തിയില്‍ അഞ്ചാറു ഓയില്‍ പെയ്റ്റിങ്സ്  തൂക്കിയിട്ടിരുന്നു. അതിലൊന്ന് നഗ്നതകള്‍ തന്ത്രപൂർവം മറച്ചുവച്ച ആദമിന്റെയും ഹവ്വയുടെയുമായിരുന്നു.  പെയ്റ്റിങ്സില്‍ നോക്കിനില്ക്കവേ  വെറുതേ കുട്ടിക്കാലം ഓർമവന്നു.  സണ്ടേ സ്കൂളില്‍ ആദത്തിന്റെയും ഹവ്വയുടേയും അദ്ധ്യായത്തില്‍ നഗ്നയായ ഹവ്വയെ പറ്റി പറയുമ്പോള്‍ കുട്ടികള്‍കിടയില്‍ ചിരി പടരും. എന്തിനാണ് എന്നൊന്നും അറിയില്ല. ചിരി ആരില്‍ നിന്നോ തുടങ്ങി എല്ലാവരിലേക്കും പടരും.

നിത്യ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന വികാരിയച്ചന്‍ പറയും.

എന്തിനിത്ര ചിരിക്കുന്നു . നിങ്ങളെ പോലെ അവരും നാണിച്ചിരുന്നേല്‍ നമ്മളൊന്നും ഉണ്ടാകത്തില്ലായിരുന്നു. അറിയാമോ ?

നിനക്ക് മനസ്സിലാകുന്നുണ്ടോ ? ആദവും ഹവ്വയും. രണ്ടു പേര്‍ ചേര്ന്നാല്‍ സമൂഹമാകില്ലല്ലോ. മൂന്നാമന്‍ വരുമ്പോഴല്ലേ സമൂഹമുണ്ടാകുന്നത്. നഗ്നത വിലക്കിയത് സമൂഹമല്ലേ.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍  ഞാന്‍ ഒരു ദുസ്വപ്നം കണ്ടു. കൃത്യമായി പറഞ്ഞാല്‍ മുതിര്ന്ന കുട്ടികളുടെ ഒപ്പം ഫുഡ്‌ബോള്‍ കളിച്ചു വീണു നീ ആശുപത്രിയിലായില്ലേ. അതിന്റെ തലേരാത്രിയില്‍.  ദുസ്വപ്നം എന്തായിരുന്നു എന്നല്ലേ ? നമ്മുടെ കവലയില്‍ വച്ചു ഞാന്‍ നഗനയായ് പോയന്ന്. എല്ലാവരും എന്നെ തന്നെ തുറിച്ചു നോക്കുന്നു. ശകാരിക്കുന്നു. ആഭാസത്തോടെ അടുക്കുന്നു. ചുറ്റും കോലമാടുന്നു. അലറി വിളിച്ചത് കേട്ട് പപ്പയും മമ്മിയും ഓടി മുറിയില്‍ വന്നു. എബിമോന് മൂന്നു വയസേ ഉണ്ടായിരുന്നുളൂ. പാവം, അവനും ഞെട്ടി ഉണർന്നു പോയി.

നമ്മുടെ ക്ലാസിലെ നീതുവിനെയും ഗ്രീഷ്മയെയും സിസിലിയെയെയുമെല്ലാം നിനക്ക് ഓർമയുണ്ടോ ? അവരും ഇത് പോലത്തെ സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. നീതു കൈപത്തികൊണ്ടാണ് നഗ്നത മറച്ചത്. ഗ്രീഷ്മ ഒരു ഇലക്ട്രിക് പോസ്റ്റുകൊണ്ടും. സിസിലി മറയൊന്നും കിട്ടാതെ കവലകളെ ബന്ധിപ്പിക്കുന്ന പാലത്തില്‍ നിന്നും നമ്മുടെ പുഴയിലേക്ക് ചാടി. പിന്നെ വെള്ളത്തില്‍ മുങ്ങി മരിച്ചു .

സിസിലി അവളുടെ കോലന്‍ മുടി ഇളക്കി ചോദിക്കുന്നത് ഇപ്പോഴും ഓർമയിൽ കാണാം.

പെങ്കുട്ട്യോൾ  മാത്രേ  ഇജാതി സ്വപ്നം കാണൂ, ആണ്കുട്ടിക്കള്‍ കാണില്ലേ ?

നീ എന്താണ് പ്രണയം നേരത്തെ തുറന്നു പറയാതിരുന്നത്. പറഞ്ഞിരുന്നേല്‍ ഈ സംശയങ്ങളെല്ലാം അന്നേ  നിന്നോടു ചോദിച്ചേനേ!.  ഇൻറ്റർവെല്ലിനു  ഇതെല്ലാം പറഞ്ഞു ഇരിക്കുമ്പോഴാണ് നെറ്റി പൊട്ടി ചോര ഒലിക്കുന്ന നിന്നെ താങ്ങി കൊണ്ട് അവരെല്ലാം ക്ലാസ് മുറിയിലേക്ക് വന്നത്.

അന്ന്,ആ ഫ്‌ളാറ്റിലെ മുറിയില്‍ സിസിലിയുടെ സംശയം ശബ്ദിച്ചു. 

ഫിലിപ്പാണ് പറഞ്ഞത്

ആണ്കുട്ടികള്‍ അങ്ങനെ സ്വപ്നം കാണാന്‍ വഴിയില്ല.

ഉറപ്പായും

ഇല്ല. കാണില്ല. ഉറപ്പു

വസ്ത്രത്താല്‍ മറഞ്ഞു പോയത് ആരുടെ സ്വത്വമാണ്‌ ? എന്റെയോ, നിന്റെയോ, അതോ നമ്മുടെയോ.

അഹമദ് , ഇനി നീ പറയൂ. രതി ഇല്ലാതെ പ്രണയം പൂര്ണമാകുമോ. രതി ചിന്തകള്‍ ഉണരാത്ത ഒരു കുട്ടിക്കാലത്ത് നീ എന്നെ പ്രണയിച്ചിരുന്നു എന്നെല്ലാം പറഞ്ഞത് വെറും കളവായിരുന്നോ ?

ആദവും ഹവ്വയും മാത്രം. ഒരു ഫോണ്‍ കോളിന്റെ രൂപത്തില്‍ പോലും മൂന്നാമതൊരാള്‍ വന്നില്ല. രാവിലെ മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ എബിമോന്റെ കുറെ മിസ്സ്‌ കോളും മെസ്സേജും.

എന്താണ് ഇപ്പോള്‍ ആലോചിക്കുന്നത് ? പ്രണയം പറഞ്ഞപ്പോള്‍ നാണിച്ചോടിയ ആ പാവം പെണ്കുട്ടിയൊന്നുമല്ല ഞാനിപ്പോള്‍. അത് മനസ്സിലായിട്ടുണ്ടാകുമല്ലോ.

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ആളുകളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി. അടക്കം പറയുന്നു. ചിരിക്കുന്നു. അനാവശ്യമായി ശ്രദ്ധിക്കുന്നു.  നിന്നോടു അതെങ്ങനെയാണ്‌ വിശദീകരിക്കുക. ഹോസ്റ്റല്‍ റൂംമേറ്റാണ് വെബ്സൈറ്റ് തുറന്നു  മൊബൈലില്‍ കാട്ടിത്തന്നത്. അവളുടെ ബോയ്‌ഫ്രെണ്ട് അയച്ചു കൊടുത്തതാണാ വെബ്സൈറ്റ് ലിങ്ക് എന്ന കാര്യം അവള്‍ മറച്ചു പിടിച്ചെങ്കിലും എനിക്ക് മനസ്സിലായിരുന്നു.  ആദ്യം വിശ്വസിക്കാനായില്ല. വിശ്വാസം വന്നപ്പോള്‍ മരിക്കാനാണു തോന്നിയത്. ഫിലിപ്പ്  രാജി വച്ചു എങ്ങോട്ടൊ പോയെന്നു അറിഞ്ഞപ്പോഴാണ് ചതി അറിഞ്ഞത്. അത് കഴിഞ്ഞു അവനെ തിരക്കിയിട്ടുമില്ല. പൊതുനിരത്തില്‍ നഗനയായ പെണ്ണ് എന്തെങ്കിലും തിരഞ്ഞു നടക്കുന്നതെങ്ങനെയാണ്. അതും ഒരാണിനെ ..

ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തില്‍ പിന്നെയും ഓഫീസില്‍ പോയി. അസഹ്യമായിരുന്നു. ചിലര്‍ കളിയാക്കുന്നു. അപരിചിതര്‍ ചിരകാല പരിചിതരെപോലെ  ചിരിക്കുന്നു. യാചിക്കുന്നു. അല്പം കൂടി ധൈര്യമുള്ളവര്‍ നേരിട്ട് ചോദിക്കാനോ അര്‍ത്ഥം വച്ചു  സ്പര്ശിക്കാനോ ശ്രമിക്കുന്നു. ശരീരത്തെ തന്നെ വെറുത്തു പോയി.

അഹമദ് , നീ അറിഞ്ഞിരുന്നോ , ജീവിതം എന്നെ ഇത്രയേറെ വേട്ടയാടിയത് ? ശല്യം സഹിക്കവയ്യാതെ  ആറു മാസം മുൻപ്  ക്യാന്റീനിൽ  വച്ച് ഒരുത്തന്റെ കരണത്ത് അടിക്കേണ്ടി വന്നു. നീ പ്രണയം പറഞ്ഞ ആ പെൺകുട്ടി  ഒരാണിന്റെ മുഖത്ത് ആഞ്ഞടിച്ചുവെന്നു വിശ്വസിക്കാനാകുന്നുണ്ടോ ?. എനിക്ക് ഭയമായിരുന്നു അഹമദ്. പിന്നെ ആ ഓഫീസിലേക്ക് പോയില്ല. മറ്റൊരു ജോലി തപ്പി കണ്ടുപിടിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അവിടെയുമെത്തി മല്ലു ഗേള്‍ ഫ്രെണ്ടിനെ  തിരിച്ചറിഞ്ഞവര്‍. ആ ജോലിയും വിട്ടു.

ഒരു ദിവസം പതിവില്ലാത്ത പരിഭ്രമത്തില്‍ മമ്മി വിളിച്ചു. എബിമോനെ സ്കൂളില്‍ നിന്നും തിരിച്ചു വരുന്ന വഴിയില്‍ ആരോ കളിയാക്കിയത്രേ. പാവം. കുഞ്ഞു ചെറുക്കന്‍ ആണെങ്കിലും അവനുമുണ്ടാകില്ലേ ആത്മാഭിമാനം.  എബിമോന്‍ വീട്ടില്‍ വന്നിട്ട് ആരോടും മിണ്ടുന്നില്ല. കാര്യമെന്തെന്ന് ചോദിച്ചിട്ട് പറയുന്നുമില്ല.  വേറെ എങ്ങോട്ടെങ്കിലും ട്രാൻസ്ഫർ  വാങ്ങി പോകാമെന്ന് നുണ പറഞ്ഞു പപ്പാ എബിമോനെ സമാധാനിപ്പിച്ചുവത്രേ.

അഹമദ്....,എബിമോനും അടച്ചിട്ട മുറിയുടെ ആത്മവിശ്വാസത്തില്‍ പോണ്‍ചിത്രങ്ങള്‍ കാണുന്നുണ്ടാകുമോ ?

രണ്ടു ദിവസം കഴിഞ്ഞു മമ്മി പിന്നേയും വിളിച്ചു . പപ്പയും മമ്മിയും അറിഞ്ഞിരിക്കുന്നു. കൂട്ടത്തോടെ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞു കുറേകരഞ്ഞു. പപ്പാ ജലപാനമില്ലാതെ മുറിയടച്ചു ഇരിപ്പാണ്. എന്നെ ശപിച്ചു , പിന്നെ സ്വയം ശപിച്ചു. മമ്മി നിയന്ത്രണം വിട്ടു ശകാരിക്കവേ ഞാനാണ് കോള്‍ മുറിച്ചുകളഞ്ഞത്. മാസങ്ങൾ കുറേ കഴിഞ്ഞു. പിന്നീട് വീട്ടിലേക്ക് വിളിച്ചിട്ടില്ല. ആരും അന്വേഷിച്ചതും ഇല്ല. ട്രാൻസ്ഫർ വാങ്ങി എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകാം. മരണത്തെക്കാൾ എന്തുകൊണ്ടും ഉത്തമമാണ് പലായനം.അതല്ലാതെ എന്താണ് പപ്പക്ക് ചെയ്യാനാവുക. ആത്മാഭിമാനം നിസ്സഹായകതയെ ന്യയീകരിച്ചിട്ടുണ്ടാകാം.                                                                                                                                                                                                                                                                                            
ചേക്കേറാന്‍ ചില്ലകള്‍ ഇല്ലാത്ത പക്ഷികളാണ് ദേശാടനപക്ഷികളാകുന്നത്. അല്ലെ ? എനിക്കങ്ങനെ തോന്നുന്നു. അനാഥത്വം നിസ്സഹായതയുടെ പരിണിതഫലം ആണല്ലോ.

പന്ത്രണ്ടു മാസങ്ങൾക്കിടയിലെ  നാലാമത്തെ ജോലിയും സ്ഥലവുമാണ്‌. ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് ആരും എന്നെ തിരിച്ചറിയാതിരിക്കാന്‍ നിന്റെ ഉമ്മിയും പെങ്ങളും ധരിക്കുന്നത് പോലുള്ള പര്ദ്ദ ഇട്ടാണ് ഓഫീസില്‍ പോകുന്നത്. രണ്ടു മാസത്തോളം . ഇന്നലെ വരെ എന്നെ ആരും തിരിച്ചറിഞ്ഞില്ല.

പക്ഷെ.

എബിമോനെ പോലെ കണ്ണട വച്ച ഒരു സ്കൂള്‍ കുട്ടിയായിരുന്നു അവന്‍. എബി മോനെക്കാളും  പൊടി പൊക്കമുണ്ടാകും. രാവിലെ ജോലിക്കിറങ്ങുമ്പോള്‍ അവന്‍ ഗേറ്റിനു വെളിയില്‍ നില്പ്പുണ്ടായിരുന്നു. സ്കൂള്‍ യൂണിഫോമില്‍ . ബാഗെല്ലാം കൂടെയുണ്ട്. ഓഫീസ് വരെ ഒന്നും മിണ്ടാതെ പിറകെ നടന്നു. പിന്നെ മുഴുവന്‍ ദിവസവും  ഓഫീസിന്റെ താഴെയായി നിൽപ്പ്. തിരിച്ചു വീട്ടിലേക്കുള്ള വഴിയിലും അവനുണ്ടായിരുന്നു. ഗേറ്റിനു വെളിയില്‍ വച്ചു പേടിപ്പിച്ചു നോക്കി. തല്ലാന്‍ കൈയോങ്ങി. അവന്‍ പോയില്ല. രാത്രി മുഴുവനും ഉണ്ടായിരുന്നിരിക്കണം. വെളുപ്പിനെ ജനൽ തുറന്നു നോക്കിയപ്പോൾ കണ്ടത് ഗേറ്റിൽ ചാരി ഉറങ്ങിപ്പോയവനെയാണ്. അഹമദ്..., ആ ചെറുക്കന്‍ അല്പം മുൻപ് വരെ ഇവിടെ എന്റെയൊപ്പമുണ്ടായിരുന്നു. അവന്‍ ഇറങ്ങിപോയപ്പോള്‍  ഇവിടമാകെ വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുന്നു.

മരണസമാനമായ ഈ ശൂന്യതയിലെ ഏകതയില്‍  ദുഖിതയും പരാജിതയുമായ പോലെ. അവനിന്നായിരുന്നു ആദ്യം. ഇന്ന് എന്റെ ദിവസവുമായിരുന്നു. ചുമപ്പെന്നാല്‍ വെറും നിറം മാത്രമല്ല അതിനു രൂക്ഷഗന്ധവുമുണ്ടെന്ന സത്യം അവന്‍ ഇന്നാണ് അറിഞ്ഞത്. പാപബോധത്താല്‍ അവന്‍ ആദ്യമായ് കരഞ്ഞതും അല്പം മുന്‍പാണ്.

പ്രണയമില്ലാതെ രതി പൂർണമാകുമോ? കരയട്ടെ. ദുഃഖം അവനെ സത്യത്തിലേക്ക് നയിക്കും.

ഇനി പറയൂ. പത്താം ക്ലാസിലെ അവസാന പരീക്ഷ കഴിഞ്ഞു മടങ്ങവേ ഇടവഴിയില്‍ വച്ചു നിന്റെ പ്രേമലേഖനം വാങ്ങി പേടിച്ചോടിയ ആ പെണ്കുട്ടിയില്‍ നിന്നും ഞാന്‍ എത്രയോ മാറിപോയ്. അല്ലെ ?  ധൈര്യശാലിയും തന്റേടിയുമെല്ലാം ആയതുപോലെ.  

സ്‌ക്കൂള്‍ എക്സ്കര്‍ഷന് കടലില്‍ ഇറങ്ങി കുളിച്ചു വസ്ത്രം നനഞ്ഞൊട്ടി മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോൾ, ചീത്ത കുട്ടികളേ ഇങ്ങനെ പരിസരബോധമില്ലാതെ പെരുമാറൂ എന്നെല്ലാം പറഞ്ഞു  ഉപദേശിച്ചത് ഓര്ക്കുന്നുണ്ടോ ?
കാലം എത്ര കഴിഞ്ഞുവല്ലേ ?

അന്ന് നിന്നോടു ദേഷ്യം തോന്നിയെങ്കിലും എനിക്ക് മനസ്സിലായിരുന്നു നിനക്കെന്നെ  ഇഷ്ടമാണെന്നുള്ള കാര്യം. എനിക്കും ഇഷ്ടമായിരുന്നു. അതെ , അഹമദ്. എനിക്ക് നിന്നോടു പ്രണയമായിരുന്നു. നിനക്ക് ഊഹിക്കാവുന്നതിലും അപ്പുറമായ ആഴത്തില്‍. അതുകൊണ്ടാണ് ആ കത്ത് വിറയോടെ വാങ്ങിയതും, അതേ വിറയലോടെ  ഇപ്പോള്‍  മറുപടി കത്തെഴുതുന്നതും.
വെറുതെ ഒരു കാര്യം ചോദിച്ചോട്ടെ. നിനക്ക് ഇപ്പോഴും എന്നോടു പ്രണയമുണ്ടോ ? കൈകൾ നീട്ടികൊണ്ട്  ഒരു ജീവിതത്തിനായ് യാചിച്ചാൽ നീ എന്നെ സ്വീകരിക്കുമോ ?

കാലം എന്തിനാണ് ഒരു ഇടവേള പോലും തരാതെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നത്, അല്ലേ?. തോല്ക്കുമെന്ന് ഉറപ്പുള്ളപ്പോള്‍ മരിക്കാനും പോരാടണമെന്ന് തോന്നുമ്പോള്‍ അതേയാളായി പുനര്ജനിക്കാനുമുള്ള വരം ദൈവം തന്നിരുന്നെങ്കില്‍ എത്ര ഭംഗിയുള്ളതായേനെ ജീവിതം.

അഹമദ്, നിന്നോട് അവസാനമായ് ഒരു കാര്യം കൂടെ പറയട്ടെ. പാപം ചെയ്യുന്നവരാണു ലോകത്തിന്റെ സൗന്ദര്യം. അവര്‍ ,അവര്‍ മാത്രമാണു ജീവിതം തിരിച്ചറിഞ്ഞവര്‍.

നിന്റെ വിവാഹം കഴിഞ്ഞതെല്ലാം ഞാൻ അറിഞ്ഞിരുന്നു. സൈറ അല്ലേ. നീയും നിന്റെ ഭാര്യയും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നു കരുത്തട്ടെ. അവൾ വീട്ടിലും പുറത്ത് പോകുമ്പോഴുമെല്ലാം എന്താണ് ധരിക്കുക ? നിന്റെ കുഞ്ഞു ആണ്കുട്ടിയായിരിക്കുമോ എന്നോര്‍ത്തു ഭയം തോന്നുന്നു.

ഇനി ഞാൻ നിർത്തട്ടെ. കവലയില്‍ നല്ല തിരക്കായിട്ടുണ്ടാകും.  തീരുമാനിച്ചതെല്ലാം ചെയ്യണം. പ്രതികാരം താപം  അപ്പോഴേ തണുക്കൂ.

യാത്രപോലും പറയാതെ നിന്നില്‍നിന്നും അകന്നു പോയതല്ല. അതും പലയനമായിരുന്നു. പ്രണയം പങ്കിടാന്‍ ഭയന്നോരുവളുടെ നിസ്സഹായതയോര്‍ത്ത് നീ എന്നോട് ക്ഷമിക്കുമല്ലോ

പ്രണയത്തോടെ

നിന്റെ 

ഷാരോണ്‍


"


നീലമഷിയില്‍  വിലാസമെഴുതിയ കവര്‍ കവലക്ക്‌ നടുവിലെ തപാല്‍ പെട്ടിയില്‍ വീണു.

നഗരത്തിലെ തിരക്കേറിയ കവലകളില്‍ ഒന്നായിരുന്നു അത്. പുരുഷന്മാര്‍, സ്ത്രീകള്‍, വൃദ്ധര്‍, കുട്ടികള്‍ അങ്ങനെ ജനപദം തലങ്ങനെയും വിലങ്ങനെയും ധൃതിയിൽ  പായുന്ന ഒരു കവല. ഇരു വശങ്ങളിലും ഉയരത്തില്‍ കെട്ടിടങ്ങളുണ്ട്. വഴി കച്ചവടക്കാരുണ്ട്. ഒത്ത നടുവില്‍ എന്നോ കാലം ചെയ്തു പോയ വീരരാജാവിന്റെ കുതിരപ്പുറത്തിരിക്കുന്ന പ്രതിമയുമുണ്ട്. എല്ലാം സാക്ഷിനില്‍ക്കേ, നാനാവിധ വസ്ത്രധാരികളായ ആ ജനക്കൂട്ടത്തിലൂടെ അവള്‍ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് നടന്നു. ജനപദം  ഒരു നിമിഷത്തേക്ക് നിശ്ചലമായി. പിന്നെ ഏറ്റവും മൂര്ച്ചയുള്ള കല്ലുകള്‍ പെറുക്കി അവള്ക്കു  നേരെ എറിഞ്ഞു.

എന്നെങ്കിലും ഒരിക്കല്‍ തന്നിലേക്ക് എത്തിച്ചേരാന്‍ പോകുന്ന കത്തിനെ കുറിച്ചറിയാതെ അഹമദ് കാതങ്ങള്‍ ദൂരെ ഒരിടത്തിരുന്ന് തെരുവിലൂടെ നഗ്നയായ്‌ നടക്കുന്ന പെണ്ണിന്റെ വാര്ത്ത  എക്സ്ക്ലൂസീവ് ആയി  ടിവിയില്‍ കാണുകയായിരുന്നു. അയാള്ക്ക്  ഷാരോണിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എങ്കിലും  ഓർമകളുടെ  വലിയ ഭാണ്ഡത്തിലെവിടെയോ അവള്‍ വിങ്ങി.

മുറിയില്‍ വാർത്ത  കണ്ടുകൊണ്ടിരുന്ന മകന്റെ കണ്ണുകള്‍ കൈകള്‍ കൊണ്ട് മറച്ചു പിടിച്ചു അയാള്‍ ചെവിയില്‍ മന്ത്രിച്ചു.

പാപം, പാപം